indian-army

ന്യൂഡൽഹി: പാകിസ്ഥാൻ സൈന്യം പാക് അധീന കാശ്മീരിലെ പൗരന്മാരെ അനാവശ്യമായി പ്രകോപിപ്പിക്കുകയാണെന്നും ഇന്ത്യ-പാക് അതിർത്തിയിലെ നിയന്ത്രണരേഖ മുറിച്ച് കടക്കുന്നതിന്റെ ഭാഗമായി അവർ ഇവരെ 'പീരങ്കിയുണ്ട'യായി ഉപയോഗിക്കുകയാണെന്നും ഇന്ത്യൻ സൈന്യം. ഇന്ത്യൻ കരസേനയുടെ ഭാഗമായ നോർത്തേൺ കമാൻഡിന്റെ മേധാവി ലെഫ്റ്റനന്റ് ജനറൽ രൺബിർ സിംഗാണ് ഈ പരാമർശവുമായി രംഗത്തെത്തിയത്. പാകിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള സാഹസത്തിന് ശ്രമിക്കുകയാണെങ്കിൽ ശക്തമായ മറുപടി ഇന്ത്യൻ സൈന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

'അങ്ങനെ സംഭവിക്കുകയാണെങ്കിൽ അവർക്ക് അത്യാഹിതങ്ങൾ ഉണ്ടാകും. മാത്രമല്ല അതിന്റെ ഉത്തരവാദിത്തം പൂർണമായും പാകിസ്ഥാനും അവരുടെ സൈന്യത്തിനും ആയിരിക്കും. അവർ പാക് അധീന കാശ്മീരിലെ പൗരന്മാരെ പീരങ്കിയുണ്ടയായി ഉപയോഗിക്കാൻ പാടില്ല. പൗരന്മാരെ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ അവർ നിയന്ത്രിക്കേണ്ടതാണ്.' സൈനിക മേധാവി പറഞ്ഞു. അതിർത്തിയിലുള്ള പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഫലപ്രദമായി തടയാൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞുവെന്നും രൺബിർ സിംഗ് വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ, ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.