തിരുവനന്തപുരം: നിത്യേന ഒരുലക്ഷം യാത്രക്കാരുമായി കൊച്ചി മെട്രോ കുതിക്കുമ്പോൾ തലസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായ ട്രിവാൻഡ്രം മെട്രോ ഫയൽക്കെട്ടിൽ കുരുങ്ങിക്കിടക്കുകയാണ്. 65,000 കോടി രൂപ ചെലവുള്ള സെമി-ഹൈസ്പീഡ് റെയിൽ പാതയ്ക്ക് തത്വത്തിലുള്ള അനുമതി നേടിയെടുത്ത് ഭൂമിയേറ്റെടുക്കൽ തുടങ്ങാനിരിക്കുന്ന സർക്കാർ, വെറും 4219 കോടിയുടെ മെട്രോയ്ക്ക് പണമില്ലെന്ന് വിലപിക്കുകയാണ്. വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) കേന്ദ്രത്തിന് ഇതുവരെ അയച്ചിട്ടില്ല. ചോദ്യങ്ങളുയരുമ്പോൾ എല്ലാം കേന്ദ്രാനുമതിക്ക് ശേഷം മതിയെന്ന ഒഴുക്കൻ മറുപടി മാത്രം. കരമന-പള്ളിപ്പുറം പാതയിൽ ടെക്നോപാർക്കിനെക്കൂടി ഉൾപ്പെടുത്താനുള്ള സാദ്ധ്യതാപഠനം നടക്കുന്നുണ്ടെന്നാണ് ഇപ്പോഴത്തെ ന്യായം. എന്നാൽ കേന്ദ്രാനുമതി നേടിയെടുക്കാനുള്ള അപേക്ഷ അയയ്ക്കാൻ ടെക്നോപാർക്ക് എക്സ്റ്റൻഷൻ തടസമല്ല.
വർഷങ്ങളോളം കൊച്ചി മെട്രോയെ ചൂണ്ടിക്കാട്ടിയാണ് ഐ.എ.എസ് ലോബി നമ്മുടെ മെട്രോയെ എതിർത്തിരുന്നത്. ഡി.എം.ആർ.സി തയ്യാറാക്കിയ പദ്ധതിരേഖ പഠിക്കാൻ ധനകാര്യ, പൊതുമരാമത്ത്, നിയമ, ഗതാഗത സെക്രട്ടറിമാരുടെ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. കൊച്ചി മെട്രോ നഷ്ടത്തിലോടുന്നതായി ചൂണ്ടിക്കാട്ടി ഈ സമിതി ലൈറ്റ് മെട്രോയ്ക്കെതിരേ തിരിഞ്ഞിരുന്നു. കൊച്ചി മെട്രോയിൽ നിത്യേന മൂന്നരലക്ഷം യാത്രക്കാരുണ്ടാവുമെന്നാണ് പദ്ധതിരേഖയിൽ ഉണ്ടായിരുന്നതെങ്കിലും 35,000 പേർ പോലും യാത്രചെയ്യുന്നില്ലെന്നും പ്രതിദിനം ആറര ലക്ഷം രൂപ നഷ്ടത്തിലാണെന്നുമൊക്കെയായിരുന്നു ആക്ഷേപം. ഒരുവർഷം തികഞ്ഞപ്പോൾ നഷ്ടത്തിൽ നിന്ന് കൊച്ചി മെട്രോ കരകയറിത്തുടങ്ങിയത് ഇവർ മറച്ചുവച്ചു. കഴിഞ്ഞ ഏപ്രിൽ മുതൽ കൊച്ചിമെട്രോ ലാഭത്തിലായി. പ്രതിദിന വരുമാനത്തിൽ രണ്ടു ലക്ഷം രൂപയുടെ ലാഭം. പരസ്യവരുമാനത്തിലും വർദ്ധനയുണ്ടായി. ആഗസ്റ്റിൽ മൂന്നു ലക്ഷം ലാഭത്തിലായിരുന്നു. ഓണക്കാലത്ത് മണിക്കൂറിൽ 8000 യാത്രക്കാരുമായാണ് കൊച്ചി മെട്രോ കുതിച്ചത്. മൂന്നാം ഓണത്തിന് കൊച്ചി മെട്രോയിൽ യാത്രചെയ്തവർ 1,01,463. ഒരുവർഷമായപ്പോൾ ബംഗളൂരു മെട്രോ 52 കോടിയും ചെന്നൈ മെട്രോ 116 കോടിയും നഷ്ടത്തിലായിരുന്നു. ഈ വസ്തുതകൾ മറച്ചുവച്ചാണ് ഒരുവർഷത്തിലേറെ ഭരണത്തിലെ ഉന്നതന്മാർ ട്രിവാൻഡ്രം മെട്രോയുടെ വഴിയടച്ചത്.
