കൊളംബോ: ചെറിയ സ്കോർ അതിമനോഹരമായി പ്രതിരോധിച്ച് ഏഷ്യാകപ്പ് അണ്ടർ 19 ക്രിക്കറ്റ് കിരീടം ഇന്ത്യ നിലനിറുത്തി. ത്രില്ലർ ഫൈനലിൽ ബംഗ്ലാദേശിനെതിരെ 5 റൺസിനാണ് ഇന്ത്യയുടെ നാടകീയ ജയം. ആദ്യം ബാറ്ര് ചെയ്ത ഇന്ത്യ 32.4 ഓവറിൽ 106 റൺസിന് ആൾഔട്ടായി. എന്നാൽ അനായാസ ജയം തേടിയിറങ്ങിയ ബംഗ്ലാദേശിനെ 5 വിക്കറ്റുമായി കളം നിറഞ്ഞ അഥർവ അൻകോൽക്കറുടെ നേതൃത്വത്തിൽ 33 ഓവറിൽ 101 റൺസിന് ആൾഔട്ടാക്കി ഇന്ത്യ തകർപ്പൻ ജയം നേടുകയായിരുന്നു. അൻകോൽക്കർ തന്നെയാണ് മാൻ ഒഫ് ദമാച്ച്.
ടോസ് നേടിയ ഇന്ത്യന നായകൻ ധ്രുവ് ജുറൽ ബാറ്രിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ വിക്കറ്റ് നഷ്ടമായ ഇന്ത്യൻ നിരയിൽ കരൺ ലാലിനും (37) ധ്രുവ് ജുറലിനും (33), ഷസ്വത്ത് റാവത്തിനും (13) മാത്രമേ രണ്ടക്ക് കാണാനായുള്ളൂ. 3 വിക്കറ്റ് വീതം നേടിയ മ്യത്യുഞ്ജോയ് ചൗധരി, ഷമിം ചൗധരി എന്നിവർ ചേർന്നാണ് ഇന്ത്യൻ ബാറ്ര്‌സ്മാൻമാരെ ചുരുട്ടിക്കെട്ടിയത്.
തുടർന്ന് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ ബാറ്റിംഗ് നിരയും ചീട്ടുകൊട്ടാരം പോലെ തകർന്നു. അൻകോൽക്കർക്കൊപ്പം 3 വിക്കറ്ര് നേടിയ പേസർ ആകാശ് സിംഗും ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടുന്നതിൽ പ്രധാന പങ്കുവഹിച്ചു. അക്ബർ അലി(23), മ്യത്യുഞ്ജോയ് ചൗധരി(21), തൻസിം ഹസൻ(12), റക്കിബുൾ ഹസൻ (11) എന്നിവരാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം നേടിയവർ.
മാൻ ഒഫ് ദ മാച്ച്
അഥർവ അൻകോൽക്കർ
8-2-28-5