ഛണ്ഡിഗർ: പാകിസ്താൻ യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പാക് അധിനിവേശ കാശ്മീർ ഇന്ത്യക്ക് വിട്ട് തരണമെന്ന് കേന്ദ്രമന്ത്റി രാം ദാസ് അത്താവലെ. പാക് അധിനിവേശ കാശ്മീരിലെ ജനങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശക്തനായ പ്രധാനമന്ത്റിയാണ് നരേന്ദ്രമോദി. ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ട് കരുത്തുറ്റ തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടിരിക്കുന്നത്. പാകിസ്ഥാന് ഇത് ദഹിക്കുന്നില്ല. അതിനാൽ കാശ്മീർ വിഷയം വീണ്ടും ഉന്നയിക്കുന്നുവെന്ന് മന്ത്റി പറഞ്ഞു.
പാകിസ്ഥാൻ നല്ലത് ആഗ്രഹിക്കുന്നുവെങ്കിൽ, യുദ്ധം വേണ്ടെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ സ്വന്തം രാജ്യത്തിന്റെ താത്പര്യം മുൻ നിർത്തി പാക് അധിനിവേശ കാശ്മീർ ഇമ്രാൻ ഖാൻ ഇന്ത്യക്ക് വിട്ട് തരാൻ തയ്യാറാകണം. രാം ദാസ് അത്താവലെ വ്യക്തമാക്കി.പാക് അധീന കാശ്മീരിലെ ആളുകൾക്ക് പാകിസ്ഥാനൊപ്പം നിൽക്കാൻ താത്പര്യമില്ലെന്നും മന്ത്റി പറഞ്ഞു. ഛണ്ഡിഗഡിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീർ വിഷയം ഉയർത്തിക്കാട്ടാൻ ശ്രമിച്ച് പാകിസ്താൻ ഒരിക്കൽ കൂടി പരാജയപ്പെട്ടിരിക്കുകയാണ്. അധിനിവേശ കശ്മീർ പാകിസ്ഥാൻ വിട്ട് തരികയാണെങ്കിൽ അവിടെ നിരവധി വ്യവസായങ്ങൾ ആരംഭിക്കാനാകും. വ്യാപാരത്തിൽ പാകിസ്ഥാനെ സഹായിക്കും. പട്ടിണിക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയും പോരാടാൻ അവർക്കത് സഹായകരമാകുമെന്നും അത്താവലെ അവകാശപ്പെട്ടു.