തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം നിരാഹാരമനുഷ്ഠിച്ചിരുന്ന പുഷ്പാജ്ഞലി സ്വാമിയാരുടെ താത്കാലിക ഷെഡ് ഒരു സംഘം പൊളിച്ചുമാറ്റിയതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ.
പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ മുഞ്ചിറമഠം സംഘപരിവാർ കൈയേറി എന്നാരോപിച്ചാണു പുഷ്പാജ്ഞലി സ്വാമിയാരുടെ നിരാഹാരസമരം. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
പദ്മനാഭസ്വാമിക്ഷേത്രത്തിലെ പ്രധാനപൂജാരിയും പൂജാവിധികളും ആചാരങ്ങളും സംബന്ധിച്ച തീരുമാനമെടുക്കാൻ അവകാശമുള്ളയാളുമാണ് പുഷ്പാഞ്ജലി സ്വാമിയാർ. ആർ.എസ്.എസ് പോഷകസംഘടനയായ സേവാഭാരതി കൈവശംവച്ചിരിക്കുന്ന കോട്ടയ്ക്കകത്തെ കെട്ടിടം തിരികെ നൽകണമെന്നാവശ്യപ്പെട്ടും ആചാരപ്രകാരമുള്ള ചതുർമാസപൂജ അവിടെ ചെയ്യാൻ അനുവദിക്കുന്നില്ലെന്നാരോപിച്ചുമായിരുന്നു നിരാഹാരസമരം. സമരസ്ഥലത്ത് ഇന്ന് വൈകിട്ടോടെ കെട്ടിയ പന്തല്‍ ഒരുസംഘം പൊളിച്ചു. ഇതോടെ നിരാഹാരം നിറുത്തിയ പുഷ്പാഞ്ജലി സ്വാമിയാർ കെട്ടിടത്തിൽ മുഞ്ചിറ മഠം പുനഃസ്ഥാപിക്കുന്നതിനായി സത്യഗ്രഹം തുടങ്ങുമെന്ന് പറഞ്ഞു.
അതേസമയം പുഷ്പാഞ്ചലി സ്വാമിയാരെ ആർ.എസ്.എസുകാർ കൈയേറ്റം ചെയ്തതായും പരാതയുണ്ട് സ്വാമിയാരെ പൊലീസ് സുരക്ഷയോടെ കിഴക്കേ മഠത്തിലേക്ക് മാറ്റി.
സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. കെട്ടിടത്തിൽ ഇപ്പോൾ ബാലസദനം പ്രവർത്തിക്കുകയാണെന്നും മറ്റാരെയും അവിടെ പ്രവേശിപ്പിക്കില്ലെന്നും സേവാഭാരതി പ്രതികരിച്ചു. പ്രശ്നപരിഹാരത്തിന് തിങ്കളാഴ്ച കളക്ടർ ചർച്ച നടത്തും. തഹസീൽദാർ കളക്ടർക്ക് നല്‍കിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം ബാലസദനം പ്രവർത്തിക്കുന്ന സ്ഥലം മുഞ്ചിറ മഠത്തിന്റെ പേരിലും കെട്ടിടത്തിന്റെ രേഖകൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറുടെ പേരിലുമാണ്.