gulf-

സൗദിയിൽ പരമ്പരാഗതമായി പിന്തുടരുന്ന ചില ചിട്ടകൾ പെട്ടെന്ന് വേണ്ടെന്ന് വയ്ക്കാൻ പലരും തയ്യാറാവില്ല. പർദ്ദ ധരിക്കുന്നത് നിർബന്ധമല്ലാതാക്കിയിട്ടും പർദ ഉപേക്ഷിച്ച് പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടാൻ ഭൂരിഭാഗം സ്ത്രീകളും തയ്യാറാകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടയിൽ പർദ്ദ ധരിക്കാതെ മോഡേൺ വേഷത്തിൽ ഒരു യുവതി എത്തിയാലോ. അത്തരത്തിലൊരു സംഭവമാണ് റിയാദിലെ ഷോപ്പിംഗ് മാളിൽ നടന്നത്. പർദ ഉപേക്ഷിച്ച് പാശ്ചാത്യവേഷത്തിൽ 33 കാരിയായ മഷേൽ അൽജലൗദാണ് മാളിൽ എത്തിയത്. എച്ച്.ആർ വിദ്ഗ്ധയായ മഷേൽ ഓറഞ്ച് നിറത്തിലുള്ള ടോപ്പും ബാഗി പാന്റും ധരിച്ചാണ് മാളിൽ എത്തിയത്.

മഷേൽ പർദ ഉപേക്ഷിച്ച് എത്തിയത് പലരിലും ഞെട്ടലാണ് ഉണ്ടാക്കിയത്. ചിലരൊക്കെ മഷേൽ ഒരു മോഡലാണെന്ന് തെ​റ്റിദ്ധരിച്ചു. എന്നാൽ ഇത് ആദ്യമായല്ല ഇവർ ഇങ്ങനെ എത്തുന്നത്. ജൂലായിൽ പർദയില്ലാതെ റിയാദിലെ മാളിൽ എത്തിയ ഇവരെ അകത്തു പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. മുമ്പ് സൂപ്പർമാർക്ക​റ്റിൽ പർദ ധരിക്കാതെ എത്തിയപ്പോൾ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഒരു യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

മനഹേൽ അൽഒതൈവി എന്ന ആക്ടിവിസ്​റ്റായ 25 കാരിയും പർദ ഉപേക്ഷിച്ച് നഗരത്തിൽ എത്തിയിരുന്നു. പർദ ധരിക്കണം എന്ന നിർബന്ധം ഒഴിവാക്കിയതിനു ശേഷം പർദയുടെ മുൻവശം തുറന്ന് ഉള്ളിൽ ധരിച്ചിരിക്കുന്ന നിറമുള്ള വസ്ത്രം പുറത്തു കാണുന്ന രീതിയിൽ പലരും പൊതുവിടങ്ങളിൽ എത്തിയിരുന്നു. എങ്കിലും പർദ ഒഴിവാക്കാൻ ആരും ധൈര്യം കാണിച്ചിരുന്നില്ല.