തിരുവനന്തപുരം : ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരും റീജിയണൽ കാൻസർ സെന്ററും (ആർ.സി.സി) സംയുക്തമായി മാലദ്വീപ് ആരോഗ്യ മന്ത്രാലയവുമായി നാളെ കരാറിലൊപ്പിടും. മുഖ്യമന്ത്രി പിണറായി വിജയൻ, മാലദ്വീപ് ആരോഗ്യമന്ത്രി അബ്ദുള്ള അമീൻ എന്നിവരാണ് കരാറിൽ ഒപ്പുവയ്ക്കുക.
മന്ത്രിമാരായ കെ.കെ. ശൈലജ, കടകംപള്ളി സരേന്ദ്രൻ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആർ.സി.സി. ഡയറക്ടർ ഡോ. രേഖ എ. നായർ എന്നിവർ സംബന്ധിക്കും. അയൽരാജ്യമായ മാലദ്വീപിൽനിന്ന് നിരവധി പേരാണ് കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സ തേടി കേരളത്തിലെത്തുന്നത്. മാലദീപ് സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് കാൻസർ ചികിത്സാ രംഗത്ത് കേരളം സഹായിക്കുന്നത്. കാൻസർ പ്രതിരോധം, ചികിത്സ, രോഗനിർണയ സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്ന ആശുപത്രികൾ സ്ഥാപിക്കാൻ റീജിയണൽ കാൻസർ സെന്റർ മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തെ സഹായിക്കും.
മാലദ്വീപിലെ ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ലബോറട്ടറി ജീവനക്കാർ എന്നിവർക്ക് ആർ.സി.സി.യിൽ പ്രത്യേക പരിശീലനം നൽകും. ആർ.സി.സി.യിലെ ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക പ്രവർത്തകർ എന്നിവർക്ക് മാലദ്വീപിലെ കാൻസർ ആശുപത്രികളിൽ ഡെപ്യൂട്ടഷൻ നൽകാനും കരാറിൽ വ്യവസ്ഥയുണ്ട്. ഏറെ പ്രത്യേകതകളുള്ള മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ് സംവിധാനം ഉൾപ്പെടെയുള്ളവ മാലദ്വീപുകാർക്ക് ഉപയോഗപ്പെടത്തക്ക വിധത്തിലായിരിക്കും പരിശീലനം.