കോഴിക്കോട്: പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം സൗഹൃദം പുതുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ പന്നിയങ്കരയിലെ 'പത്മാലയ'ത്തിയപ്പോൾ പഴയ സഹപ്രവർത്തകന് ഓണസദ്യയൊരുക്കി കാത്തിരിക്കുകയായിരുന്നു മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണൻ. വി.പി. സിംഗ് മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു ഇരുവരും.രാവിലെ 11.45ന് എത്തിയ സുഹൃത്തിനെ കെ.പി. ഉണ്ണിക്കൃഷ്ണനും മകൾ നിരഞ്ജനയും ചേർന്ന് സ്വീകരിച്ചു. ഇരുവരും പഴയ ഓർമ്മകൾ പങ്കുവച്ച് ഏറെ നേരം സംസാരിച്ചു. ഉച്ചയ്ക്ക് ഒന്നിച്ചിരുന്ന് ഓണസദ്യയും കഴിച്ചു.ആരിഫ് മുഹമ്മദ് ഖാൻ അലിഗഢ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്തുതന്നെ ഉണ്ണിക്കൃഷ്ണന് പരിചയമുണ്ടായിരുന്നെങ്കിലും പാർലമെന്റിൽ എത്തിയപ്പോഴാണ് ഇരുവരും കൂടുതൽ അടുത്തത്. 'ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ എത്തിയതിൽ ഏറെ സന്തോഷമുണ്ട്. അദ്ദേഹം തെറ്റുകൾ ചെയ്യില്ലെന്ന് ഉറച്ച ബോദ്ധ്യവുമുണ്ട്'- ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.നീണ്ട ഇടവേളയ്ക്കു ശേഷം അടുത്ത സുഹൃത്തിനെ കാണാനായതിൽ വലിയ സന്തോഷമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കെ.പി.ഉണ്ണിക്കൃഷ്ണന്റെ സഹോദരൻ ഡോ.കെ.പി. ഗോവിന്ദൻ, ഭാര്യ ഡോ.രാധ, ഡോ.കെ.പി. അരവിന്ദൻ എന്നിവരെക്കൂടാതെ കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ.പി.എം.സുരേഷ്ബാബു, പി.വി.ചന്ദ്രൻ, ഇ.വി. ഉസ്മാൻകോയ, വി.എൻ.ജയരാജ് എന്നിവരും 'പത്മാലയ'ത്തിൽ ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിക്കാനുണ്ടായിരുന്നു.