
ചന്ദ്രകല, പ്രജീഷിന്റെ ഓരോ പ്രവൃത്തിയും നോക്കിക്കൊണ്ട് ഒരു ഭാഗത്ത് മാറിയിരുന്നു.
അയാൾ ഒരു വെട്ടുകത്തിയും എടുത്തുകൊണ്ട് വെളുത്തുള്ളി തോട്ടത്തിലൂടെ നടന്നുപോയി.
മടങ്ങിവന്നപ്പോൾ കുറെ ഉണങ്ങിയ കമ്പുകളും തമിഴ്നാട്ടിലെ കുന്നിൻ പ്രദേശങ്ങളിൽ കാണുന്ന ഒരുതരം മുൾച്ചെടികളും നാലഞ്ച് പച്ച വാഴയിലകളും ഉണ്ടായിരുന്നു.
ചന്ദ്രകലയ്ക്ക് അപ്പോഴും ഒന്നും മനസ്സിലായില്ല.
പ്രജീഷ് മുൾച്ചെടികൾ കുഴികൾക്കുള്ളിൽ നിരത്തി.
''ആ മുള്ളെങ്ങാനും കയ്യേലോ കാലേലോ തറഞ്ഞാൽ തീർന്നു." ചന്ദ്രകല പറഞ്ഞു.
''തറയ്ക്കണം. തറയ്ക്കാൻ തന്നെയാ ഇങ്ങനെ ചെയ്യുന്നത്."
പ്രജീഷ് ചിരിച്ചു.
ശേഷം കുഴിക്കു പുറത്ത് കമ്പുകൾ നെടുകയും കുറുകെയും നിരത്തി.
അതിന് മീതേ വാഴയിലകൾ വച്ചു.
പിന്നെ മണ്ണ് നീക്കിയിട്ടു. അധികം കനത്തിലല്ലാതെ...
ബാക്കി പച്ചമണ്ണ് അവിടെനിന്നു നീക്കം ചെയ്തു.
പണ്ട് സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ചില വികൃതി പിള്ളേര് വഴിയിൽ ഇങ്ങനെ കുഴിയുണ്ടാക്കി അതിനു മീതെ ഇലകൾ വച്ച് മണ്ണുകൊണ്ട് മൂടിയിരുന്നത് ചന്ദ്രകല ഓർത്തു.
വിദ്യാർത്ഥികൾ മാത്രമല്ല, ചില അദ്ധ്യാപകരും ആ കുഴിയിൽ വീണിട്ടുണ്ട്!
പ്രജീഷിന്റെ തന്ത്രം ഇപ്പോൾ ചന്ദ്രകലയ്ക്കു മനസ്സിലായി.
ഇനി ശത്രു വന്ന് ജനാലയിലൂടെയോ വാതിൽ വഴിയോ തങ്ങളെ ആക്രമിക്കുവാൻ ശ്രമിച്ചാൽ പെട്ടതു തന്നെ!
എല്ലാം ഒരിക്കൽക്കൂടി പരിശോധിച്ച് തൃപ്തിപ്പെട്ടതിനു ശേഷം പ്രജീഷ് കുളിക്കാൻ പോയി.
ആ സമയം ചന്ദ്രകലയുടെ ഫോൺ ശബ്ദിച്ചു.
അവൾ അതെടുത്ത് നമ്പർ നോക്കി. എം.എൽ.എ ശ്രീനിവാസ കിടാവ്.
തിടുക്കത്തിൽ അറ്റന്റു ചെയ്തു.
''സാർ... ഞങ്ങളുടെ പണത്തെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ?"
''ഇല്ല. പോലീസ് ഊർജ്ജിതമായി അന്വേഷിക്കുന്നുണ്ട്. കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില ഗ്രൂപ്പുകളെയാണ് അവർക്കു സംശയം."
ചന്ദ്രകല ദീർഘമായി ഒന്നു നിശ്വസിച്ചു.
''അപ്പോൾ ഇനി പ്രതീക്ഷിക്കണ്ട. അല്ലേ സാറേ..."
''അങ്ങനെ കരുതരുത്. മിക്കവാറും അവരെ കണ്ടെത്താനാണ് സാദ്ധ്യത. പക്ഷേ പണം.."
കിടാവ് പകുതിക്കു നിർത്തി.
''ആളെ കിട്ടിയാലും പണം കിട്ടിയില്ലെങ്കിൽ പിന്നെ എന്താണു സാർ പ്രയോജനം?"
ചന്ദ്രകലയ്ക്കു മുഷിച്ചിൽ വന്നു.
അതിനു മറുപടി പറഞ്ഞില്ല കിടാവ്. പകരം തിരക്കി:
''നിങ്ങളിപ്പോൾ എവിടെയാ?"
''മായാറിൽ.."
''നാട്ടുകാണിയിൽ ഉപേക്ഷിച്ച നിങ്ങളുടെ കാർ തിരിച്ചെടുത്തില്ല അല്ലേ?"
''ഇല്ല സാർ, ആ പഴഞ്ചൻ കാർ എടുത്തിട്ടെന്ത് കാര്യം?
''കാര്യം ഉണ്ടായിരുന്നു. പക്ഷേ ഇനി പറഞ്ഞിട്ട് എന്തുകാര്യം? അതേക്കുറിച്ചു സംസാരിക്കാനാ ഞാനിപ്പോൾ വിളിച്ചത്."
