
ധർമ്മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ധർമ്മശാലയിൽ നടക്കും രാത്രി 7 മുതലാണ് മത്സരം. ഏറെ നാളുകൾക്ക് ശേഷമാണ് ടീം ഇന്ത്യ നാട്ടിൽ കളിക്കാനിറങ്ങുന്നത്. ലോകകപ്പ് സെമിയിൽ തോറ്രെങ്കിലും തുടർന്ന് നടന്ന കിരീബിയൻ പര്യടനത്തിൽ എല്ലാ ഫോർമാറ്രിലും സമ്പൂർണ ജയം നേടാനായതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ വെല്ലുവിളി നേരിടാനിറങ്ങുന്നത്. മറുവശത്ത് ഏകദിന ലോകകപ്പിൽ അപ്രതീക്ഷിത തകർച്ച നേരിട്ടതിന്റെ ആഘാതത്തിൽ നിന്നുള്ള തിരിച്ചുവരവാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.
പരീക്ഷണ പരമ്പര
അടുത്ത വർഷം നടക്കുന്ന ട്വന്റി - 20 ലോകകപ്പ് മുൻനിർത്തിയുള്ള പരീക്ഷണ വേദിയായാണ് രണ്ട് ടീമുകളും ഈ പരമ്പരയെ കാണുന്നത്.
ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് എന്നിവർക്ക് മദ്ധ്യനിരയിൽ സ്ഥാനം ഉറപ്പിക്കാനുള്ള മികച്ച അവസരമാണ് ഈ പരമ്പര. പരിമിത ഓവർ ഫോർമാറ്റിലെ പ്രധാന സ്പിന്നർമാരായ കുൽദീപ് യാദവിനും യൂസ്‌വേന്ദ്ര ചഹാലിനും പകരം ടീമിലുൾപ്പെടുത്തിയ വാഷിംഗ്ടൺ സുന്ദർ, ക്രുണാൽ പാണ്ഡ്യ, രാഹുൽ ചഹർ എന്നിവർക്കും കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണിത്.
ഹഷിം അംല, ഇമ്രാൻ താഹിർ, ജെ.പി. ഡുമിനി, ഡേൽ സ്റ്രൈയിൻ, ഫാഫ് ഡുപ്ലെസിസ് എന്നിവരൊന്നും ഇല്ലാതെ ഡി കോക്കിന്റെ നേതൃത്വത്തിൽ പുതുമുഖങ്ങളുമായാണ് ദക്ഷിണാഫ്രിക്കയുടെ പടപുറപ്പാട്. ടെംബ ബവുമ, ബോൺ ഫോർടുയ്ൻ, ആൻറിച്ച് നോർട്ട്ജെ എന്നിവർ ദക്ഷിണാഫ്രിക്കയ്‌ക്കായി ട്വന്റി-20യിൽ തങ്ങളുടെ കന്നി മത്സരത്തിനാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ എ ടീമിനെതിരായ ഏകദിന പരമ്പരയിൽ കളിച്ച ദക്ഷിണാഫ്രിക്കൻ എ ടീമിലുണ്ടായിരുന്ന മികച്ച താരങ്ങളും സീനിയർ ടീമിലുണ്ട്.
ഡേവിഡ് മില്ലറും കഗിസോ റബാഡയും റസ്സി വാൻ ഡുസനും ആൻഡിലെ പെഹ്‌ലുക്വായോയുമാണ് ഡി കോക്കിനെക്കൂടാതെ ദക്ഷിണാഫ്രിക്കൻ ടീമിലുള്ള പരിചയസമ്പന്നർ.
ജയിക്കാൻ ഇന്ത്യ
മികച്ച ഫോമിലുള്ള ഇന്ത്യയ്ക്ക് തന്നെയാണ് കടലാസിൽ മുൻ തൂക്കം. വിൻഡീസ് പര്യടനത്തിൽ ഇല്ലാതിരുന്ന ഹാർദ്ദിക് പാണ്ഡ്യ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹം ഇന്ന് കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറുടെ റോളിൽ ശിഖർ ധവാനൊ, കെ.എൽ. രാഹുലൊ എന്നതാണ് ആകാംഷയുണർത്തുന്നത്. ഇന്ത്യ എയ്ക്കൊപ്പം ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാനത്തെ രണ്ട് മത്സരങ്ങളിൽ രണ്ട് അർദ്ധ സെഞ്ച്വറിയുമായി ധവാൻ ഫോം വീണ്ടെടുത്തിട്ടുണ്ട്. രാഹുലിനെക്കാൾ ധവാന് തന്നെയാണ് സാധ്യത കൂടുതൽ. ടെസ്റ്ര് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട രാഹുൽ ഫോം കണ്ടെത്താനാകാതെ പരുങ്ങലിലാണ്.
സാധ്യതാ ടീം: രോഹിത്, ധവാൻ/രാഹുൽ, കൊഹ്‌ലി, മനീഷ്, പന്ത്,ഹാർദ്ദിക്, ക്രുണാൽ,ജഡേജ/രാഹുൽ ചഹർ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചഹർ, നവദീപ് സെയ്നി.
തിരിച്ചുവരവിന് ദക്ഷിണാഫ്രിക്ക
ലോകകപ്പിലെ ദയനീയ പ്രകടനത്തിൽ നിന്നൊരു തിരിച്ചുവരവാണ് ദക്ഷിണാഫ്രിക്ക പുതുമുഖ താരങ്ങൾക്കൊപ്പം ലക്ഷ്യം വയ്ക്കുന്നത്. ദക്ഷിണാഫ്രിക്ക എ ടീമിനെ ഏകദിന പരമ്പരയിൽ നയിച്ച ടെംബ ബൗമ ഇന്ന് ദക്ഷിണാഫ്രിക്കൻ ജേഴ്സിയിൽ ട്വന്റി-20യിൽ അരങ്ങേറിയേക്കും. ആൾ റൗണ്ടർമാരായ ആൻഡിലെ പെഹ്‌ലുക്വായോയും ഡ്വെയിൻ പ്രിട്ടോറിയസും ലോവർ മിഡിൽ ഓർഡറിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുതൽക്കൂട്ടാണ്.
സാധ്യതാ ടീം: ഡി കോക്ക്, റിസ്സ ഹെൻഡ്രിക്കസ്, ബൗമ, ഡുസൻ, മില്ലർ, ൻഡിലെ പെഹ്‌ലുക്വായോ,പ്രിട്ടോറിയസ്, ഫോർടുയ്ൻ/ലിൻഡെ, റബാഡ, ഡാല/നോർട്ട്ജെ, ഷംസി.
നോട്ട് ദ പോയിന്റ്
മത്സരത്തിന് മഴയുടെ ഭീഷണിയുണ്ട്. ധർമ്മശാലയിൽ ഇന്ന് പകൽ ഇടവിട്ട് മഴപെയ്യുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം രാത്രി മഴയ്ക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ മത്സരത്തിന് തടസമുണ്ടാകില്ലെന്നാണ് പ്രതീക്ഷ.
ധർമ്മശാല വേദിയ ആദ്യ ട്വന്റി-20 മത്സരത്തിലും ഇന്ത്യുയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്രുമുട്ടിയത്. 2015ലായിരുന്നു അത്.
സ്റ്രാർ സ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്രാറിലും തത്സമയം