jaipur-

ജയ്പൂർ : രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്​റ്റുചെയ്തു. ഭയന്നുവിറച്ച പെൺകുട്ടി തെരുവിലൂടെ നഗ്നയായി ഓടിയതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ബന്ധുവിനും സുഹൃത്തിനുമൊപ്പം ക്ഷേത്രദർശനം കഴിഞ്ഞു വരികയായിരുന്ന പെൺകുട്ടിയെ വഴിയിൽ വച്ചു മൂവർസംഘം തടയുകയായിരുന്നു.

ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂവർസംഘം പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. സുഹൃത്തുക്കളെ മർദിച്ച് അവശരാക്കിയ ശേഷമാണു പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. സുഹൃത്തുക്കളിൽ ഒരാൾ അടുത്തുള്ള മാർക്ക​റ്റിലെത്തി ഒരുകടക്കാരനോട് വിവരം പറയുകയും രക്ഷിക്കണമെന്നും അഭ്യർത്ഥിക്കുകയുമായിരുന്നു. തുടർന്ന് അദ്ദേഹത്തെയുംകൂട്ടി സ്ഥലത്തെത്തി.

ഈ സമയത്തു പെൺകുട്ടിയെ മൂവർസംഘം മർദിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നുവെന്നു കടക്കാരൻ പൊലീസിനു മൊഴി നൽകി. ഇയാളെ കണ്ടതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പേടിച്ചുവിറച്ച പെൺകുട്ടി വിവസ്ത്രയായി തെരുവിലൂടെ അരക്കിലോമീ​റ്ററോളം ഓടി എന്നും കടക്കാരൻ മൊഴി നൽകി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്പരമം, പട്ടികജാതി വിഭാഗക്കാർക്കെതിരായ അതിക്രമം എന്നിങ്ങനെയുള്ള കു​റ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവസ്ഥലത്തു നിന്നും മദ്യക്കുപ്പികളും, വളപ്പൊട്ടുകളും രക്തക്കറയും തെളിവായി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.