subha

ചെന്നൈ: ചെന്നൈ നഗരത്തിൽ അണ്ണാ ഡി.എം.കെ നേതാവിന്റെ മകന്റെ വിവാഹത്തിന് സ്ഥാപിച്ച അനധികൃത ഫ്ളക്സ് ബോർഡ് തലയിൽ വീണ് യുവതി മരിച്ച സംഭവത്തിൽ സർക്കാരിനെ ശക്തമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി ഇനിയും എത്ര പേരുടെ രക്തം വീണാലാണ് നിങ്ങൾ പഠിക്കുകയെന്ന് ചോദിച്ചു. ചെന്നൈയിൽ സോഫ്റ്റ്‌‌വെയർ എൻജിനിയറായ ശുഭശ്രീയാണ് (23) കഴിഞ്ഞ വ്യാഴാഴ്ച അപകടത്തിൽ മരിച്ചത്. ശുഭശ്രീയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

'എത്ര ലിറ്റർ രക്തം കൊണ്ടാണ് സർക്കാർ റോഡുകൾ ചായംപൂശാനൊരുങ്ങുന്നത്?. പൊതുസ്ഥലത്ത് ഫ്ളക്സ് നിരോധനം നടപ്പാക്കാത്തത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ്. വിഷയത്തിൽ ഉത്തരവുകൾ ഇറക്കി മടുത്തു. ശുഭശ്രീയുടെ മരണത്തിന്റെ ഉത്തരവാദിത്വം സർക്കാരിനുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.'- കോടതി പറഞ്ഞു. വിഷയത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

ഭരണകക്ഷിയുടെ പ്രമുഖ നേതാവും ചെന്നൈ കോർപറേഷൻ മുൻ കൗൺസിലറുമായ ജയഗോപാലിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം ഉൾപ്പെടെയുള്ളവരെ സ്വാഗതം ചെയ്യാൻ വച്ച ഫ്ളക്സ് കാറ്റിൽ പറന്ന് ശുഭശ്രീയുടെ സ്‌കൂട്ടറിലേക്ക് വീഴുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഫ്ളക്സ് വീണ് ബാലൻസ് തെറ്റിയ യുവതിയുടെ വാഹനത്തിൽ തൊട്ടുപിന്നാലെ വന്ന ടാങ്കർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ പൊലീസ് നടപടിയെടുത്തു.

ഫ്ളക്സ് ബോർഡ് പ്രിന്റ് ചെയ്ത സ്ഥാപനം പൂട്ടി സീൽ വയ്ക്കുകയായിരുന്നു ആദ്യനടപടി. തുടർന്ന് യുവതിയെ ഇടിച്ചിട്ട വാട്ടർ ടാങ്കർ ലോറി ഡ്രൈവറെ പിടികൂടി മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. കോടതി രൂക്ഷമായി വിമർശിച്ചതോടെയാണ് ജയഗോപാലിനെതിരെ കേസെടുത്തത്. കോടതി നിർദ്ദേശം അനുസരിച്ച് ഉത്തരവാദപ്പെട്ട കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും.

 സംഭവം ഖേദകരമാണെന്നും ബാനറുകളും ഫ്ളക്സുകളും ഉപയോഗിക്കുന്ന പരിപാടിയിൽ ഇനി പങ്കെടുക്കില്ലെന്നും ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ ട്വീറ്റ് ചെയ്തു. ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കാൻ പാടില്ലെന്നു രാഷ്ട്രീയ പാർട്ടികൾ അണികൾക്കു നിർദ്ദേശം നൽകി. ഡി.എം.കെ, അണ്ണാ ഡി.എം.കെ പാർട്ടികൾ മദ്രാസ് ഹൈക്കോടതിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചു.

ക്രോംപെട്ട് നിവാസികളായ രവി - ഗീത ദമ്പതികളുടെ ഏക മകളായിരുന്നു ശുഭശ്രീ.

പഠനത്തിൽ മിടുക്കിയായ ശുഭശ്രീ കാനഡയിലേക്ക് ഉപരിപഠനത്തിനു പോകാനായി ഐ.ഇ.എൽ.ടി.എസ് പരീക്ഷ എഴുതി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സൂംബ നൃത്തത്തിൽ അംഗീകൃത പരിശീലകയായിരുന്നു. വീട്ടിൽ തന്നെ സോപ്പുകളും പെർഫ്യൂമുകളും തയ്യാറാക്കി വിൽക്കുന്ന ചെറുകിട സംരംഭവും നടത്തിയിരുന്നു.