ചന്ദ്രകലയുടെ നെറ്റി ചുളിഞ്ഞു. വെളുത്തുള്ളി പാടത്ത് തിളച്ചുമറിയുന്ന വെയിലിലേക്ക് അവൾ കണ്ണുനട്ടു. അവിടെ നിന്ന് നീരാവി ഇളകിയിരുന്നതുപോലെ തോന്നി.
അവളുടെ ഉള്ളിലെ ചൂടിനെയും വർദ്ധിപ്പിക്കുന്ന തരത്തിൽ കിടാവിന്റെ ശബ്ദം വന്നു:
''ആ കാറിപ്പോൾ വഴിക്കടവ് പോലീസിന്റെ കസ്റ്റഡിയിലാണ്. അതിനുള്ളിൽ അവർ സ്ഫോടകവസ്തുക്കൾ കണ്ടെത്തിപോലും!"
''ങ്‌ഹേ?"
നട്ടുച്ചയ്ക്ക് ഒരു ബോംബു പൊട്ടിയതു പോലെ ചന്ദ്രകല കിടുങ്ങി.
''സാർ... അതെങ്ങനെ..."
''അറിയില്ല. കഴിഞ്ഞയാഴ്ച ഗുജറാത്ത് കടലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചില റബ്ബർ ബോട്ടുകൾ കണ്ടെത്തിയിരുന്നു. പാകിസ്ഥാൻ ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞു കയറിയെന്നും തെക്കേ ഇന്ത്യയിൽ സ്ഫോടനങ്ങളോ ഭീകരാക്രമണങ്ങളോ ഉണ്ടാകുവാൻ സാദ്ധ്യതയുണ്ടെന്നുമാണ് മിലിട്ടറി ഇന്റലിജൻസിന്റെ കണ്ടെത്തൽ. അതിനുവേണ്ടിയുള്ള സ്ഫോടകവസ്തുക്കളാണ് നിങ്ങളുടെ കാറിൽ കണ്ടെത്തിയതെന്നാണു പോലീസ് നിഗമനം."
''ഈശ്വരാ..."
നെഞ്ചിൽ കൈവച്ചുപോയി ചന്ദ്രകല...
''സാർ ഞങ്ങൾ...."
''സത്യം എനിക്കറിയാമല്ലോ. അതുകൊണ്ട് തൽക്കാലം ഞാൻ ഈ കേസ് ഒന്നു പിടിച്ചുവയ്ക്കാൻ പോലീസിനോടു പറഞ്ഞിട്ടുണ്ട്. സംഗതി പബ്ളിസിറ്റി കിട്ടാതെ ഒതുക്കണമെന്ന്. അതുകൊണ്ട് നിങ്ങൾ അവിടെ നിന്നു പുറത്തിറങ്ങരുത്. എന്തു വേണമെന്നു ഞാൻ പറയാം."
ചന്ദ്രകലയ്ക്ക് ഉത്തരമില്ലായിരുന്നു. നാലുപാടുനിന്നും അപകടത്തിന്റെ വാൾ ഓങ്ങപ്പെട്ടു കഴിഞ്ഞു എന്ന് അവൾ അറിഞ്ഞു.
കുളികഴിഞ്ഞു വന്ന പ്രജീഷ് കണ്ടത് മൊബൈലും കയ്യിൽ പിടിച്ച് ബോധശൂന്യയായി കിടക്കുന്ന ചന്ദ്രകലയെയാണ്.
വടക്കേ കോവിലകം
എം.എൽ.എ ശ്രീനിവാസ കിടാവ് മകനെയും മരുമകളെയും കാണുവാൻ അവിടെയെത്തി.
തലേന്നു രാത്രിയിൽ നടന്ന കാര്യങ്ങൾ അച്ഛനോടു പറയണ്ട എന്ന് സുരേഷ് കിടാവ് പറഞ്ഞെങ്കിലും ഹേമലത സമ്മതിച്ചില്ല.
''ഇവിടെയിങ്ങനെ തീ തിന്നു കഴിയുന്നതിലും ഭേദം എല്ലാം അങ്കിളിനോട് പറയുന്നതു തന്നെയാ..."
അവൾ കാര്യങ്ങൾ മുഴുവൻ കിടാവിനെ അറിയിച്ചു.
കിടാവിന്റെ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നി.
അല്പനേരത്തെ ആലോചനയ്ക്കുശേഷം അയാൾ പറഞ്ഞു.
''ഭൂതപ്രേതാദികളിലൊന്നും എനിക്ക് വിശ്വാസമില്ല. എന്നാൽ ഇവിടെ നടന്നത് എന്തെന്നറിയണമല്ലോ... നാളെത്തന്നെ ഇവിടെ മുഴുവൻ സി.സി.ടിവി സ്ഥാപിച്ചേക്കാം. എന്താ?"
സുരേഷിനും, ഹേമലതയ്ക്കും അത് സമ്മതമായിരുന്നു...
പ്രേതം പക്ഷേ ക്യാമറയിൽ കുടുങ്ങുമോ എന്ന് ഹേമലത സംശയിച്ചു.
(തുടരും)