ചെന്നൈ: ഫ്ലക്‌സ് ബോർഡ് പൊട്ടിവീണ് സ്കൂട്ടറിൽ യാത്ര ചെയ്ത യുവതി ടാങ്കർ ലോറിയുടെ അടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിക്കരുതെന്ന കോടതി ഉത്തരവ് നടപ്പിലാക്കാത്തതാണ് വിമർശനത്തിന് കാരണം. എത്ര ലിറ്റർ രക്തം കൊണ്ടാണ് റോഡുകൾ ചായം പൂശുക എന്നായിരുന്നു സർക്കാരിനോട് ഹൈക്കോടതി ചോദിച്ചത്.
'രാജ്യത്തെ ജനങ്ങളുടെ ജീവന് യാതൊരു വിലയുമില്ല. ഇത് ബ്യൂറോക്രാറ്റിക് അനാസ്ഥയാണ്. കഷ്ടം, സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു" കോടതി വിമർശിച്ചു. യുവതിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇനി ഫ്ലക്സുകൾ സ്ഥാപിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
യുവതിയുടെ മരണത്തെത്തുടർന്ന് സോഷ്യൽ മീഡിയയിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിന് ഉപ മുഖ്യമന്ത്രി ഒ പനീർ ശെൽവത്തെ ഉൾപ്പെടെയുള്ളവരെ സ്വാഗതം ചെയ്യാൻവച്ച ഫ്ലകസ് ബോർഡാണ് ശുഭശ്രീ എന്ന 25കാരിയുടെ ദേഹത്തേക്ക് വീണത്.
സംഭവത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന നടപടിയാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന വ്യാപകമായ ആക്ഷേപമുണ്ട്. ഫ്ലക്സ് പ്രിന്റ് ചെയ്ത സ്ഥാപനം അടച്ചു പൂട്ടി. എന്നാൽ വീഴ്ച വരുത്തിയ നഗരസഭയിലെ ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും ഇല്ല. വൻ പ്രതിഷേധം ഉയർന്നപ്പോൾ മാത്രമാണ് കുറ്റക്കാരനായ ചെന്നൈ കോര്‍പറേഷന്‍ മുൻ കൗണ്‍സിലര്‍ കൂടിയായ ഭരണകക്ഷി നേതാവിനെതിരെ നടപടിയെടുത്തത്. കൂടാതെ യുവതിയുടെ ശരീരത്തിലേക്ക് കയറിയ ടാങ്കർ ലോറിയുടെ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു.