ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും വേനലും മഴയും കടന്ന് കിളിമാനൂർ മധു മരണത്തിന്റെ സുഖശീതളിമയിലേക്കു യാത്രയായി. ഓർമ്മയിൽ ഒരുപാട് സ്നേഹനിമിഷങ്ങൾ ബാക്കിയാണ്. ഒടുവിൽ താമസിച്ചിരുന്ന കുമാരപുരത്തെ വാടകവീട്ടിൽ ഇന്നലെ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ സഹധർമ്മിണിയോട് പറഞ്ഞു- തളിയിലെ വീട്ടിൽനിന്നു കഴിച്ച കഞ്ഞിയുടെയും പയറിന്റെയും പപ്പടത്തിന്റെയും രുചി ഇപ്പോഴും നാവിലുണ്ടെന്ന്. അമ്മ ഭൂമിയുടെ ഉത്തരം എന്ന കവിത ഏത് പുസ്തകത്തിലാണെന്ന് ചോദിച്ചപ്പോൾ 'ചെരുപ്പു കണ്ണട"എടുത്തുതന്നു. വരികൾ ഓർമ്മയുണ്ടായിരുന്നു എനിക്ക്-
ഓരോ വഴിമരച്ചോല കാണുമ്പോഴും, അമ്മേ
നീയാണതെന്നു നിനച്ചു നീറുന്നു ഞാൻ-
എന്നാണ് കവിത തുടങ്ങുന്നത്. അമ്മ എന്നാൽ ഭൂമിയാണെന്ന് ഓർമ്മപ്പെടുത്തുന്ന ഈ കവിതയുടെ ആനുകാലിക പ്രസക്തി രണ്ടു പ്രളയം അനുഭവിച്ച മനുഷ്യരെ ഓർമ്മപ്പെടുത്താൻ ഒരു വിമർശകന്റെ ആവശ്യം ഇല്ല. അല്ലെങ്കിൽത്തന്നെ ഇപ്പോഴത്തെ സാഹിത്യവിമർശക വേഷങ്ങൾക്കു മനസിലാകുന്നതല്ലല്ലോ കവിത. ഈ കവിത അവസാനിക്കുന്നതിങ്ങനെ-
' മാറോടു ചേർക്കൂ മകനെ, തിരിച്ചെത്തും
ജീവിതത്തിനെ തൊട്ടുവിളിക്കൂ, വിളിക്കൂ നീ..."
ഇനി അങ്ങനെ ഒരു വിളി കേൾക്കാൻ കിളിമാനൂർ മധു ഇല്ല.
ഓർമ്മകൾ ചിറകടിച്ചെത്തുന്നു. ഒരു വർഷം മുമ്പ് ഒരു പ്രഭാതത്തിൽ ഗേറ്റിൽ മുട്ടുകേട്ട് തുറന്നു നോക്കുമ്പോൾ കിളിമാനൂർ മധു. നടക്കാനിറങ്ങിയപ്പോൾ പുതിയ പുസ്തകം തരാമെന്നു കരുതിയാണ് കവി വന്നത്. വിവാഹം കഴിയുന്ന ഓരോ വാക്കും എന്ന സമാഹാരം തരുമ്പോൾ ഗോവയിൽ ബിറ്റ്സ് പിലാനിയിൽ പഠിക്കുകയായിരുന്ന എന്റെ മകൻ അമൽ വിഘ്നേഷും അരികിലുണ്ടായിരുന്നു. വിശേഷങ്ങൾ ചോദിച്ചപ്പോൾ നാളത്തെ ട്രെയിനിൽ തിരികെപ്പോകുമെന്ന് അവൻ പറഞ്ഞു. ഏത് ട്രെയിനെന്ന ചോദ്യത്തിന്റെ മറുപടി കേട്ടപ്പോൾ മധുവണ്ണൻ പറഞ്ഞു. 'അത് ഇന്ന് രാത്രിയല്ലേ' എന്ന്. ഓൺലൈനിൽ ടിക്കറ്റ് പരിശോധിച്ചപ്പോൾ ശരിയാണ് - അന്നേ ദിവസത്തെ ട്രെയിനാണ്. അത് ഓർമ്മപ്പെടുത്താനായി വന്നതാണോ മധുവണ്ണൻ. ആയിരിക്കാം. അതേ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഇന്നലെ പുലർച്ചെ അമലിന്റെ അമ്മ ആമിന മരണവിവരം അറിഞ്ഞപ്പോൾ ആദ്യം പറഞ്ഞതും ഇക്കാര്യമാണ്. ഈ ഓണത്തിന് മധുവണ്ണനെക്കൂടി വിളിക്കണമെന്നുണ്ടായിരുന്നു. അത് നടന്നില്ല. ശ്വാസകോശ കാൻസർ ബാധിച്ച കവിക്ക് കീമോ കൊടുക്കുമ്പോഴെല്ലാം ഒപ്പം കൂട്ടിനുണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായിരുന്ന തിരക്കഥാകൃത്ത് എസ്.ഭാസുരചന്ദ്രനാണ്. അദ്ദേഹം പറഞ്ഞു- ഒരു വിഭാഗത്തിലും പെടുത്താൻ ആവാത്ത കവിയാണ് മധു. കുന്നും കുഴിയും പേരറിയാത്ത മരങ്ങളും നിറഞ്ഞ ഏതോ മലയോരഗ്രാമത്തിന്റെ ഭാഷയും കാവ്യബിംബങ്ങളുമാണ് മധുവിന്റെ കവിതകളെ നയിക്കുന്നത്. അത് തിരിച്ചറിഞ്ഞ് അടയാളപ്പെടുത്താനാവാത്തത് മലയാളവിമർശനത്തിന്റെ പരിമിതി എന്ന്. പച്ചയായ ഒരു ഗ്രാമീണമുഖമുണ്ട് കിളിമാനൂർ മധുവിന്റെ കവിതകളിൽ. അതിന്റെ ഗുണവും പരിമിതിയുമെല്ലാം കാവ്യാസ്വാദനത്തെയും ഏറെ ബാധിച്ചിരുന്നു.
ഒരു മാസം മുമ്പാണ് ഡോ. സുധാവാര്യർ വിവർത്തനം ചെയ്ത അദ്ദേഹത്തിന്റെ കവിതകളുടെ ഇംഗ്ലീഷ് സമാഹാരം ദി നെയിം ഒഫ് ലൈഫ് എനിക്കു തന്നത്. അന്നുമുതൽ എനിക്കൊപ്പം അത് യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കൊരു ദിവസം വിളിച്ചപ്പോൾ ചോദിച്ചു 'നീ എന്താ അതിനെക്കുറിച്ച് എഴുതാത്തത് "എന്ന്. അന്ത്യനിദ്രകൊള്ളുന്ന ആ ശരീരത്തിനരികിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് സംവിധായകൻ ഹരികുമാറും അതിനെക്കുറിച്ചാണ് ചോദിച്ചത്. ഇന്ദ്രബാബുവിന് സ്വന്തം കിളിമാനൂർ മധു എന്നെഴുതി ഒപ്പിട്ട ആ പുസ്തകം അപ്പോഴും എന്നരികിൽ ഉണ്ടായിരുന്നു.
(ലേഖകന്റെ ഫോൺ :9946108218)