കൊച്ചി: ഹൗസ് ബിൽഡിംഗ് അഡ്വാൻസ് (എച്ച്.ബി.എ) തുകയുടെ പലിശ കുറയ്ക്കുമെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനം സർക്കാർ ജീവനക്കാർക്കും ഭവന നിർമ്മാണ മേഖലയ്ക്കും നേട്ടമാകും. എച്ച്.ബി.എ പലിശ കുറയ്ക്കുന്നതിന് പുറമേ ഇത് സർക്കാരിന്റെ പത്തുവർഷ ബോണ്ട് യീൽഡുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത്, സർക്കാർ ജീവനക്കാർ എടുക്കുന്ന വായ്പ കൂടുതൽ ആകർഷകമാകാനും ഭവന പദ്ധതികളുടെ ഡിമാൻഡ് കൂടാനും വഴിയൊരുക്കും.
മുരടിപ്പിന്റെ പാതയിൽ നിന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കരകയറ്രാനുള്ള പദ്ധതികളുടെ മൂന്നാംഘട്ട പ്രഖ്യാപനമാണ് ഇന്നലെ ധനമന്ത്രി നടത്തിയത്. കയറ്റുമതി മേഖലയ്ക്കായി 50,000 കോടി രൂപയുടെയും പാർപ്പിട മേഖലയ്ക്കായി 20,000 കോടി രൂപയുടെയും പദ്ധതികളാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഭവന നിർമ്മാണ രംഗം നേരിടുന്ന പണലഭ്യത കുറവ് കുറയ്ക്കാനും ഭവന പദ്ധതികളുടെ ഡിമാൻഡ് കൂട്ടാനും പ്രഖ്യാപനങ്ങൾ സഹായിക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
2017-18ലെ കണക്കുപ്രകാരം ഹൗസ് ബിൽഡിംഗ് അഡ്വാൻസ് (എച്ച്.ബി.എ) പലിശ 8.50 ശതമാനമാണ്. സർക്കാരിന്റെ പത്തുവർഷ ബോണ്ട് യീൽഡ് ഇപ്പോൾ റിസർവ് ബാങ്കിന്റെ റിപ്പോർട്ടനുസരിച്ച് 6.64 ശതമാനം മാത്രമാണ്. അതായത്, ബോണ്ട് യീൽഡുമായി എച്ച്.ബി.എ നിരക്ക് ബന്ധിപ്പിക്കുമ്പോൾ പലിശഭാരം കൂടുതൽ താഴും. ഇത്, പുതിയ വീട് വാങ്ങാനാഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമാകും.
ഹൗസ് ബിൽഡിംഗ് അഡ്വാൻസ്
പുതിയ വീട്/ഫ്ളാറ്റ് വയ്ക്കാനോ വാങ്ങാനോ കേന്ദ്ര-സംസ്ഥാന ജീവനക്കാർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹകരണ സ്കീമാണ് ഹൗസ് ബിൽഡിംഗ് അഡ്വാൻസ് (എച്ച്.ബി.എ). സർക്കാർ ഉദ്യോഗസ്ഥനോ ജീവിത പങ്കാളിക്കോ സ്വന്തമായുള്ള ഭൂമിയിൽ വീട് വയ്ക്കാനോ കേന്ദ്ര ഭവന-നഗരവികസന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ബിൽഡർമാർ, സൊസൈറ്റികൾ, ഹൗസിംഗ് ബോർഡുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഫ്ളാറ്റ് വാങ്ങാനോ ആണ് ഈ ആനുകൂല്യം ലഭിക്കുക.
സ്വകാര്യ വ്യക്തികളിൽ നിന്ന് വീടോ ഫ്ളാറ്റോ വാങ്ങാൻ ഈ സ്കീം ലഭിക്കില്ല. സർക്കാർ ഉദ്യോഗസ്ഥന്/ഉദ്യോഗസ്ഥയ്ക്ക് സർവീസ് കാലയളവിൽ ഒരിക്കൽ മാത്രമേ എച്ച്.ബി.എ സ്കീം ലഭ്യമാകൂ.
മാനദണ്ഡങ്ങൾ
സർക്കാർ ഉദ്യോഗസ്ഥന്റെ ബേസിക് സാലറിയും തിരിച്ചടവ് ശേഷിയും പരിശോധിച്ചാണ് എച്ച്.ബി.എ അനുവദിക്കുക. ഉദ്യോഗസ്ഥന്റെ 34 മാസത്തെ ബേസിക് പേ (പരമാവധി 25 ലക്ഷം രൂപ) അല്ലെങ്കിൽ ഭവന പദ്ധതിയുടെ മൂല്യം അല്ലെങ്കിൽ തിരിച്ചടവ് ശേഷി ഇതിൽ ഏതാണോ കുറവ് അതിന് അനുസരിച്ചാണ് എച്ച്.ബി.എ നൽകുക. നിലവിലെ വീട് പുതുക്കാനും ആനുകൂല്യം ലഭിക്കും.
വീട് വയ്ക്കാനുള്ള ഭൂമിയുടെ വാങ്ങൽച്ചെലവ്, വീടിന്റെ നിർമ്മാണച്ചെലവ് എന്നിവയുടെ 80 ശതമാനം വരെ അഡ്വാൻസ് ലഭിക്കൂ. എന്നാൽ, ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്ന വകുപ്പിന്റെ മേധാവിയുടെ പ്രത്യേക ശുപാർശ പ്രകാരം 100 ശതമാനം വരെ തുക നേടാനാകും.
₹20,000 കോടി
രാജ്യത്തെ ഭവന നിർമ്മാണ മേഖലയ്ക്ക് ഉണർവേകാൻ മൊത്തം 20,000 കോടി രൂപയുടെ പദ്ധതികളാണ് ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. പണലഭ്യതക്കുറവ് മൂലം നിർമ്മാണം പാതിവഴിയിൽ നിലച്ച പദ്ധതികളെ പുനരുജ്ജീവിപ്പിക്കാനാണ് കൂടുതൽ ശ്രദ്ധയെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കിട്ടാക്കടമല്ലാത്തതും കേസുകൾ നേരിടാത്തതുമായ, ഇടത്തരം പദ്ധതികൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.