വാഷിംഗ്ടൺ: അൽക്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടു. ഹംസ ബിൻ ലവാദൻ കൊല്ലപ്പെട്ട വാർത്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആണ് സ്ഥിരീകരിച്ചത്. അഫ്ഗാൻ പാകിസ്ഥാൻ അതിർത്തിയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഹംസ ബിൻ ലാദനെ വധിച്ചതെന്ന് ട്രംപ് പ്രസ്താവനയിൽ അറിയിച്ചു.
ഹംസയുടെ മരണത്തിലൂടെ അൽ ക്വയ്ദയുടെ ഭീകരപ്രവർത്തനങ്ങൾ ദുർബലപ്പെടുമെന്നും ട്രംപ് പറഞ്ഞു. വിവിധ ഭീകരസംഘടനകളെ ഏകോപിപ്പിക്കുന്നതിൽ പ്രധാനിയാണ് ഹംസയെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ മാസം ആദ്യം ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വൈറ്റ് ഹൗസ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. . ഹംസയുടെ മരണം 3 യുഎസ് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയെങ്കിലും കൊല്ലപ്പെട്ട സ്ഥലമോ സമയമോ സംബന്ധിച്ചു വ്യക്തതയില്ലെന്നാണ് എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തത്. 2 വർഷത്തിനിടെയുള്ള യുഎസ് സൈനിക നീക്കത്തിലാണു ഹംസ കൊല്ലപ്പെട്ടതെന്ന് 2 ഉദ്യോഗസ്ഥർ പറഞ്ഞതായാണു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, വാർത്തയെപ്പറ്റി പ്രതികരിക്കാതെ അന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നു.
ബിൻ ലാദന്റെ 20 മക്കളിൽ 15ാമത്തെയാളാണ് 30 വയസുണ്ടെന്നു കരുതുന്ന ഹംസ. ലാദന്റെ മൂന്നാം ഭാര്യയിലെ മകനാണ് ഇയാൾ. ഹംസയെക്കുറിച്ചു വിവരം നൽകുന്നവർക്കു കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസ് 10 ലക്ഷം ഡോളർ (7 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.