
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പാർപ്പിട, കയറ്റുമതി മേഖലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മുടങ്ങിക്കിടക്കുന്ന പാർപ്പിട പദ്ധതികൾ പൂർത്തിയാക്കാൻ 10,000 കോടി രൂപയുടെ പ്രത്യേക ജാലക സംവിധാനം ആരംഭിക്കുമെന്നും കയറ്റുമതിയിലെ വായ്പ്പകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കയറ്റുമതി രംഗത്തെ ശക്തിപ്പെടുത്താൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 68,000 കോടി രൂപ കേന്ദ്രത്തിന് അനുവദിക്കുകയും ബാങ്ക് വായ്പ്പകൾക്ക് കൂടുതൽ ഇളവുകൾ നൽകുകയും ചെയ്യും. രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിർത്താനായെന്നും സാമ്പത്തിക രംഗം മെച്ചപ്പെടുകയാണെന്നും ധനമന്ത്രി അറിയിച്ചു. സാമ്പത്തിക സംവിധാനത്തിലെ പ്രധാനപ്പെട്ട മേഖലകളായ കയറ്റുമതി, പാർപ്പിട രംഗങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് മാന്ദ്യത്തെ മറികടക്കാനാണ് നിർമല സീതാരാമൻ പദ്ധതിയിടുന്നത്.
പാർപ്പിട മേഖലയ്ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കാൻ 20,000 കോടി രൂപ അനുവദിക്കും. ഇതിൽ 10,000 കോടി രൂപ സർക്കാരാണ് നൽകുക. ബാക്കി 10,000 കോടി രൂപ പുറത്തുനിന്നും സമാഹരിക്കുകയും ചെയ്യും. ഇതിലൂടെ മുടങ്ങിക്കിടക്കുന്ന മൂന്ന് ലക്ഷം പാർപ്പിട പദ്ധതികൾക്കാണ് ഗുണം ലഭിക്കുക. 2020 മാർച്ച് വരെ എടുക്കുന്ന 45 ലക്ഷം രൂപ വരെയുള്ള ഭാവന വായ്പ്പകൾക്ക് ഒന്നരലക്ഷം രൂപയുടെ അധിക നികുതിയിളവ് അനുവദിക്കുമെന്നും ധനമന്ത്രി അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക് വീട് വാങ്ങുന്നതിനുള്ള അഡ്വാൻസ് തുകയിലും നികുതിയിളവ് നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഹൗസിങ് ഫിനാൻസ് കോർപറേഷന് 20,000 കോടി രൂപ അധികമായി അനുവദിക്കും. ടെക്സ്ടൈൽ കയറ്റുമതി രംഗത്തെ നികുതി ഘടന 2020 ജനുവരി ഒന്നുമുതൽ പരിഷ്‌കരിക്കും. നികുതി റിട്ടേണുകൾ പൂർണമായും ഇ റിട്ടേൺ സംവിധാനം വഴിയാക്കും. സ്വതന്ത്ര വ്യാപാര കരാറുകൾ ശക്തിപ്പെടുത്തും. ഇതിനായി വാണിജ്യ മന്ത്രാലയത്തിൽ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഒരുക്കും. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ബാങ്കുകളുടെ ലയനമാണ് നടപ്പാക്കിയതെങ്കിൽ ഇനി നികുതി ഘടനയിലെ പരിഷ്കാരമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.