ന്യൂഡൽഹി: നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവ് ഉദയൻരാജെ ഭോസാലെ തന്റെ എം.പി സ്ഥാനം രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയിൽ അംഗമായത്. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷ നീക്കങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന നേതാവ് പാർട്ടി വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളിൽ ആകൃഷ്‌ടനായാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്ന് ഛത്രപതി ശിവാജി മഹാരാജിന്റെ അനന്തരാവകാശികളിൽ ഒരാളായ ഉദയൻരാജെ വ്യക്തമാക്കി.
ബി.ജെ.പി, അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ പ്രവർത്തനങ്ങളിലും ആശയങ്ങളിലും ആകൃഷ്‌ടനായാണ് ഞാൻ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചത്. രാജ്യത്തെ ശാക്തീകരിക്കുന്നതിന് വേണ്ടി ശിവാജി മഹാരാജിന്റെ പാത പിന്തുടർന്ന് ബി.ജെ.പി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാവിലെയാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ സന്ദർശിച്ച ഉദയൻരാജെ തന്റെ രാജി സമർപ്പിക്കുകയായിരുന്നു. പിന്നീട് അമിത് ഷായുടെ വസതിയിലെത്തിയ അദ്ദേഹം ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി. തുടർന്നാണ് പാർട്ടി ആസ്ഥാനത്തെത്തി അംഗത്വം കൈപ്പറ്റിയത്.
നേരത്തെ എൻ.സി.പി നേതാക്കളായ ശിവേന്ദർസിംഗ് ബോസാലേ, സന്ദീപ് നായിക്ക്, വൈഭവ് പിച്ചാദ് എന്നിവരും പാർട്ടിയുടെ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ചിത്രാ വാഗ് എന്നിവർ ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ ചില നേതാക്കൾ ശിവസേനയിലേക്കും പോയി. പുതിയ നീക്കം തിരഞ്ഞെടുപ്പ് ഗോദയിൽ എൻ.സി.പിക്ക് തിരിച്ചടിയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി
അതേസമയം, ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ വിജയ് ഗോദ്‌മെറെ പാർട്ടി വിട്ട് എൻ.സി.പിയിൽ ചേർന്നത് ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയായി. നാഗ്പൂർ ജില്ലയിലെ ഹിങ്കണ മണ്ഡലത്തിൽ നിന്നാണ് വിജയ് ഗോദ്മറെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി അദ്ധ്യക്ഷൻ ശരത് പവാർ ആവശ്യപ്പെടുന്നത് പോലെ പ്രവർത്തിക്കാൻ താൻ തയ്യാറാണെന്ന് വിജയ് ഗോദ്മറെ പറഞ്ഞു.