ലക്‌നൗ: മുപ്പത്തിയെട്ടു വർഷമായി ഉത്തർപ്രദേശിലെ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി അടയ്ക്കുന്നത് സംസ്ഥാന സർക്കാരാണെന്ന് റിപ്പോർട്ട്. നികുതി അടയ്ക്കാൻ കഴിയാത്ത ദരിദ്രരാണെന്ന് കണക്കാക്കിയാണ് ഇവരുടെ നികുതി സർക്കാർ അടയ്ക്കുന്നതെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഒരു പത്രമാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്. വി.പി. സിംഗ് മുഖ്യമന്ത്രിയായിരിക്കെ 1981-ൽ കൊണ്ടുവന്ന ‘ഉത്തർപ്രദേശ് മന്ത്രിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും മറ്റു ചെലവും നിയമം’ പ്രകാരമാണ് ആദായനികുതിയടയ്ക്കൽ സർക്കാരിന്റെ ഉത്തരവാദിത്തമായത്.
അതേസമയം, വാർത്ത പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരും അവരവരുടെ നികുതി സ്വയം അടയ്ക്കണമെന്ന് യോഗി ആദിത്യനാഥ് സർക്കാർ ഉത്തരവിറക്കി. ഇതോടെ മൂന്ന് പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന സമ്പ്രദായത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയത് .
ഉത്തർപ്രദേശ് ഭരിച്ച 19 മുഖ്യമന്ത്രിമാർ ഈ ആനുകൂല്യം കൈപറ്റിയെന്നാണ് റിപ്പോർട്ട്. നാരായൺ ദത്ത് തിവാരി, വീരഭദ്ര സിംഗ്, ശ്രീപതി മിശ്ര, രാജ്നാഥ് സിംഗ്, രാം പ്രകാശ് ഗുപ്ത, കല്യാൺ സിംഗ്, മായാവതി, അഖിലേഷ് യാദവ്, മുലായം സിങ് യാദവ്, യോഗി ആദിത്യനാഥ് തുടങ്ങിയവർ ഈ പട്ടികയിൽപ്പെടും. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇതേ കുറിച്ച് പ്രതികരിക്കാൻ ഒരു രാഷ്ട്രീയ പാർട്ടികളുടെ വക്താക്കാളും തയ്യാറാവുന്നില്ലെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, എൺപതുകളിലെ രാഷ്ട്രീയനേതാക്കളിലേറെയും ദരിദ്രപശ്ചാത്തലത്തിൽ നിന്നു വന്നവരായിരുന്നു. അവരുടെ ശമ്പളവും തുച്ഛമായിരുന്നു. പിന്നീടു വന്ന കോൺഗ്രസിതര സർക്കാരുകൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം കൂട്ടി. അപ്പോൾ ഈ നിയമവും റദ്ദാക്കേണ്ടതായിരുന്നെന്ന് സമാജ്‌വാദി പാർട്ടിയിലെ ഒരു നേതാവ് പറയുന്നു.
ഇപ്പോഴത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മന്ത്രിസഭാംഗങ്ങളുടെയും ആദായനികുതിയായി 86 ലക്ഷത്തോളം രൂപയാണ് ഈ സാമ്പത്തിക വർഷം അടച്ചത്. ഇവരിൽ ഭൂരിഭാഗം മന്ത്രിമാരുടെയും ആസ്തി തിരഞ്ഞെടുപ്പുവേളയിൽ നൽകിയ സത്യവാങ്മൂലമനുസരിച്ച് കോടിക്കണക്കിന് രൂപയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആദായനികുതി ഖജനാവിൽനിന്നാണ് അടച്ചതെന്ന് യു.പി. പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജീവ് മിത്തൽ സ്ഥിരീകരിച്ചു.