വാഷിംഗ്ടൺ: തങ്ങളുടെ ഫൈറ്റർ വിമാനമായ എഫ്-35ന്റെ സാങ്കേതിവിദ്യ ചൈന മോഷ്ടിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവായ ജോൺ ബോൾട്ടനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈന പുതുതായി നിർമ്മിക്കുന്ന യുദ്ധ വിമാനത്തിലാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്നാണ് ജോൺ ബോൾട്ടൺ പറയുന്നത്. എന്നാൽ കൃത്യമായി ഏത് വിമാനത്തിലാണ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല.
ചൈനയുടെ അഞ്ചാം തലമുറയിലെ ഫൈറ്റർ വിമാനം എഫ്-35നോട് വളരെ സമാനതകളുളളതാണ്. സമാനത മാത്രമല്ല, അത് എഫ്-35 തന്നെയാണ്. അവർ അതു മോഷ്ടിച്ചു- ബോൾട്ടൺ പറഞ്ഞു. അതേസമയം, ചൈനയുടെ ജെ-20 യുദ്ധ വിമാനമായിരിക്കാം അദ്ദേഹത്തിന്റെ മനസിലുള്ളതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. നിലവിലെ ചൈനീസ് വിമാനങ്ങളിൽ ജെ-20ക്ക് മാത്രമാണ് എഫ്-35നോട് സാമ്യമുള്ളത്. എന്നാൽ അത് എഫ്-35നേക്കാൾ വലുതാണെന്നാണ് മറ്റൊരു വസ്തുത. കൂടാതെ ഇരട്ട എഞ്ചിനുകളുമുണ്ട്. രണ്ട് മോഡലുകൾക്കും തമ്മിലുള്ള പ്രധാന സാമ്യമെന്നു പറയുന്നത് ഇരു വിമാനങ്ങളും ഒളിയാക്രമണങ്ങൾക്കായി രൂപകൽപന ചെയ്ത ഫൈറ്റർ വിമാനങ്ങളാണ് എന്നതാണ്.
അതേസമയം, ചൈനയുടെ ഷെന്യാംഗ് എഫ്.സി-31വിമാനത്തെയായിരിക്കാം ബോൾട്ടൺ ഉദ്ദേശിച്ചതെന്ന് വാദിക്കുന്ന വിദഗ്ദ്ധരും ഉണ്ട്. ഈ മോഡലിന്‍ എഫ്-35 നോട് സാമ്യമുണ്ട്. എന്നാൽ കഴിഞ്ഞ പത്തുവർഷ കാലയളവിൽ വെറും രണ്ട് വിമാനങ്ങൾ മാത്രമാണ് ചൈന നിർമ്മിച്ചത്. അവയെ പരീക്ഷണപറക്കലിന് പോലും വിധേയമാക്കാൻ ചൈനയ്ക്ക് സാധിച്ചിട്ടില്ല. അതേസമയം, ബോൾട്ടന്റെ ആരോപണത്തെ ചൈന എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. എന്നാൽ
കഴിഞ്ഞ പല വർഷങ്ങളായി തങ്ങളുടെ യുദ്ധ സാങ്കേതികവിദ്യ ചൈന മോഷ്ടിക്കുന്നുവെന്ന് അമേരിക്ക വിലപിക്കാറുണ്ട്.