mukesh-ambani-nita-ambani

മുംബയ്: കണക്കിൽപ്പെടാത്ത വിദേശ സ്വത്തുക്കളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്നു മക്കൾക്കും ആദായനികുതി വകുപ്പ് നോട്ടീസ് നൽകി. നിരവധി രാജ്യങ്ങളിലെ ഏജൻസികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ, 2015ലെ കള്ളപ്പണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി.

'വെളിപ്പെടുത്താത്ത വിദേശ വരുമാനവും സ്വത്തുക്കളും' ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാർച്ച് 28 നാണ് നോട്ടീസ് നൽകിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2011ൽ എച്ച്.എസ്.ബി.സി ജനീവയിൽ 700 ഇന്ത്യൻ വ്യക്തികളുടെയും അക്കൗണ്ടുകളുള്ള സ്ഥാപനങ്ങളുടെയും കണക്കിൽ കാണിക്കാത്ത വിവരങ്ങൾ സർക്കാരിന് ലഭിച്ചിരുന്നു. 601 മില്യൺ ഡോളർ നിക്ഷേപമുള്ള എച്ച്.എസ്.ബി.സി ജനീവയിലെ 14 അക്കൗണ്ടുകൾ അംബാനി കുടുംബവുമായി ബന്ധമുള്ളതാണെന്നും ഒരു അക്കൗണ്ടിന്റെ നേരിട്ടുള്ള ഗുണഭോക്താക്കൾ അംബാനി കുടുംബമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്. എന്നാൽ ഇക്കാര്യങ്ങൾ അംബാനി കുടുംബം നിഷേധിച്ചു.

2003ൽ രൂപം കൊടുത്ത കാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റിനെ കുറിച്ചുള്ള വിവരങ്ങൾ അംബാനി കുടുംബം നൽകിയില്ല എന്ന് നോട്ടീസിൽ പറയുന്നുണ്ട്, ഒപ്പം ഇതിന്റെ ഉപകമ്പനിയായ ഇൻഫ്രാസ്ട്രക്ചർ കമ്പനി ലിമിറ്റഡിനെ കുറിച്ചും വിവരങ്ങൾ നൽകിയിട്ടില്ല. മുംബയ് വിലാസത്തിലുള്ള ഹരിനാരായണൻ എന്റർപ്രൈസസ് എന്ന മറ്റൊരു കമ്പനിയുടെ ഗുണഭോക്താക്കളും അംബാനി കുടുംബമാണെന്ന് നോട്ടീസിൽ പറയുന്നു.