തിരുവനന്തപുരം: ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്ഥാവനയെ പിന്തുണച്ച് കേരളത്തിന്റെ ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. ഒരു ഭാഷ ജനങ്ങളെ പ്രചോദിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുമെന്നും ദേശീയ ഭാഷയായ ഹിന്ദിയിലൂടെ രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താൻ ആകുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഷായുടെ വാക്കുകൾക്ക് പിന്തുണയർപ്പിച്ചത്.
A language inspires and unites people. Let us strengthen our unity through Hindi, our natinal language. Along with our mother tongue, let us use Hindi in our work. My best wishes on #HindiDiwas #HindiDiwas2019
'ഒരു ഭാഷ ജനങ്ങളെ പ്രചോദിപ്പിക്കുകയും ഒന്നാക്കുകയുമാണ് ചെയ്യുന്നത്. ദേശീയ ഭാഷയായ ഹിന്ദിയിലൂടെ നമ്മൾക്ക് നമ്മുടെ രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താം. മാതൃഭാഷയോടൊപ്പം തന്നെ ഹിന്ദിയും നമ്മുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താം.' 'ഹിന്ദി ദിവസ്' എന്നും 'ഹിന്ദി ദിവസ് 2019' എന്നുമുള്ള ഹാഷ്ടാഗുകളോട് കൂടി ഇങ്ങനെയാണ് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ ട്വിറ്ററിൽ കുറിച്ചത്.
കേന്ദ്രസർക്കാർ പ്രാദേശിക ഭാഷകളെ അവഗണിച്ചുകൊണ്ട് രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് സി.പി.എം, ഡി.എം.കെ തുടങ്ങി നിരവധി പാർട്ടികൾ രംഗത്തെത്തിയിരുന്നു. കർണാടകയിലെ മുൻ മുഖ്യമന്ത്രിമാരായ എച്ച്.ഡി കുമാരസ്വാമി, സിദ്ധരാമയ്യ, ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസാസുദീൻ ഒവൈസി എന്നിവരും അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.