1. മരട് ഫ്ളാറ്റ് പൊളിക്കല്‍ നടപടിയില്‍ സബ്കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോര്‍ട്ട് തെറ്റി പോയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കണം . ചീഫ് സെക്രട്ടറിയെ കൊണ്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഉടന്‍ നല്‍കണം. ഫ്ളാറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ ജാഗ്രതയോടെ അല്ല ഇടപെടുന്നത്. അടിയന്തരമായി മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണം എന്നും രമേശ് ചെന്നിത്തല. അതോടൊപ്പം, മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്കൊപ്പമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമവശം നോക്കി സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നും കോടിയേരി.
2. അതേസമയം, മരടിലെ ഫ്ളാറ്റുകള്‍ ഒഴിയാനുള്ള നോട്ടീസ് കാലാവധി അവസാനിക്കാന്‍ ഇരിക്കെ ഫ്ളാറ്റ് ഉടമകള്‍ ഇന്ന് നഗരസഭാ ഓഫീസിനു മുന്നില്‍ സമരം തുടങ്ങും. ഈമാസം 20നകം പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട നാല് സമുച്ഛയങ്ങള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സന്ദര്‍ശിക്കും.
3. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസത്തിനകം ഒഴിയണം എന്നായിരുന്നു അഞ്ച് ഫ്ളാറ്റുകളിലെ 357 കുടുംബങ്ങളോടും ഉള്ള നഗരസഭയുടെ നിര്‍ദ്ദേശം. പത്താം തീയതിയാണ് ഇത് സംബന്ധിച്ച് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയത്. നോട്ടീസ് കുടുംബങ്ങള്‍ കൈപ്പറ്റിയിട്ടില്ല എങ്കിലും ചുവരുകളില്‍ പതിപ്പിച്ച് നഗരസഭ സെക്രട്ടറി മടങ്ങുക ആയായിരുന്നു. ഫ്ളാറ്റുകള്‍ ഒഴിയില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുക ആണ് കുടുംബങ്ങള്‍.
4.അതിനിടെ, ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിന് എതിരെ ഫ്ളാറ്റുടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ട്. ഓണാവധി കഴിയുന്നതോടെ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ച് ഇരിക്കുകയാണ് ഫ്ളാറ്റുടമകള്‍. ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകുന്നത് വരെ സമരം തുടരുമെന്ന് ഫ്ളാറ്റുടമകള്‍ അറിയിച്ചു
5. മോട്ടോര്‍ വാഹന നിയമം ലംഘന മുണ്ടായാല്‍ കുറഞ്ഞ പിഴ ഒറ്റത്തവണ മാത്രം. ആദ്യം നിയമ ലംഘനം ഉണ്ടാക്കിയ വ്യക്തി വീണ്ടും നിയമം ലംഘിച്ചാല്‍ ഉയര്‍ന്ന പിഴ ഈടാക്കും. ഉയര്‍ന്ന പിഴ പ്രശ്നം പരിഹരിക്കുന്നതിന് ഗതാഗത വകുപ്പാണ് നിര്‍ദേശം മുന്നോട്ട് വച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ഗതാഗത മന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
6. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ എസ്.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണം എന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. സാബു ജാമ്യത്തില്‍ നില്‍ക്കുന്നത് സുഗമമായ അന്വേഷണത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാബുവിന് കഴിയും. കസ്റ്റഡി പീഡനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിന് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നും സര്‍ക്കാര്‍ സുപ്രീകോടതിയില്‍.
7. അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വിദേശ ബാങ്കിലെ നിക്ഷേപത്തില്‍ ആണ് നോട്ടീസ്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും 3 മക്കള്‍ക്കും ആണ് നോട്ടീസ്. ഒരു ദേശീയ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആദായ നികുതി വകുപ്പിന്റെ മുംബയ് യൂണീറ്റാണ് നോട്ടീസ് നല്‍കിയത്. 2015ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നോട്ടീസ്. മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.
8. ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ അക്കൗണ്ടിനെ കുറച്ച് വിശദീകരണം തേടി. ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിനെ കുറിച്ചാണ് വിശദീകരണം തേടിയത്. ഈ അക്കൗണ്ടിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് അംബാനി കുടുംബമാണെന്ന് നികുതി വകുപ്പ്. അതേസമയം, അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചു എന്ന വാര്‍ത്ത അംബാനി കുടംുബത്തിന്റെ വക്താവ് നിഷേധിച്ചു.
9. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ഇല്ലാതെ ആക്കുന്നതിന്റെ ഭാഗമായി 12 തരം പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാന്‍ ഒരുങ്ങി കേന്ദ്രം. സമയം എടുത്ത് പൂര്‍ണ്ണമായും ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ഇല്ലാതാക്കുക ആണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. ഘട്ടം ഘട്ടമായി ആയിരിക്കും പ്ലാസ്റ്റിക് നിരോധിക്കുക. നിരോധിക്കേണ്ട പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കി സര്‍ക്കാര്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സമര്‍പ്പിക്കും.
10. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം 2022 ഓടെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപ്പിലാക്കി വരികയാണ്. പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനികളോട് നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പകരം വയ്ക്കാവുന്ന വസ്തുക്കള്‍ നിര്‍ദ്ദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബീവറേജസില്‍ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകള്‍, സിഗരറ്റ് ബട്ട്സില്‍ ഉപയോഗിക്കുന്ന തെര്‍മോകോള്‍ എന്നിവയും നിരോധിക്കുന്ന പ്ലാസ്റ്റിക്കുകളില്‍ ഉള്‍പ്പെടും.
11. ഇന്ത്യയ്ക്ക് എതിരെ പ്രകോപനപരമായ പരാമര്‍ശവും ആയി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ അമേരിക്കയും ചൈനയും റഷ്യയും ഇടപെടണം എന്നും പ്രമുഖ രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണം എന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ഇന്ത്യാ പാക് ബന്ധം സ്‌ഫോടന ആത്മകമാണ് എന്നും ഇമ്രന്‍ ഖാന്‍.
12. അതേസമയം, കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിയെ സമീപിച്ചത് കൊണ്ട് കാര്യമില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്കിയിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചാലും ഇന്ത്യക്ക് എതിരായ കേസ് നില നില്‍ക്കില്ല എന്നാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കി ഇരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് തിരിച്ചടി ഏറ്റതിന് പിന്നാലെയാണ് ലോക രാജ്യങ്ങളുടെ സഹായം തേടി പാകിസ്ഥാന്‍ രംഗത്ത് എത്തിയത്.