arif-mohammad-khan

കോഴിക്കോട്: മരടിലെ ഫ്ലാറ്റ് ഉടമകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ഫ്ലാറ്റ് പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരിക്കാനില്ല. ഫ്ലാറ്റുടമകളുടെ ആധി പരിഗണിക്കേണ്ടതു തന്നെയാണ്. കോടതിയുടെ മുമ്പാകെയുള്ള വിഷയമായതിനാൽ എങ്ങനെയായിരിക്കും ഇടപെടലെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രതിനിധിയാണ് ഗവർണർ. സർക്കാർ പ്രവർത്തിക്കുന്നത് ഭരണഘടനയിൽ അധിഷ്ഠിതമായാണോ എന്ന് ഉറപ്പുവരുത്തുകയാണ് കടമ. ഇൻസ്പെക്ടറായല്ല ഓവർസിയറായാണ് ഗവർണർ പ്രവർത്തിക്കേണ്ടത്.

ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സർക്കാരിനെ കൂടുതൽ പ്രാപ്തമാക്കും. സർക്കാർ സേവനങ്ങൾ സമൂഹത്തിലെ താഴേതട്ടിലുള്ളവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കും. തന്റെ കാഴ്ചപ്പാടുകൾ ആരിലും അടിച്ചേല്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ മന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണനെ സന്ദർശിച്ചു

ഗവർണർ മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണനെ വീട്ടിലെത്തി കണ്ടു. 1989 ലെ വി.പി. സിംഗ് മന്ത്രിസഭയിൽ ഉണ്ണിക്കൃഷ്ണൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ വ്യോമയാന വകുപ്പ് മന്ത്രിയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ 11.45ന് പന്നിയങ്കരയിലെ പത്മാലയത്തിൽ എത്തിയ അദ്ദേഹം ഉണ്ണിക്കൃഷ്ണനൊപ്പം സദ്യ കഴിച്ചശേഷമാണ് മടങ്ങിയത്.