മുംബയ്: വിദേശ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതായി റിപ്പോർട്ട്. ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ നിക്ഷേപത്തെ കുറിച്ച് വിശദീകരിക്കാനാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മൂന്ന് മക്കൾ എന്നിവർക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.
വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് മാർച്ചിൽ നോട്ടീസ് നൽകിയെന്നാണ് ഇന്ത്യൻ എക്സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോട്ടീസിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 12 ന് ഹാജരായി വിശദീകരണം നൽകാനായി ആദായനികുതി വകുപ്പ് സിറ്റിംഗ് ക്രമീകരിച്ചിരുന്നെന്നും റിപ്പോർട്ടുണ്ട്.
ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിന്റെ നിക്ഷേപത്തിന്റെ ഗുണഭോക്താക്കൾ അംബാനി കുടുംബമാണെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. 2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തിൽ പലരാജ്യങ്ങളിലെ ഏജൻസികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നോട്ടീസ്.