dyfi

തൊടുപുഴ: ചതയ ദിനത്തിൽ മദ്യം നൽകാത്തതിന്റെ വൈരാഗ്യത്തിൽ തൊടുപുഴയിലെ ബാറിൽ അക്രമം കാട്ടിയ രണ്ട് പ്രവർത്തകരെ പുറത്താക്കിയതായി ഡി.വൈ.എഫ്.ഐ അറിയിച്ചു. മുതലക്കോടത്തെ ഭാരവാഹികളായ ജിത്തു, മാത്യൂസ് കൊല്ലപ്പള്ളി എന്നിവർക്കെതിരെയാണ് നടപടി.

തൊടുപുഴയിലെ ബാർ ഹോട്ടലിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നേമുക്കാലോടെ മദ്യം ചോദിച്ചെത്തിയ എസ്.എഫ്‌.ഐ തൊടുപുഴ ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്‌.ഐ മുതലക്കോടം മേഖല കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ മാത്യൂസ് കൊല്ലപ്പിള്ളി ഉൾപ്പെട്ട നാലംഗ സംഘം റിസപ്ഷനിസ്റ്റിനെ മർദിച്ച്, പോക്കറ്റിലുണ്ടായിരുന്ന 22,000 രൂപ അപഹരിച്ചെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് നടപടി. തൊടുപുഴയിലെ ഇടുക്കി റോഡിലുള്ള സിസിലിയ ഹോട്ടലിൽ വെള്ളിയാഴ്ച പുലർച്ചെ എത്തിയ സംഘമാണ് അക്രമം നടത്തി പണം പിടിച്ചുപറിച്ചു മുങ്ങിയത്. തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് മനസിലായെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പുറത്താക്കിയതെന്നും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അരുൺ പറഞ്ഞു.

മാത്യൂസ് കൊല്ലപ്പിള്ളി ഉൾപ്പെട്ട സംഘമാണ് അക്രമം നടത്തിയതെന്ന് ഹോട്ടലിലെ സി.സി..ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സ്ഥിരീകരിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. സംഭവം ഒതുക്കിത്തീർക്കാൻ എസ്.എഫ്‌.ഐയുടെ മുൻ ജില്ലാ ഭാരവാഹിയും തൊടുപുഴയിലെ സി.പി.എം പ്രാദേശിക നേതാവും നീക്കം നടത്തിയതായി ആരോപണമുണ്ട്. നേരത്തെ കെ.എസ്‌.യുവിൽ പ്രവർത്തകനായിരുന്ന മാത്യൂസ് കൊല്ലപ്പിള്ളി രണ്ടു വർഷം മുൻപാണ് എസ്.എഫ്‌.ഐയിൽ ചേർന്നത്.