തിരുവനന്തപുരം: അത്തം പത്തോണം എന്ന ചൊല്ലിനെ അന്വർത്ഥമാക്കി തലസ്ഥാന നഗരിയിൽ ഓണപ്പൂരം കൊട്ടിക്കയറുകയാണ്. ഓരോ ദിവസം പിന്നിടുന്തോറും ഓണലഹരിയിൽ ആറാടുകയാണ് നാടും നഗരവും. ഓണം വാരാഘോഷത്തിന്റെ നാലാം ദിവസമായ ഇന്നലെ തലസ്ഥാന നഗരിയൊന്നാകെ ജനത്തിരക്കിലമർന്നു. പൊലീസ് സേന തിരക്ക് നിയന്ത്രിക്കാൻ നന്നേ പാടുപെടുന്ന കാഴ്ചയായിരുന്നു. പഞ്ചവാദ്യവും ചെണ്ടമേളവുമായിരുന്നു ഇന്നലെ വൈകിട്ട് കനകക്കുന്നിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്തത്. പരിപാടികൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കനകക്കുന്ന് ജനസാഗരമായി മാറി. പ്രധാന വേദിയായ നിശാഗന്ധി ആഡിറ്റോറിയത്തിൽ ഷബ്നം റിയാസിന്റെ സൂഫി സംഗീതമായിരുന്നു ഇന്നലെ പ്രധാന ആകർഷണം. തുടർന്ന് രവിശങ്കർ, രാജലക്ഷ്മി, അരവിന്ദ് വേണുഗോപാൽ, അഖില, സംഗീത് എന്നിവരുടെ ജോൺസൺ ഗാനാഞ്ജലിയും അരങ്ങേറി. സാംസ്കാരികപ്പെരുമ വിളിച്ചോതി കനകക്കുന്നിലെ വിവിധ വേദികളിലായി നടന്ന കേത്രാട്ടം, ശനിയാട്ട്, പടയണി, കോതാമൂരിആട്ടം, അലാമിക്കളി, തിറയും പൂതനും, ഓട്ടൻതുള്ളൽ, ശാസ്ത്രീയ സംഗീതം, സൂര്യകാന്തിയിലെ ഗാനമേള തുടങ്ങിയ പരിപാടികൾക്കും ആസ്വാദകർ നിരവധിയായിരുന്നു. പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ പാലസ് ഹാളിലൊരുക്കിയ ഇൻസൈറ്റ് 2019 ഫോട്ടോ എക്സിബിഷനിലും ജനത്തിരക്ക് അനുഭവപ്പെട്ടു.
നാടൻ കളികൾ ആസ്വദിക്കാനും തിരക്കേറെ
കലാവിരുന്നിന് പുറമേ കനകക്കുന്ന് കൊട്ടാര പരിസരത്ത് ഒരുക്കിയ നാടൻ കളികൾ കാണാനും തിരക്കേറെയാണ്. ഗോലികളി, തലപ്പന്ത്, പല്ലാങ്കുഴി തുടങ്ങിയ നാടൻ കളികൾക്ക് പുറമെ പസിൽസ്, കിറ്റി ഷോ എന്നീ പരിപാടികളിൽ പങ്കെടുക്കാനും കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേർ എത്തുന്നുണ്ട്. കൊട്ടാരവളപ്പിലെ മരങ്ങളിൽ കെട്ടിയ ഊഞ്ഞാലാടാൻ കുട്ടികളുടെയും യുവാക്കളുടെയും തിരക്കാണ്. ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കാൻ വലിയ കാൻവാസും വാട്ടർ കളറുകളും ഒരുക്കിയിട്ടുണ്ട്.
വ്യത്യസ്തമായ അത്തപ്പൂക്കളവുമായി വിൻസെന്റ് ഗോമസ്
അൻപതിനായിരം റീച്ചാർജ് കാർഡുകളുപയോഗിച്ച് നിർമ്മിച്ച പൂക്കളമാണ് കനകക്കുന്നിലെ മറ്റൊരു കൗതുകം. അമേരിക്ക, ഫ്രാൻസ്, ജർമനി തുടങ്ങിയ 185 വിദേശ രാജ്യങ്ങളിൽ നിന്നുള്ള ടെലിഫോൺ റീചാർജ് കാർഡുകൾ കൊണ്ടാണ് 600 സ്ക്വയർ ഫീറ്റ് വലിപ്പത്തിൽ കുന്നുകുഴി സ്വദേശി വിൻസെന്റ് ഗോമസ് അത്തപ്പൂക്കളം ഒരുക്കിയിട്ടുള്ളത്.
രുചിയൂറും ഭക്ഷ്യ മേള
ഓണാഘോഷങ്ങൾക്കായി കനകക്കുന്നിലെത്തുന്നവർക്ക് രുചിയൂറും പായസങ്ങളും സൂര്യകാന്തിയിലുണ്ട്. പാൽപ്പായസം, അടപ്രഥമൻ, പാലട പ്രഥമൻ, ചക്ക പായസം, ആപ്പിൾ പായസം, ചോക്ളേറ്റ് പായസം, ഡ്രൈ ഫ്രൂട്ട് പായസം, പൈനാപ്പിൾ പായസം തുടങ്ങിയ വൈവിദ്ധ്യമാർന്ന പായസങ്ങളും മറ്റ് രുചിയൂറും വിഭവങ്ങളും ആസ്വദിക്കാം.
കൗതുകമായി ഡോഗ്ഷോ
കനകക്കുന്ന് പാലസ് പരിസരത്ത് ഇന്നലെ ആരംഭിച്ച ഡോഗ് ഷോ വീക്ഷിക്കാനും കാഴ്ചക്കാരുടെ തിരക്ക്. ഗോൾഡൻ റിട്രീവർ, ഡോബർമാൻ തുടങ്ങിയ മുന്തിയ ഇനം നായകളാണ് ഡോഗ് ഷോയിലുള്ളത്. സന്ദർശകർക്ക് നായകളോട് അടുത്തിടപഴകാനും അവസരമുണ്ട്.
നിശാഗന്ധിയിൽ ഇന്ന്
ഓണം വാരാഘോഷത്തിന്റെ നാലാം ദിവസമായ ഇന്ന് പ്രധാന വേദിയായ നിശാഗന്ധിയിൽ വൈകിട്ട് 5.45ന് സുനിതാ റാണിയുടെ ഭരതനാട്യം, 6.30ന് ശൈലജ അംബുവിന്റെ നാടൻ പാട്ടുകൾ, 7.15 മുതൽ രാത്രിമഴ - ലെനിൻ രാജേന്ദ്രന്റെ സ്മരണ.