മെല്ലെപ്പോക്കും പിടിവാശിയും മാറ്റിവച്ച് സർക്കാർ ശ്രമിച്ചാൽ തലസ്ഥാനത്ത് മെട്രോ ഓടുമെന്ന് ഉറപ്പാണ്. ഇക്കൊല്ലം 210 കിലോമീറ്റർ മെട്രോലൈൻ സ്ഥാപിക്കുമെന്നാണ് കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനം. 50 നഗരങ്ങളിൽ പുതുതായി മെട്രോ ട്രെയിനുകൾ ഓടിക്കുകയാണ് തന്റെ വികസനസ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ പത്തു നഗരങ്ങളിൽ മാത്രമുള്ള മെട്രോപദ്ധതികൾ 50 ഇടത്തേക്ക് വ്യാപിപ്പിക്കുകയാണ് കേന്ദ്രസർക്കാർ. പ്രാഥമിക നടപടികൾ തുടങ്ങിയ നഗരങ്ങളിലെ 275 കിലോമീറ്റർ മെട്രോയ്ക്ക് ഉടനടി അനുമതിയും വിഹിതവും അനുവദിക്കാനാണ് തീരുമാനം. ഉത്തരേന്ത്യൻ നഗരങ്ങളോടാണ് കേന്ദ്രമന്ത്രാലയങ്ങൾക്ക് താത്പര്യമെങ്കിലും മെട്രോപദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഇത്രയധികം പൂർത്തീകരിച്ച മറ്റ് നഗരങ്ങൾ കുറവാണ്.
ലൈറ്റ് മെട്രോയുടെ വിശദമായ പദ്ധതിരേഖയും പൊതുഗതാഗത നവീകരണപദ്ധതിയും സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്. ഡിപ്പോയ്ക്കും യാർഡിനുമായി സ്ഥലമേറ്റെടുത്തു. തിരുവനന്തപുരത്ത് മൂന്ന് മേൽപ്പാലങ്ങളുടെ സ്ഥലമെടുപ്പ് നടപടിയായി. 272 കോടിയുടെ ഭരണാനുമതിയും നൽകി. മെട്രോയുടെ തുടർവികസനത്തിന് പണമുണ്ടാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തി 'ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ്' വികസനപദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. റെയിൽവേ ബോർഡംഗമായിരുന്ന നവീൻ ടൻഡൻ ഉൾപ്പെട്ട സമിതിയെ നിയോഗിച്ച് വളവുകളിൽ സ്വയംതിരിയുന്ന അത്യാധുനിക ലീനിയർ ഇൻഡക്ഷൻ മോട്ടോർ(ലിം) കോച്ചുകളും തിരഞ്ഞെടുത്തു. മെട്രോയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഏഴ് നഗരങ്ങൾക്ക് ഇത്രയും നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഒന്നരവർഷമെങ്കിലും വേണം. മാത്രമല്ല, മെട്രോപദ്ധതികളുടെ നിലവാരം നിശ്ചയിക്കാനുള്ള കേന്ദ്രസർക്കാർ സമിതിയുടെ അദ്ധ്യക്ഷൻ ഇ. ശ്രീധരനാണ്. വേണ്ടരീതിയിൽ പദ്ധതിരേഖ തയ്യാറാക്കി കേന്ദ്ര മാനദണ്ഡങ്ങളെല്ലാം പാലിച്ച് അപേക്ഷിച്ചാൽ കേന്ദ്രവിഹിതം നേടിയെടുക്കാമെന്ന് ശ്രീധരൻ സർക്കാരിന് ഉറപ്പുനൽകിയിട്ടുണ്ട്.
ചെയ്തു തീർക്കാൻ മൂന്ന് കാര്യങ്ങൾ
1. മെട്രോയിലേക്ക് യാത്രക്കാരെ എത്തിക്കാനുള്ള ഫീഡർസർവീസ്, റോഡ്-ജംഗ്ഷൻ പരിപാലനം, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ശുചീകരണം എന്നിവയ്ക്ക് മറ്റുമാർഗങ്ങളിലൂടെ പണമുണ്ടാക്കാനുള്ള ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് പദ്ധതി അംഗീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കണം.
2. ലൈറ്റ് മെട്രോയ്ക്കായി അതോറിട്ടി (യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി) രൂപീകരിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. യാത്രാസൗകര്യങ്ങൾ, വികസനത്തിന് പണംകണ്ടെത്തൽ, വായ്പയെടുക്കൽ എന്നിവയിലെല്ലാം തീരുമാനമെടുക്കണം.
3. സ്വകാര്യപങ്കാളിത്തം നിർബന്ധമാക്കിയുള്ള കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയത്തിന് അനുസരിച്ച് പുതുക്കിയ പദ്ധതിരേഖ മന്ത്രിസഭ അംഗീകരിച്ച് കേന്ദ്രത്തിന് അയയ്ക്കണം. 1.35 ശതമാനം പലിശയ്ക്ക് വായ്പ നൽകാൻ ഫ്രഞ്ച് ഏജൻസി സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഈ വായ്പയ്ക്ക് 25 വർഷം തിരിച്ചടവും 5 വർഷം മോറട്ടോറിയവും ലഭ്യമാവും. വിദേശവായ്പയെടുക്കാൻ കേന്ദ്രസർക്കാരിന്റെ ഗാരന്റി നേടിയെടുക്കണം
പദ്ധതിക്ക് വേഗത്തിൽ കേന്ദ്രാനുമതി നേടിയെടുക്കാനാണ് ശ്രമം. ഇതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും. സർക്കാരിന് പോസിറ്റീവായ സമീപനമാണ്.
എ.കെ. ശശീന്ദ്രൻ (ഗതാഗതമന്ത്രി)