ഞങ്ങളുടെ സ്വപ്നമായിരുന്നു ചൈന. ഒട്ടും പ്രതീക്ഷിക്കാതെ ഐ.ആർ.സി.ടി.സിയുടെ പാക്കേജ് ടൂർ അറിയിപ്പ് വന്നപ്പോൾ മുപ്പത്തിയഞ്ചുപേരുടെ ഗ്രൂപ്പിൽ ഞങ്ങളും ഉൾപ്പെട്ടു. ചൈനയിലെ പ്രധാന നഗരങ്ങളായ ബീജിംഗും ഷാങ്ഹായുമായിരുന്നു തിരഞ്ഞെടുത്തത്. ബാംഗ്ളൂരിലായിരുന്നു തുടക്കം. അവിടെ നിന്നും അഞ്ചരമണിക്കൂർ യാത്രയ്ക്ക് ശേഷം രാവിലെ ഹോംങ്കോംഗിലെത്തി. ഇന്ത്യൻ സമയത്തേക്കാൾ അരമണിക്കൂർ മുമ്പാണ് ചൈനീസ് ഘടികാരങ്ങൾ. അവിടെ നിന്നും ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുള്ള കാത്തേ ഡ്രാഗൺ വിമാനത്തിൽ ബീജിംഗിലേക്ക് തിരിച്ചു. ഹോങ്കോം ഗ് - ബീജിംഗ് വിമാനയാത്ര സമയദൈർഘ്യം മൂന്നര മണിക്കൂറാണ്. വൈകിട്ട് നാലുമണിയോടെ ബീജിംഗിലെത്തി. മറ്റുരാജ്യങ്ങളേക്കാൾ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ സുതാര്യവും ലളിതവും അതു പോലെ രാജ്യസുരക്ഷ ഉറപ്പാക്കുന്നതുമാണെന്ന് അവിടെ എത്തിയപ്പോൾ തന്നെ മനസിലായി. അവിടെ ഇംഗ്ലീഷ് സംസാരിക്കുന്ന ചൈനീസ് ഗൈഡ് ഹാരീസ് എന്ന് ഇംഗ്ലീഷ് പേരുള്ള ടിൻബിൻ ഒരു ബസുമായി ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. സമയം അഞ്ചര. വൈകിട്ട് നേരെ പോയത് 2008 ലെ ബീജിംഗ് ഒളിമ്പിക്സ് നടന്ന നാഷണൽ സ്റ്റേഡിയത്തിലേക്കാണ്. 'ബേർഡ്സ് നെസ്റ്റ് " എന്നാണ് ഇത് അറിയപ്പെടുന്നത്. സ്റ്റേഡിയം കണ്ടതിന് ശേഷം ഇന്ത്യൻ റെസ്റ്റോറന്റിൽ അത്താഴവും കഴിച്ച് ഒരു ബ്രൈറ്റ് കൾച്ചർ ഹോട്ടലിൽ മൂന്നുദിവസത്തേക്ക് ചെക്ക് ഇൻ ചെയ്തു.
കാഴ്ചകളുടെ പറുദീസ
അടുത്ത ദിവസം രാവിലെ എട്ടുമണിയോടെ ചൈനീസ് പ്രഭാത ഭക്ഷണം ഹോട്ടലിലെ റെസ്റ്റോറന്റിൽ നിന്നും കഴിച്ചു. ടിയാനൻ മെൻസ്ക്വയർ, ഫോർ ബിഡൻ സിറ്റി, സമ്മർ പാലസ് എന്നിവയായിരുന്നു അന്നു പോകേണ്ട സ്ഥലങ്ങൾ. ഒരിക്കൽ കുപ്രസിദ്ധിയാർജിച്ച ടിയാനൻ മെൻസ്ക്വയർ ഇന്ന് ലോകമെമ്പാടുമുള്ളവരെ ആകർഷിക്കുന്ന വിനോദകേന്ദ്രമാണ്. 999 1/2 മുറിയുള്ള ഫോർബിഡൻ സിറ്റി എന്ന കൊട്ടാരവും അതിന്റെ സുരക്ഷാമതിൽകെട്ടുകളും അതിശയിപ്പിക്കുന്നത് തന്നെ. മിങ്-ക്വ്യുങ് എന്നീ രാജവംശങ്ങളുടെ 500 ഓളം വർഷങ്ങൾ നീണ്ടുനിന്ന ഭരണസിരാകേന്ദ്രമാണ് ആ കൊട്ടാരം. ടിയാനെൻ മെൻസ്ക്വയറിന്റെയും ഫോർബിഡൻ സിറ്റിയുടെയും മധ്യഭാഗത്ത് മെഴുക് പ്രതിമ പോലെ പട്ടാളക്കാർ ഒരു സ്തൂപത്തിന് താഴെ നിശ്ചലമായി നിൽക്കുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്. ഉച്ചഭക്ഷണത്തിന് ശേഷം പേൾ ഫാക്ടറിയിലേക്കായിരുന്നു യാത്ര. കക്ക ജീവിക്കുന്ന വെള്ളത്തിന്റെ പ്രത്യേകത കൊണ്ടാണ് വിവിധ നിറങ്ങളിൽ പേൾ ഉണ്ടാകുന്നതെന്ന് അറിഞ്ഞപ്പോൾ അത്ഭുതം തോന്നി. ഇരുമ്പ് സത്ത് കൂടുതലുള്ള വെള്ളത്തിൽ നിന്നും കറുത്ത പേളുകൾ, കാത്സ്യം കൂടുതലുള്ള വെള്ളത്തിൽ വളരുന്ന കക്കകളിൽ നിന്നും വെളുത്ത പേളുകൾ അങ്ങനെയാണ് ഈ വർണവൈവിദ്ധ്യം സംഭവിക്കുന്നത്. അതിന് ശേഷം സമ്മർ പാലസിലേക്കായിരുന്നു യാത്ര. തടാകത്തിന്റെ കരയിലൂടെയുള്ള സഞ്ചാരം കാറ്റിന്റെ കുളിർമയിൽ ക്ഷീണം അകറ്റുന്നതും സുഖകരവുമായിരുന്നു. ഞങ്ങൾ രണ്ടുപേർ ഉൾപ്പെട്ട ഗ്രൂപ്പ് ചൈനീസ് ഒളിമ്പിക്സിന്റെ ഓപ്പണിംഗ് ആൻഡ് ക്ലോസിംഗ് സെറിമണിയുടെ സംവിധായകൻ ലിൻ ഷൂസെൻ രൂപകൽപ്പന ചെയ്ത 'ഗോൾഡൻ മാസ്ക് ഡൈനാസ്റ്റി" എന്ന മെഗാഷോ കാണാനായി പോയി. ജീവിതത്തിൽ മറക്കാനാകാത്ത വർണ വിസ്മയങ്ങളുടെ ത്രസിപ്പിക്കുന്ന അനുഭവം സമ്മാനിച്ച ഒരു മണിക്കൂർ. അതിമനോഹരവും അത്ഭുതപ്പെടുത്തുന്നതുമായ ഒരു കാഴ്ചയായിരുന്നു അത്.
