
ബ്ലാക്ക്ഹോളുകളെ കുറിച്ച് നമ്മുക്കറിയാം. ഉയർന്ന തോതിൽ ഗുരുത്വാകർശണശക്തിയുള്ള പ്രകാശമുൾപ്പെടെ എന്തും അകത്തേക്ക് വലിച്ചെടുക്കുന്ന ഈ കറുകറുത്ത ഗർത്തങ്ങൾ അങ്ങ് ശൂന്യാകാശത്താണ്. എന്നാൽ അത്രയും ഭീകരൻ അല്ലെങ്കിലും പ്രകാശം വലിച്ചെടുക്കുന്ന കാര്യത്തിൽ തമോഗർത്തങ്ങളോട് മത്സരിക്കുന്ന ഒരു 'ഭീകരൻ' ഇങ്ങു ഭൂമിയിലുമുണ്ട്. മുടിനാരിനെക്കാൾ 50,000 മടങ്ങ് നേർത്ത കാർബൺ നാനോ ട്യൂബുകൾ കൊണ്ട് നിർമിച്ച ഈ പദാർത്ഥത്തെ ശാസ്ത്രജ്ഞന്മാർ വിളിക്കുന്നത് 'കറുത്തതിൽ കറുത്തത്(ബ്ളാക്കസ്റ്റ് ബ്ളാക്ക്)' എന്നാണ്. മാസച്ചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ(എം.ഐ.ടി) ശാസ്ത്രഞ്ജന്മാരാണ് ഈ അതിവിചിത്ര വസ്തുവിനെ വികസിപ്പിച്ചെടുത്തത്.
ഇത് കണ്മുന്നിൽ വച്ചാൽ അന്തരീക്ഷത്തിൽ ഒരു ദ്വാരം ഉണ്ടായത് പോലെയുള്ള പ്രതീതിയാണ് ലഭിക്കുക. കാരണം, ഈ വസ്തു വെളിച്ചത്തിന്റെ 99.9 ശതമാനവും വലിച്ചെടുക്കുന്നു എന്നതാണ് കാരണം. ഒരു വസ്തുവിൽ വെളിച്ചം പതിച്ച് അത് കണ്ണിലേക്ക് എത്തുമ്പോൾ മാത്രമാണ് ആ വസ്തുവിനെ കാണാനാകുക എന്നിരിക്കെ ഈ കറുകറുപ്പൻ വസ്തുവിൽ പ്രയോഗത്തിൽ വെളിച്ചമൊന്നും എത്തുന്നില്ല. ഒരു തരത്തിലും പ്രകാശത്തെ പുറപ്പെടുവിക്കുന്നത് തടയാനാകാത്ത 16 കാരറ്റ് വജ്രം പോലും ഈ വസ്തുവിന്റെ മുന്നിൽ തോൽക്കുകയായിരുന്നു. ദൂരെയുള്ള നക്ഷത്ര സമൂഹങ്ങളെ കണ്ടെത്താൻ ടെലിസ്കോപ്പുകളിലും, അലങ്കാരവസ്തുവായും ഈ പദാർത്ഥത്തെ ഉപയോഗപ്പെടുത്താം എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതിനുമുൻപ് വാന്റബ്ലാക്ക് എന്ന വസ്തുവിനെയായിരുന്നു ഏറ്റവും കറുത്തത് എന്ന് വിലയിരുത്തിയിരുന്നത്. എന്നാൽ വാന്റബ്ളാക്കിനെ പോലും നിഷ്പ്രയാസം പരാജയപ്പെടുത്തിയിരിക്കുകയാണ് 'കറുപ്പിൽ കറുപ്പൻ.'