shane-nigam

സിനിമാ താരങ്ങൾക്ക് വാഹനങ്ങളോടുള്ള പ്രിയം പ്രസിദ്ധമാണ്. സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വാഹനങ്ങളോട് തങ്ങൾക്കുള്ള പ്രണയം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വാഹനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് യുവതലമുറയിലെ ശ്രദ്ധേയനായ താരമായ ഷെയിൻ നിഗം. ഫോക്‌സ്‌ വാഗൺ വെന്റോ, ട്രയംഫ് സ്ട്രീറ്റ് സ്ക്രാംബ്ലർ, വെസ്പ എന്നീ വാഹനങ്ങളാണ് തനിക്ക് ഇപ്പോഴുള്ളത്. ഈ വാഹനങ്ങൾ സ്വന്തമാക്കിയത് എങ്ങനെയാണെന്ന കാര്യവും താരം വിശദീകരിച്ചു. കൗമുദി ടിവിയുടെ ഓണം പ്രത്യേക അഭിമുഖത്തിലാണ് താരം തന്റെ വാഹനവിശേഷങ്ങൾ പങ്കുവച്ചത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ആദ്യമായി എനിക്ക് കിട്ടിയ വാഹനം വെസ്‌പയുടെ സ്കൂട്ടറാണ്. കോളേജിൽ പഠിക്കുമ്പോൾ വാപ്പച്ചിയാണ് അത് വാങ്ങിത്തന്നത്. സിനിമയിൽ വന്നപ്പോഴും അത് തന്നെയാണ് ഉപയോഗിച്ചത്. പിന്നെ സൈറാ ബാനുവിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് കാർ വാങ്ങുന്നത്. അതിന് പിന്നിൽ ഒരു കഥയുണ്ട്. സംവിധായകൻ രാജീവ് രവി സാറിന്റെ കയ്യിൽ ഒരു നീല നിറത്തിലുള്ള ഫോക്‌സ് വാഗൺ വെന്റോ കാറുണ്ട്. ഒരിക്കൽ സാർ ആ വാഹനവുമായി എന്റെ വീട്ടിൽ വന്നു. അന്ന് ഞാൻ സിനിമയിലൊന്നും സജീവമായിട്ടില്ല. സാർ ധരിച്ചിരിക്കുന്ന ഷർട്ട് മുതൽ ഷൂ വരെ അനുകരിക്കാൻ ശ്രമിക്കുന്നയാളാണ് ഞാൻ. അത്രയ്ക്ക് സ്നേഹവും ആരാധനയുമാണ് അദ്ദേഹത്തിനോട് എനിക്കുള്ളത്. അങ്ങനെയാണ് വെന്റോ വാങ്ങുന്നത്.

shane-nigam

പിന്നീട് മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ, അതിൽ ഞാനൊരു യമഹ ആർ.ഡി 350 ഓടിക്കുന്നുണ്ട്. ആ വാഹനം വാങ്ങണം എന്നും പറഞ്ഞ് കുറച്ച് നാൾ നടന്നു. അങ്ങനെ ഒരു ഷോറൂമിൽ പോയി വില തിരക്കിയപ്പോൾ ഭയങ്കര വിലയാണ് അവർ പറഞ്ഞത്. എന്നാൽ പിന്നെ കുറച്ച് കൂടി പൈസയിട്ടാൽ നല്ലൊരു പുതിയ വണ്ടി വാങ്ങിക്കൂടേ എന്ന് അപ്പോഴാണ് ‌ഞാൻ ചിന്തിച്ചത്. അങ്ങനെയാണ് ട്രയംഫിന്റെ സ്ട്രീറ്റ് സ്ക്രാംബ്ലറിലേക്ക് എത്തുന്നത്. ഒരേ സമയം ക്ലാസികും മോഡേണും ആയിട്ടുള്ള നല്ലൊരു വണ്ടിയാണ് ഇത്. രണ്ട് വാഹനങ്ങളും താൻ ഇഷ്‌ടപ്പെട്ടാണ് വാങ്ങിയതെന്നും താരം കൂട്ടിച്ചേർത്തു.