drone

ദുബായ്: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിൽ ഒന്നായ സൗദി അരാംകോയുടെ സംസ്‌കരണ ശാലയിലും എണ്ണപ്പാടത്തും ഇന്നലെ പുലർച്ചെ നടന്ന ഡ്രോൺ ആക്രമണങ്ങളിൽ വൻ തീപിടിത്തമുണ്ടായി. ആളപായം ഉണ്ടോ എന്ന് വ്യക്തമായിട്ടില്ല. തീ അണയ്‌ക്കാൻ ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണെന്ന് സൗദി സർക്കാർ അറിയിച്ചു.

മുൻപ് സൗദിയിൽ ഡ്രോൺ ആക്രമണം നടത്തിയിട്ടുള്ള യെമനിലെ ഹൂതി വിമതർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. രണ്ടിടത്തുമായി പത്ത് ഡ്രോണുകൾ (പൈലറ്റ് ഇല്ലാതെ പറക്കുന്ന ചെറുവിമാനങ്ങൾ) ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതികളുടെ ഉപഗ്രഹ വർത്താ ചാനലായ അൽ - മസീറയിലൂടെ അവരുടെ സൈനിക വക്താവായ യാഹിയ സരീ അറിയിച്ചു. സൗദി സർക്കാർ തങ്ങളെ തുടർന്നും ആക്രമിച്ചാൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന മുന്നറിയിപ്പും നൽകി.

ആക്രമണത്തെ പറ്റി സൗദി അരാംകോ പ്രതികരിച്ചിട്ടില്ല.

കിഴക്കൻ സൗദി അറേബ്യയിലെ ബുഖ്‍യാഖിലെ എണ്ണ ശുദ്ധീകരണ പ്ലാന്റിലും ഖുറൈസിലെ എണ്ണപ്പാടത്തുമാണ് ആക്രമണമുണ്ടായത്. ബുഖ്‍യാഖിലെ പ്ലാന്റ് മുൻപ് ഭീകരർ ആക്രമിച്ചിട്ടുണ്ട്. 2006ൽ അൽക്വ ഇദയുടെ ചാവേറുകൾ ഇവിടെ ആക്രമിക്കാൻ നടത്തിയ ശ്രമം വിഫലമായിരുന്നു.

സൗദി തലസ്ഥാനമായ റിയാദിൽനിന്ന് 330 കിലോമീറ്റർ അകലെയാണ് ബുഖ്‍യാഖ്.

തീപിടിത്തങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ബുഖ്‍യാഖിലെ ദൃശ്യങ്ങളിൽ വെടിയൊച്ച കേൾക്കാമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടിടത്തും തീജ്വാലകളും പുകപടലങ്ങളും ആകാശത്തോളം ഉയർന്നു.
ബുഖ്‌യാഖിലെ പ്ലാന്റ് ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയായാണ് കമ്പനി തന്നെ വിശേഷിപ്പിക്കുന്നത്. ദിവസം എഴുപത് ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇവിടെ സൾഫർ മുക്തമാക്കി ശുദ്ധീകരിക്കുന്നത്. ശുദ്ധീകരിച്ച എണ്ണ പേർഷ്യൻ ഗൾഫിലെയും ചെങ്കടൽ മേഖലയിലെയും തുറമുഖങ്ങളിലേക്ക് അയയ്‌ക്കുന്നു.

തീപിടിത്തം ഇന്ധന ഉത്പാദനത്തെ ബാധിക്കുമോ എന്ന് വ്യക്തമായിട്ടില്ല. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിനിടെ ഡ്രോൺ ആക്രമണം മേഖലയിൽ കൂടുതൽ പ്രശ്നങ്ങൾക്കു വഴിയൊരുക്കുമെന്നാണു കരുതുന്നത്.

2015 മാർച്ച് മുതൽ സൗദി സഖ്യസേന വിമതർക്കെതിരെ പോരാട്ടത്തിലാണ്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ യെമൻ തലസ്ഥാനമായ സനാ ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു.