ന്യൂഡൽഹി: വീണ്ടും ആൽബർട്ട് ഐൻസ്റ്റീനെ ഉദ്ധരിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. ഐൻസ്റ്റീനാണ് ഗുരുത്വാകർഷണം കണ്ടുപിടിച്ചതെന്ന തന്റെ പ്രസ്താവന ട്രോളുകൾക്ക് വിഷയമായതിനെ തുടർന്ന് തനിയ്ക്ക് പറ്റിയ അബദ്ധം തുറന്നു സമ്മതിക്കുകയായിരുന്നു ഗോയൽ. എന്നാൽ അതിനും ഐൻസ്റ്റീന്റെ വാചകങ്ങൾ തന്നെയാണ് പിയൂഷ് ഗോയൽ ഉപയോഗപ്പെടുത്തിയത്. മുംബയിലെ ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു തന്റെ മുൻ പ്രസ്താവനയെ കുറിച്ച് അദ്ദേഹം പരാമർശിച്ചത്.
'നമ്മളെല്ലാം തെറ്റുകൾ വരുത്തുന്നവരാണ്. ന്യൂട്ടൻ എന്ന് പറയേണ്ടതിനു പകരം ഐൻസ്റ്റീൻ എന്നാണ് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ 'ഒരിക്കലും തെറ്റ് വരുത്താത്തവർ പുതിയതായി ഒന്നും ചെയ്യുന്നില്ല' എന്ന് ഐൻസ്റ്റീൻ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്.' പിയൂഷ് ഗോയൽ പറഞ്ഞു. തെറ്റുകൾ വരുത്തുന്നതിനെ ഒട്ടും പേടിക്കുന്നതല്ല താനെന്നും തനിക്ക് പറ്റിയ തെറ്റ് മനസിലാക്കിയപ്പോൾ തന്നെ അതിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും ഗോയൽ ചൂണ്ടിക്കാട്ടി. പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെയൊരു പ്രസ്താവന നടത്തിയതെന്നും ചിലർ അതിലെ ഒരു വരി മാത്രം അടർത്തിയെടുത്ത് വ്യാഖ്യാനിച്ചുവെന്നും പിയൂഷ് ഗോയൽ മുൻപ് പറഞ്ഞിരുന്നു.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക രംഗത്തുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ഐൻസ്റ്റീനാണ് ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടെത്തിയതെന്ന് പിയൂഷ് ഗോയൽ പറഞ്ഞിരുന്നത്. സാമ്പത്തിക രംഗത്തെക്കുറിച്ച് ടി.വിയിൽ കാണുന്ന കണക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നും, അങ്ങനെ കണക്ക് കൂട്ടിക്കൊണ്ടിരുന്നെങ്കിൽ 'ഐൻസ്റ്റീൻ' ഗുരുത്വാകർഷണം കണ്ടുപിടിക്കില്ലായിരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇക്കാര്യം സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾക്ക് കാരണമായിരുന്നു.