കൊല്ലം: ശക്തികുളങ്ങരയിലെ ഓഷ്യാനിക് കടവിൽ നിന്ന് യന്ത്രവത്കൃത മത്സ്യബന്ധന വള്ളം മോഷണം പോയ സംഭവത്തിൽ, തീവ്രവാദ ബന്ധമുള്ളവരുടെ പങ്കും അന്വേഷിക്കുന്നു.ശക്തികുളങ്ങര പൊയ്കയിൽ വീട്ടിൽ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള 'അൽഫോൺസാമ്മ" എന്ന, മോട്ടോർ എൻജിൻ ഘടിപ്പിച്ച വള്ളമാണ് വെള്ളിയാഴ്ച രാത്രി മോഷണം പോയത്. ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിനു പോകാൻ തൊഴിലാളികൾ എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടത്.അടുത്തുള്ള രണ്ട് വള്ളങ്ങളും വെള്ളത്തിലിറക്കിയിട്ടുണ്ടെങ്കിലും കടവിനോടു ചേർന്നുള്ള തോട്ടിലെ മണ്ണിൽ ഉറച്ചതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇവയിലുൾപ്പടെ നാലു വള്ളങ്ങളിൽ സൂക്ഷിച്ചിരുന്ന 18 ബാരൽ മണ്ണെണ്ണയും പെട്രോളും നഷ്ടപ്പെട്ടിട്ടുണ്ട്.കോസ്റ്റൽ പൊലീസും ശക്തികുളങ്ങര പൊലീസും പ്രാഥമിക പരിശോധന നടത്തി. ശക്തികുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടൽമാർഗമുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് മോഷണ ബോട്ടുകളും വള്ളങ്ങളും ഉപയോഗിക്കുന്നതായുള്ള സംശയം ഇന്റലിജൻസ് ഏജൻസികൾക്കുണ്ട്.കാണാതായ വള്ളത്തിനായി കോസ്റ്റ് ഗാർഡു മറൈൻ എൻഫോഴ്സ്മെന്റും തിരച്ചിൽ ഊർജ്ജിതമാക്കി.