തിരുവനന്തപുരം: കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടിലെ വ്യാപാരമേളയ്ക്ക് തിരക്കേറുന്നു. ഓണം വാരാഘോഷത്തിന്റെ ഭാഗമായി 10ന് ആരംഭിച്ച
മേള നാല് ദിവസം പിന്നിട്ടിട്ടും തിരക്ക് കുറഞ്ഞിട്ടില്ല. കനകക്കുന്നിലെ വിവിധ സ്റ്റേജുകളിൽ ഒരുക്കിയിരിക്കുന്ന കലാപരിപാടികൾ ആസ്വദിക്കുന്നതിനൊപ്പം ഷോപ്പിംഗും എന്ന ഉദ്ദേശ്യത്തോടെയാണ് ആളുകൾ ഇവിടെയെത്തുന്നത്. ദിവസവും വൈകിട്ടോടെ കുടുംബമായി എത്തുന്ന തലസ്ഥാനവാസികളാൽ തിങ്ങിനിറഞ്ഞിരിക്കുകയാണ് കനകക്കുന്നും പരിസരവും. സുഹൃത്തുക്കൾക്കൊപ്പം മേള ആസ്വദിക്കാനെത്തുന്നവരും കുറവല്ല. നഗരത്തിന് പുറത്തുനിന്നും ഓണം വാരാഘോഷവും ദീപാലങ്കാരവും ആസ്വദിക്കാനെത്തുന്നവരും സൂര്യകാന്തിയിലെത്തുന്നത് മേളയുടെ തിരക്ക് വർദ്ധിപ്പിക്കുന്നു. നൂറിലധികം സ്റ്റാളുകളാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. മേളയിലെ സ്റ്റാളുകൾക്ക് പുറമേ നിരവധി വഴിയോരക്കച്ചവടക്കാരും റോഡിന്റെ ഇരുവശവും കൈയടക്കിയിട്ടുണ്ട്.
വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യാപാര വ്യവസായ മേഖല എന്നിവയുടെ സഹകരണത്തോടെയുള്ള മേളയിൽ കരകൗശലവസ്തുക്കൾ, ഗൃഹോപകരണങ്ങൾ, ഫർണിച്ചർ, പുസ്തകങ്ങൾ, ഫാൻസി സാധനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങി വൈവിദ്ധ്യമേറിയ ഉത്പന്നങ്ങളെല്ലാം ആവശ്യക്കാരെ കാത്തിരിക്കുന്നുണ്ട്. ഫിഷറീസ് വകുപ്പിന്റെയും കുടുംബശ്രീയുടെയും തനതായ ഉത്പന്നങ്ങളും മേളയിൽ ലഭിക്കും.
പുസ്തകങ്ങളുടെ സ്റ്റാളുകളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെയാണ് ഡിസ്കൗണ്ട്. 200 രൂപയ്ക്ക് അഞ്ച് പുസ്തകങ്ങൾ ലഭിക്കുന്ന സ്റ്റാൾ പുസ്തകപ്രേമികളെ ആകർഷിക്കുന്നു. ഫാൻസി സാധനങ്ങളുടെ സ്റ്രാളുകളിലും തിരക്കാണ്. 10 രൂപ മുതൽ വിലയിൽ പെൺകുട്ടികളെയും വീട്ടമ്മമാരെയും ഒരുപോലെ ആകർഷിക്കുന്ന വസ്തുക്കൾ ഇവിടെ ലഭിക്കും. 250 രൂപ മുതൽ വിലയിൽ കുർത്തികൾ ലഭിക്കുന്ന സ്റ്റാളുകളും ഇവിടെയുണ്ട്. ഫാൻസി സാധനങ്ങൾ, വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ, കരകൗശലവസ്തുക്കൾ എന്നിവയുമായി ഇതരസംസ്ഥാനക്കാരും മേളയിലെത്തിയിട്ടുണ്ട്.
ഫുഡ്കോർട്ടാണ് മറ്റൊരു ആകർഷണം. വിവിധ സ്ഥലങ്ങളിലെ തനതായ രുചികളൊരുക്കിയാണ് ഫുഡ്കോർട്ടുകൾ മേളയിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. ആകർഷകമായ കോമ്പോ ഓഫറുകളും ലഭിക്കും. വിവിധ രുചികളിലുള്ള ഐസ്ക്രീമിന്റെ ചെറുതും വലുതുമായ നിരവധി സ്റ്രാളുകളും ഇവിടുണ്ട്. ചെടികളും വിത്തുകളും വാങ്ങാനുള്ള സൗകര്യവുമുണ്ട്. സെപ്തംബർ 18 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനസമയം.