home

കൊച്ചി: ഹൗസ് ബിൽഡിംഗ് അഡ്വാൻസ് (എച്ച്.ബി.എ)​ തുകയുടെ പലിശ കുറയ്‌ക്കുമെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനം സർക്കാർ ജീവനക്കാർക്കും ഭവന നിർമ്മാണ മേഖലയ്‌ക്കും നേട്ടമാകും. എച്ച്.ബി.എ പലിശ കുറയ്ക്കുന്നതിന് പുറമേ ഇത് സർക്കാരിന്റെ പത്തുവർഷ ബോണ്ട് യീൽഡുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത്,​ സർക്കാർ ജീവനക്കാർ എടുക്കുന്ന വായ്‌പ കൂടുതൽ ആകർഷകമാകാനും ഭവന പദ്ധതികളുടെ ഡിമാൻഡ് കൂടാനും വഴിയൊരുക്കും.

മുരടിപ്പിന്റെ പാതയിൽ നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കരകയറ്രാനുള്ള പദ്ധതികളുടെ മൂന്നാംഘട്ട പ്രഖ്യാപനമാണ് ഇന്നലെ ധനമന്ത്രി നടത്തിയത്. കയറ്റുമതി മേഖലയ്ക്കായി 50,​000 കോടി രൂപയുടെയും പാർപ്പിട മേഖലയ്ക്കായി 20,​000 കോടി രൂപയുടെയും പദ്ധതികളാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഭവന നിർമ്മാണ രംഗം നേരിടുന്ന പണലഭ്യത കുറവ് കുറയ്ക്കാനും ഭവന പദ്ധതികളുടെ ഡിമാൻഡ് കൂട്ടാനും പ്രഖ്യാപനങ്ങൾ സഹായിക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

2017-18ലെ കണക്കുപ്രകാരം ഹൗസ് ബിൽഡിംഗ് അഡ്വാൻസ് (എച്ച്.ബി.എ)​ പലിശ 8.50 ശതമാനമാണ്. സർക്കാരിന്റെ പത്തുവർഷ ബോണ്ട് യീൽഡ് ഇപ്പോൾ റിസർവ് ബാങ്കിന്റെ റിപ്പോർട്ടനുസരിച്ച് 6.64 ശതമാനം മാത്രമാണ്. അതായത്,​ ബോണ്ട് യീൽഡുമായി എച്ച്.ബി.എ നിരക്ക് ബന്ധിപ്പിക്കുമ്പോൾ പലിശഭാരം കൂടുതൽ താഴും. ഇത്,​ പുതിയ വീട് വാങ്ങാനാഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമാകും.

ഹൗസ് ബിൽഡിംഗ് അഡ്വാൻസ്

പുതിയ വീട്/ഫ്ളാറ്റ് വയ്‌ക്കാനോ വാങ്ങാനോ കേന്ദ്ര-സംസ്ഥാന ജീവനക്കാർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹകരണ സ്‌കീമാണ് ഹൗസ് ബിൽഡിംഗ് അഡ്വാൻസ് (എച്ച്.ബി.എ)​. സർക്കാർ ഉദ്യോഗസ്ഥനോ ജീവിത പങ്കാളിക്കോ സ്വന്തമായുള്ള ഭൂമിയിൽ വീട് വയ്‌ക്കാനോ കേന്ദ്ര ഭവന-നഗരവികസന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ബിൽഡർമാർ,​ സൊസൈറ്റികൾ, ഹൗസിംഗ് ബോർഡുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഫ്ളാറ്റ് വാങ്ങാനോ ആണ് ഈ ആനുകൂല്യം ലഭിക്കുക.

സ്വകാര്യ വ്യക്തികളിൽ നിന്ന് വീടോ ഫ്ളാറ്റോ വാങ്ങാൻ ഈ സ്‌കീം ലഭിക്കില്ല. സർക്കാർ ഉദ്യോഗസ്ഥന്/ഉദ്യോഗസ്ഥയ്ക്ക് സർവീസ് കാലയളവിൽ ഒരിക്കൽ മാത്രമേ എച്ച്.ബി.എ സ്‌കീം ലഭ്യമാകൂ.

മാനദണ്ഡങ്ങൾ

സർക്കാർ ഉദ്യോഗസ്ഥന്റെ ബേസിക് സാലറിയും തിരിച്ചടവ് ശേഷിയും പരിശോധിച്ചാണ് എച്ച്.ബി.എ അനുവദിക്കുക. ഉദ്യോഗസ്ഥന്റെ 34 മാസത്തെ ബേസിക് പേ (പരമാവധി 25 ലക്ഷം രൂപ)​ അല്ലെങ്കിൽ ഭവന പദ്ധതിയുടെ മൂല്യം അല്ലെങ്കിൽ തിരിച്ചടവ് ശേഷി ഇതിൽ ഏതാണോ കുറവ് അതിന് അനുസരിച്ചാണ് എച്ച്.ബി.എ നൽകുക. നിലവിലെ വീട് പുതുക്കാനും ആനുകൂല്യം ലഭിക്കും.

വീട് വയ്‌ക്കാനുള്ള ഭൂമിയുടെ വാങ്ങൽച്ചെലവ്,​ വീടിന്റെ നിർമ്മാണച്ചെലവ് എന്നിവയുടെ 80 ശതമാനം വരെ അഡ്വാൻസ് ലഭിക്കൂ. എന്നാൽ,​ ഉദ്യോഗസ്ഥൻ ജോലി ചെയ്യുന്ന വകുപ്പിന്റെ മേധാവിയുടെ പ്രത്യേക ശുപാർശ പ്രകാരം 100 ശതമാനം വരെ തുക നേടാനാകും.

₹20,​000 കോടി

രാജ്യത്തെ ഭവന നിർമ്മാണ മേഖലയ്ക്ക് ഉണർവേകാൻ മൊത്തം 20,​000 കോടി രൂപയുടെ പദ്ധതികളാണ് ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. പണലഭ്യതക്കുറവ് മൂലം നിർമ്മാണം പാതിവഴിയിൽ നിലച്ച പദ്ധതികളെ പുനരുജ്ജീവിപ്പിക്കാനാണ് കൂടുതൽ ശ്രദ്ധയെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ,​ കിട്ടാക്കടമല്ലാത്തതും കേസുകൾ നേരിടാത്തതുമായ,​ ഇടത്തരം പദ്ധതികൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.