തിരുവനന്തപുരം: എന്തിനും ഏതിനും തോരാതെ ബഹളം കൂട്ടുന്നവർ ക്ഷമയോടെ ഒരു നെടുനീളൻ വരിക്ക് കീഴിൽ അണിനിരന്നു. കൂട്ടത്തിൽ സ്ത്രീകളുമുള്ളതിനാൽ ബിവറേജ് ഷോപ്പിലേക്കുള്ള വരിയല്ലെന്നുറപ്പ്. ക്ഷമയുള്ള വരിയുടെ കഥ തേടിയിറങ്ങിയപ്പോൾ ചെന്നെത്തിയത് ഓണസദ്യയിലും. ഓണത്തിന് എന്തെങ്കിലും വച്ചുണ്ടാക്കാൻ മെനക്കെടാതെ സദ്യ വാങ്ങാൻ നിൽക്കുന്ന നഗരവാസികളുടെ വരി തീവണ്ടി പോലെ നീളുകയാണ്.
ബുക്ക് ചെയ്തും അല്ലാതെയും ഓണസദ്യ വാങ്ങാം. സദ്യയ്ക്ക് വലിയ ഓർഡറുകളാണ് ഓൺലൈനിലൂടെ ലഭിച്ചത്. അത് റെഡിയാക്കി ഉച്ചയ്ക്കു മുമ്പേ എത്തിക്കാനുള്ള പാച്ചിലിലായിരുന്നു ഓൺലൈൻകാർ. തിരുവോണം പുലർന്നപ്പോൾ ഓണസദ്യയെ കുറിച്ച് ചിന്തിച്ച ന്യൂജെൻ ഗൃഹനാഥൻമാരും നാഥകളുമെല്ലാം നമ്മുടെ നാട്ടിലുണ്ട്. പിന്നെ മൊബൈൽ ഫോണെടുത്ത് നാലഞ്ച് കുത്ത്! സദ്യയുടെ ഓർഡറും പേമെന്റും കഴിഞ്ഞ് കുളിച്ചൊരുങ്ങി ടി.വിയും കണ്ടിരുന്നപ്പോൾ സാധനമെത്തി. ഹോട്ടലുകളെ കൂടാതെ ആപ്പുകളിലും ഓൺലൈൻ ഡെലിവറി തുടങ്ങിയതോടെ ചില അടുക്കളകൾ പൂട്ടിയ നിലയിലായി. ഓണത്തെ വരവേറ്റിരുന്ന മുറ്റത്തെ പൂക്കളം എന്നേ ഓർമ്മയായി. വീട്ടിലെല്ലാവരും ഒരുമിച്ചിരുന്ന് പാചകം ചെയ്തിരുന്ന സദ്യയും പതിയെ ഓർമ്മയാകുകയാണ്.
രണ്ടു മുതൽ അഞ്ചുവരെയുള്ള പായസങ്ങളൊരുക്കിയാണ് പല ഹോട്ടലുകളും 'സദ്യ പ്രേമികളെ " ചാക്കിലാക്കിയത്. കൂട്ടത്തിലുള്ള ഒരു മുന്തിയ ഹോട്ടലിൽ രണ്ടു പേർക്കുള്ള പായ്ക്കറ്റ് സദ്യയുടെ വില 910 രൂപ. അഞ്ച് പേർക്കാണെങ്കിൽ 2100 രൂപ. കാശ് കൂടിയാലും സാരമില്ല, ദേഹം അനങ്ങണ്ടല്ലോ. ഓർഡറിന്റെ എണ്ണം കൂടിയപ്പോഴാണ് ഹോട്ടലുകാർ കസ്റ്റമേഴ്സിനെ ക്യൂ നിറുത്തിയത്.
സദ്യയുടെ വരവ് ഇങ്ങനെ
'സഗ്ധി" എന്ന സംസ്കൃത വാക്കിൽ നിന്നാണ് 'സദ്യ" രൂപപ്പെട്ടതെന്നാണ് ചരിത്രഗവേഷകരുടെ കണ്ടെത്തൽ. ബന്ധുമിത്രാദികളുടെ കൂടെയുള്ള സഹഭോജനം എന്നതാണ് ഈ വാക്കിന്റെ അർത്ഥം. രുചികളിലെ ആറു രസങ്ങളും സദ്യയിലടങ്ങിയിട്ടുണ്ട്. മധുരം, പുളി, എരിവ്, ഉപ്പ്, കയ്പ്, ചവർപ്പ്... ഒന്നാന്തരം സമീകൃതാഹാരമാണ് ഓണസദ്യയെന്ന് സാരം.
ഉഗ്രനൊരു സദ്യയ്ക്ക് നാലുവീതം വറവ് (ഉപ്പേരികൾ), ഉപ്പിലിട്ടത് (അച്ചാറുകൾ), ഉപദംശം (തൊടുകറി), ഒഴിച്ചുകറി, മധുരം, പിന്നെ കുത്തരിച്ചോറ്... എന്നാണ് കണക്ക്. പരമ്പരാഗത സദ്യ മിക്കവർക്കും അത്ര പിടിക്കുന്നില്ല. ന്യൂജെൻ പിള്ളേർ സദ്യ അങ്ങിങ്ങ് നുള്ളിത്തിന്നിട്ട് ബാക്കി മുഴുവൻ ഇലമടക്കി വച്ചിട്ടു സ്ഥലം വിട്ടുകളയും. കൂടാതെ മസാലക്കറിയും കാളനും ഓലനും പകരം ചിക്കൻപെരട്ട് വരെ സദ്യയിലെത്തി. ഫിഷ് ഫ്രൈ കൂടിയായാൽ കെങ്കേമമായി. ഈ പോക്കാണെങ്കിൽ ഓണസദ്യ അധികം വൈകാതെ 'ഓണബിരിയാണി"ക്ക് വഴിമാറിയേക്കും.