ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിൽ ഭവന നിർമ്മാണ മേഖലയ്ക്കും പ്രാധാന്യം നൽകിയത് വീടെന്ന സ്വപ്നം സൂക്ഷിക്കുന്നവർക്ക് അനുഗ്രഹമാകും. കയറ്റുമതി, ഭവന നിർമാണം തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പ്രധാന്യം നൽകിയുളള പ്രഖ്യാപനങ്ങളാണ് ധനമന്ത്റിയിൽ നിന്നുണ്ടായത്. ബഡ്ജറ്റ് വീടുകളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രസർക്കാർ മുന്നോട്ട് വയ്ക്കുന്നത്.
റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ഭവന വായ്പകളെ ബന്ധിപ്പിക്കുമെന്നുള്ള പ്രഖ്യാപനം മന്ത്റി ആവർത്തിച്ചു. എല്ലാ ബാങ്കുകളുടെയും ഭവന വായ്പാ നിരക്കുകൾ ഈ രീതിയിലേക്ക് മാറ്റും. രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെയും ഹൗസിംഗ് ഫിനാൻസ് കോർപറേഷനുകൾക്കുമുളള ധനസഹായവും ധനമന്ത്റി പ്രഖ്യാപിച്ചു. പ്രധാനമന്ത്റി ആവാസ് യോജനയിൽ ഉൾപ്പെടുത്തി 1.95 കോടി വീടുകൾ രാജ്യത്ത് നിർമിക്കുമെന്നും അവർ അറിയിച്ചു.
രാജ്യത്തെ ഹൗസിംഗ് ഫിനാൻസ് രംഗത്തെ ശക്തിപ്പെടുത്തി നിർമാണമേഖലയുടെ തളർച്ച പരിഹരിക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തിയുളള നയമാണ് കേന്ദ്രസർക്കാർ പ്രഖ്യാപനങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്നത്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച് ഭവന വായ്പയുടെ പലിശ നിരക്കുകൾ കുറയ്ക്കുന്നതിലൂടെ രാജ്യത്തെ വായ്പ ലഭ്യത ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം.