rape-case

 പെൺകുട്ടിയുടെ അച്ഛൻ 43 വീഡിയോ ക്ലിപ്പുകൾ അന്വേഷണ സംഘത്തിന് കൈമാറി


ല‌ക്‌നൗ: മുൻ എം.പിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദ് കുളിക്കുന്ന വീഡിയോ പകർത്തിയ ശേഷം അതു കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്താണ് പീഡിപ്പിച്ചതെന്ന് ഉത്തർപ്രദേശ് ഷാജഹാൻപൂരിലെ നിയമവിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ.

'കുളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഒരു വർഷത്തോളം ചിന്മയാനന്ദ് പീഡിപ്പിച്ചു. പിന്നീട് കണ്ണടയിൽ ഘടിപ്പിച്ച കാമറ ഉപയോഗിച്ച് പീഡന ദൃശ്യങ്ങൾ പകർത്തി. ഇതാണ് പെൻഡ്രൈവിലാക്കി പൊലീസിന് കൈമാറിയത്'-പെൺകുട്ടി പറഞ്ഞു
അതേസമയം കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് പെൺകുട്ടിയുടെ അച്ഛൻ 43 വീഡിയോ ക്ലിപ്പുകൾ കൈമാറി. തെളിവ് നശിപ്പിച്ചതിനുള്ള വകുപ്പും ചിന്മയാനന്ദിനെതിരെ ചുമത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുളിക്കുന്നതിനിടെ റെക്കാഡ് ചെയ്ത വീഡിയോ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്താണ് മകളെ ചിന്മയാനന്ദ് പീഡിപ്പിച്ചത്. ഇതിനുശേഷം മകൾ ഒളികാമറ വച്ച് ചിന്മയാനന്ദിന്റെ എല്ലാ പ്രവൃത്തികളും റെക്കാഡ് ചെയ്യുകയായിരുന്നുവെന്നും അച്ഛൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വർഷം ലോ കോളേജിൽ പ്രവേശനം എടുക്കുന്നതിനായാണ് താൻ ചിന്മയാനന്ദിനെ കാണാൻ പോയതെന്ന് പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നു. പ്രവേശനം നൽകുന്നതിനൊപ്പം കോളേജ് ലൈബ്രറിയിൽ 5000 രൂപ മാസശമ്പളത്തിൽ ജോലി നൽകാമെന്ന് ചിന്മയാനന്ദ വാഗ്ദാനം ചെയ്തു. നിർധന കുടുംബാംഗമായ പെൺകുട്ടി ജോലി സ്വീകരിച്ചു. തുടർന്ന് ഹോസ്റ്റലിലേക്ക് മാറാൻ പറയുകയും പിന്നീട് പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ചിന്മയാനന്ദ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

അതേസമയം, സുപ്രീംകോടതി നിർദ്ദേശ പ്രകാരം രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം സ്വാമി ചിന്മയാനന്ദിന്റെ ആശ്രമത്തിൽ തെളിവെടുപ്പ് നടത്തി. ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിലും സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.