american-baby-

ന്യൂയോർക്ക്: 9 / 11 എന്നറിയപ്പെടുന്ന സെപ്‌റ്റംബർ 11 അമേരിക്കൻ ജനതയ്‌ക്ക് നടുക്കുന്ന ഒരു ഓർമ്മ ദിവസമാണ്. 2001ലെ ആ ശപിക്കപ്പെട്ട ദിവസം. ലോകവ്യാപാര സംഘടനയുടെ ഇരട്ടഗോപുരം ഭീകരാക്രമണത്തിൽ തകർത്ത ദിനം. പതിനെട്ട് വർഷത്തിന് ശേഷം അതേ തീയതിയിൽ ജനിച്ച ക്രിസ്റ്റീന എന്ന പെൺകുഞ്ഞാണ് ഇപ്പോൾ അമേരിക്കക്കാരുടെ സംസാര വിഷയം. അവരുടെ നടുക്കുന്ന ഓർമ്മകളിൽ ഒരു പാൽപുഞ്ചിരിയുടെ കുളിരായി വന്ന ആ കുഞ്ഞുമാലാഖയുടെ കൂടപ്പിറപ്പുകളായി ഒത്തിരി കൗതുകങ്ങളുണ്ട്. അവളുടെ ജനനത്തീയതി 9 /11( 2019 ഒൻപതാം മാസം - സെപ്‌റ്റംബർ 11). ജനനസമയം രാത്രി 9 /11.( ഒൻപത് മണി, 11 മിനിറ്റ് ). കുഞ്ഞിന്റെ ഭാരവും 9 /11 ( 9 പൗണ്ടും 11 ഔൺസും)

മെരിലാൻഡ് സംസ്ഥാനത്തെ ജർമ്മൻ ടൗണിലെ മെത്തഡിസ്റ്റ് ലേ ബോണേർ ആശുപത്രിയിലാണ് ക്രിസ്റ്റീന ബ്രൗൺ ജനിച്ചത്. സിസേറിയനായിരുന്നു. ജനനസമയം നോക്കിയ ഡോക്ടർമാരും നഴ്സുമാരും അമ്പരന്നു പോയി. ക്ലോക്കിൽ കൃത്യം 09.11. കുഞ്ഞിന്റെ ഭാരം നോക്കിയപ്പോൾ വീണ്ടും അദ്ഭുതം. തന്റെ 35 വർഷത്തെ സേവനത്തിനിടയിൽ ആദ്യമായാണ് തീയതിയും സമയവും ഭാരവുമെല്ലാം ഒന്നായി വന്ന ഒരു കുഞ്ഞിന്റെ ജനനത്തിന് സാക്ഷിയാകുന്നതെന്ന് ആശുപത്രിയിലെ സ്ത്രീകളുടെ വിഭാഗം മേധാവി റേച്ചൽ ലോഫ്ലിന്റെ ബി.ബി.സിയോട് പറഞ്ഞു.