nirmala-seetharaman

ന്യൂഡൽഹി: കയറ്റുമതിക്ക് കരുത്തേകാൻ നികുതി ഇളവിന് പുതിയ പദ്ധതി. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ മാതൃകയിൽ രാജ്യത്തെ നാല് നഗരങ്ങളിൽ ഷോപ്പിംഗ് ഉത്സവം. കയറ്റുമതിക്ക് മൂലധന വായ്പ നൽകുന്ന ബാങ്കുകൾക്ക് ഉയർന്ന ഇൻഷ്വറൻസ് പരിരക്ഷ. ഭവന നിർമ്മാണ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കാൻ 20,​000 കോടിയുടെ ഫണ്ട്. പലിശ ഭാരം കുറയ്‌ക്കാൻ പുതിയ പദ്ധതികൾ.

സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്ന് ഉണർവിലേക്ക് നയിക്കാൻ ധനമന്ത്രി നിർമ്മലാ സീതാരാമൻ മൂന്നാം ഗഡുവായി ഇന്നലെ പ്രഖ്യാപിച്ച നടപടികളാണിവ. വാഹന വ്യവസായത്തെ രക്ഷപ്പെടുത്താനും പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാല് മെഗാ ബാങ്കുകൾ രൂപീകരിക്കാനുമുള്ള നടപടികളാണ് നേരത്തേ രണ്ട് തവണയായി മന്ത്രി പ്രഖ്യാപിച്ചത്.

പ്രഖ്യാപനങ്ങൾ

കയറ്റുമതി മേഖല

കയറ്റുമതി മേഖലയ്‌ക്ക് അധിക വായ്പയ്‌ക്കായി 36,​000 മുതൽ 68,​000 കോടി രൂപ വരെ

കയറ്റുമതി വർദ്ധിപ്പിക്കാൻ 2020 മാർച്ച് മുതൽ നാല് വലിയ നഗരങ്ങളിൽ ദുബായ് മാതൃകയിൽ വാർഷിക മെഗാ ഷോപ്പിംഗ് ഫെസ്‌‌റ്റിവൽ

 ജെംസ് ആൻഡ് ജുവലറി / കരകൗശലം / യോഗ / ടൂറിസം - ടെക്‌സ്‌റ്റൈൽസ് - ലെതർ എന്നീ നാല് വിഭാഗങ്ങളിലായിരിക്കും ഫെസ്‌റ്റിവൽ.

വായ്‌പകൾക്ക് ബാങ്കുകൾക്ക് ഉയർന്ന ഇൻഷ്വറൻസ് പരിരക്ഷ.

ഈ ഇനത്തിൽ സർക്കാരിന് വർഷം 1,700 കോടിയുടെ ബാദ്ധ്യത

കയറ്റുമതി (പ്രധാനമായും ടെക്‌സ്‌റ്റൈൽ)​ മേഖലയ്‌ക്ക് അടച്ച നികുതി റീഫണ്ട് ചെയ്യാൻ 2020 ജനുവരി ഒന്നു മുതൽ പുതിയ പദ്ധതി (റെമിഷൻ ഒഫ് ഡ്യൂട്ടീസ് ഓർ ടാക്‌സസ് ഓൺ എക്‌സ്‌പോർട്ട് പ്രോഡക്‌ട്‌സ് )​

രണ്ടു ശതമാനം വരെ ഇൻസെന്റീവ് നൽകുന്ന നിലവിലുള്ള പദ്ധതികൾ ഡിസംബർ 31വരെ മാത്രം.

പുതിയ സ്‌കീമിൽ രണ്ടു ശതമാനത്തിലേറെ ഇൻസെന്റീവ്. ഇതുവഴി കേന്ദ്രസർക്കാരിന് 50,​000 കോടിയുടെ വരുമാന നഷ്‌ടം

ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിന് ഇലക്‌ട്രോണിക് റീഫണ്ട്.

 കയറ്റുമതി സമയം ലാഭിക്കാൻ തുറമുഖങ്ങളിലും​ വിമാനത്താവളങ്ങളിലും കസ്‌‌റ്റംസ് നടപടികൾ ലോകനിലവാരത്തിൽ പരിഷ്‌കരിക്കും.

 കൈത്തറി കയറ്റുമതി കൂട്ടാൻ ഇ-കൊമേഴ്‌സ് വർദ്ധിപ്പിക്കും.

ഭവന നിർമ്മാണ മേഖല

 ഭവന നിർമ്മാണ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കാൻ 20,​000 കോടി

ഇതിൽ 10,000 കോടി സർക്കാരിന്റെയും 10,000 കോടി ബാഹ്യ ഏജൻസികളുടെയും

 മുടങ്ങിക്കിടക്കുന്ന 3.5 ലക്ഷം ഭവന പദ്ധതികൾക്ക് ഗുണം ലഭിക്കും

 ഭവന പദ്ധതികൾക്ക് പണലഭ്യത ഉറപ്പാക്കാൻ പ്രത്യേക ജാലകം

 കിട്ടാക്കടമായതും നിയമ നടപടികൾ നേരിടുന്നതുമായ പദ്ധതികൾക്ക് സഹായമില്ല

 സർക്കാർ ഉദ്യോഗസ്ഥർക്കും ഇടത്തരം വരുമാനക്കാർക്കും പുതിയ വീട് വാങ്ങാൻ അഡ്വാൻസ് തുകയുടെ പലിശ കുറയ്‌ക്കും

 പ്രധാനമന്ത്രി ആവാസ് യോജനയിൽ കൂടുതൽ ഇളവുകൾ

ഭവന നിർമ്മാതാക്കൾക്ക് വിദേശ ഫണ്ട് സ്വീകരിക്കാൻ ചട്ടങ്ങൾ ലളിതമാക്കും.

വായ്‌പകൾ / നികുതികൾ

പലിശഭാരം കുറയ്‌ക്കാൻ റിപ്പോ അധിഷ്‌ഠിത വായ്‌പാ പദ്ധതികൾ.

 പൊതുമേഖലാ ബാങ്ക് മേധാവികളുമായി ഈ മാസം 19ന് ചർച്ച

 ചെറിയ നികുതി വെട്ടിപ്പ് കേസുകൾ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല.

 25 ലക്ഷം രൂപയിൽ താഴെയുള്ള ആദായ നികുതി പരാതികളിൽ നടപടിക്ക് രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണം