jagathi-

നടൻ ജഗതി ശ്രീകുമാറിന്റെയും ഭാര്യ ശോഭയുടെയും മുപ്പത്തിയൊമ്പതാം വിവാഹവാർഷികമായിരുന്നു ഇന്ന്. ഈ ദിവസം ഭാര്യയിൽ നിന്നും സ്‌നേഹ ചുംബനം ഏറ്റുവാങ്ങുന്ന ജഗതിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരുമറിയാതെ മകൾ പാർവതി ഷോണാണ് ഈ മനോഹരദൃശ്യം കാമറയിൽ പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കകം ജഗതിയുടെയും ഭാര്യ ശോഭയുടെയും ചിത്രം സോഷ്യൽ മീഡിയ ആഘോഷമാക്കി.

വിവാഹവാർഷികമാണെന്നറിഞ്ഞതോടെ ആരാധകരുടെ പ്രിയങ്കരനായ നടന് ആശംസകളുടെ പ്രവാഹമായിരുന്നു. 'വിവാഹവാർഷികാശംസകൾ.. അമ്മയ്ക്കും അപ്പയ്ക്കും.. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.. ഇവരുടെ മുപ്പത്തിയൊമ്പതാം വിവാഹവാർഷികമായിരുന്നു. ചിത്രം പകർത്തിയത് ഞാൻ തന്നെ. അമ്മ അറിഞ്ഞില്ല.'- പാർവതി ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിലെഴുതി.


2012ൽ മലപ്പുറം ജില്ലയിലെ പാണമ്പ്രയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ശേഷം ചികിത്സയിൽ കഴിയുന്ന ജഗതി വർഷങ്ങളായി അഭിനയരംഗത്തു നിന്നു വിട്ടുനിൽക്കുകയാണ്. ഏഴു വർഷങ്ങള്‍ക്കു ശേഷം അടുത്തിടെ ഒരു പരസ്യത്തിൽ അഭിനയിച്ചത് വാർത്തയായിരുന്നു.