bbb

ഹരിപ്പാട്: കരുവാറ്റ ലീഡിംഗ് ചാനലിൽ നടന്ന സി.ബി.എൽ മൂന്നാം മത്സരത്തിലും വിജയം വെട്ടിപ്പിടിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്) ചാമ്പ്യൻഷിപ്പിൽ ഹാട്രിക് തികച്ചു. നെഹ്രുട്രോഫിയിലെയും താഴത്തങ്ങാടിയിലെയും വിജയം നടുഭാഗം ആവർത്തിച്ചപ്പോൾ, ഇരുകരകളിലും തിങ്ങിനിറഞ്ഞ ജലോത്സവ പ്രേമികൾക്കത് ആവേശ നിമിഷമായി.

യു.ബി.സി തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാമതും എൻ.സി.ഡി.സി കുമരകത്തിന്റെ ദേവസ് മൂന്നാമതുമെത്തി. ആദ്യ ഹീറ്റ്സ് മത്സരത്തിന്റെ ആവേശമായിരുന്നു ഫൈനലിലും. മൂന്നു മിനുട്ടും 56 സെക്കൻഡും മാത്രമെടുത്താണ് നടുഭാഗം ഹീറ്റ്സിൽ ഒന്നാമതെത്തിയത്. ഫൈനലിൽ 4 മിനുട്ട് 12 സെക്കൻഡിലാണ് നടുഭാഗം ഹാട്രിക് രുചിച്ചത്.

ഹീറ്റ്സിലെയും ഫൈനലിലെയും മികച്ച സമയത്തിനുള്ള നെറോലാക് എക്സെൽ ഫാസ്റ്റസ്റ്റ് ടീം ഒഫ് ദ ഡേ അംഗീകാരവും അഞ്ച് പോയിന്റ് അധികവും നടുഭാഗത്തിന് ലഭിച്ചു. കാരിച്ചാൽ ചുണ്ടൻ (പൊലീസ് ബോട്ട് ക്ലബ്- 4.15.72 മിനിറ്റ്), വീയപുരം (വേമ്പനാട് ബോട്ട് ക്ലബ് കുമരകം, 4.15.83 മിനിറ്റ്), പായിപ്പാടൻ (ടൗൺ ബോട്ട് ക്ലബ് കുമരകം- 4.25.07 മിനിറ്റ്), ഗബ്രിയേൽ (4.30.68 മിനിറ്റ്), മഹാദേവികാട് കാട്ടിൽ തെക്കേതിൽ (കെബിസി/എസ്.എഫ്.ബി.സി കുമരകം 4.32.39 മിനിറ്റ്), സെ. ജോർജ്ജ് (4.43.87 മിനിറ്റ്) എന്നിങ്ങനെയാണ് മറ്റുള്ള ഫിനിഷിംഗുകൾ.

സി.ബി.എല്ലിനൊപ്പം നടന്ന പ്രാദേശിക മത്സരമായ കരുവാറ്റ ഹോംമിനിസ്റ്റേഴ്സ് ട്രോഫി വള്ളം കളിയിൽ കേശവപുരം ബോട്ട് ക്ലബ് തുഴഞ്ഞ ശ്രീ വിനായകൻ വിജയിച്ചു. ചെറുതന ചുണ്ടൻ രണ്ടും വലിയദിവാൻജി മൂന്നും സ്ഥാനങ്ങൾ നേടി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. ചുണ്ടൻ വള്ളങ്ങളുടെയും വള്ളപ്പുരകളുടെയും സംരക്ഷണത്തിനു വേണ്ടി സംസ്ഥാന ടൂറിസം വകുപ്പ് പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് വള്ളംകളി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എ.എം. ആരിഫ് എം.പി, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, ആലപ്പുഴ സബ് കളക്ടർ എം. കൃഷ്ണതേജ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സി.ബി.എല്ലിൽ ഉൾപ്പെടുത്തിയിട്ടുള്ള പന്ത്രണ്ട് മത്സരങ്ങളിലെ ആകെ പോയിന്റ് നിലയിൽ ഒന്നാമതെത്തുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. നവംബർ 23ന് കൊല്ലത്തു നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി മത്സരത്തോടെയാണ് സമാപനം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. ഓരോ മത്സരത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം സമ്മാനത്തുക ലഭിക്കും. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും 4 ലക്ഷം രൂപ വീതവും ലഭിക്കും. ഒന്നാം സ്ഥാനക്കാർക്ക് പത്തു പോയിന്റും രണ്ട് മുതൽ ഒമ്പത് വരെയുള്ള സ്ഥാനക്കാർക്ക് യഥാക്രമം എട്ടു മുതൽ ഒന്നുവരെയുമാണ് പോയിന്റ് ലഭിക്കുന്നത്. ഇതു കൂടാതെ ഹീറ്റ്സിലും ഫൈനലിലുമടക്കം ഏറ്റവും മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന ടീമിന് നെരോലാക് എക്സെൽ ഫാസ്റ്റസ്റ്റ് ടീം ഒഫ് ദ ഡേ പ്രകാരം അഞ്ച് പോയിന്റ് അധികമായി ലഭിക്കും.