ഒഴുകുന്ന വൻമതിൽ
പിറ്റേദിവസം രാവിലെ തന്നെ ചൈനയിലെ വൻമതിൽ കാണാനായി പുറപ്പെട്ടു. ചെറിയ ചില സന്ദർശനങ്ങൾക്ക് ശേഷം ഉച്ചയോടെ 34 ഡിഗ്രി ചൂടിൽ ചൈനയുടെ വൻമതിലിൽ എത്തിയപ്പോൾ കണ്ടത് ജനങ്ങൾ ഒഴുകുന്ന (കയറിയിറങ്ങുന്ന) മതിലുകളാണ്. 5000, 6000, 8000 കിലോ മീറ്റർ ദൈർഘ്യമുള്ള മൂന്ന് മതിലുകളാണ് ചൈനയുടെ വൻമതിലിന്റെ ഭാഗമായിട്ടുള്ളത്. ഞങ്ങൾ എത്തിച്ചേർന്നത് 6000 കി.മീ നീളമുള്ള മതിലിന്റെ തുടക്കത്തിലാണ്. ഈ മതിലിന്റെ തുടക്കം ജുയോങ് പാസ് എന്നാണ് അറിയപ്പെടുന്നത്. ഷിങ് രാജവംശമാണ് ആദ്യമായി ചൈന ഭരിച്ച രാജവംശം. ആദ്യത്തെ ചൈനീസ് സാമ്രാജ്യമാണ് ചിൻ. ചിൻ രാജവംശത്തിലുള്ള 304 രാജാക്കൻമാരുടെ കാലത്താണ് പ്രശസ്തമായ ഈ വൻമതിലുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. മതിലിന്റെ മുകളിലുള്ള വീതിയും ഉയരവും കൂടിയ പടവുകളിൽ ചവിട്ടി ക്കയറുക എന്നത് ശ്രമകരമാണ്. എങ്കിലും പിന്മാറിയില്ല. യാക്സിയു എന്ന ചൈനീസ് മാർക്കറ്റായിരുന്നു പിന്നീട് സന്ദർശിച്ചത്. അവിടെ ചൈനയുടെ തനതായ കരകൗശല സാധനങ്ങൾ വിൽക്കുന്നതിനായി നിരത്തിവച്ചിട്ടുണ്ട്. അവിടെയുള്ള സാധനങ്ങൾ എല്ലാം ഗുണനിലവാരമുള്ളതും വിലകൂടിയതുമാണ്. അന്ന് വൈകുന്നേരം ഒരു കുങ്ഫു ഷോ കാണാനായി പോയി. കുങ്ഫു, മാജിക്, ഡാൻസ്, കോമഡി എന്നിവയുടെയെല്ലാം ഒരു സമ്മിശ്ര അവതരണമായിരുന്നു ആ ഷോ. കലാപ്രതിഭകളുടെ പരിശീലനം, കൃത്യത, സൂക്ഷ്മത, ശ്രദ്ധ എന്നീ ഘടകങ്ങൾ എടുത്ത് പറയേണ്ടവ തന്നെ. അന്നത്തെ ഇന്ത്യൻ റെസ്റ്റോറന്റിലെ അത്താഴ ഭക്ഷണത്തോടൊപ്പം ഒരു നർത്തകിയുടെ ബെല്ലി ഡാൻസും ഉണ്ടായിരുന്നു. ഇതോടു കൂടി മലകളുടെ നാടായ ബീജിംഗിലെ മൂന്ന് ദിവസത്തെ ഞങ്ങളുടെ സന്ദർശന പരിപാടികൾ അവസാനിച്ചു.
പഴയതും പുതിയതുമായി ഷാങ്ഹായ് പട്ടണം
അടുത്ത ദിവസം രാവിലെ 6.30 ന് തന്നെ ഹോട്ടലിൽ നിന്നും ഷാങ്ഹായി ലേക്ക് ബുള്ളറ്റ് ട്രെയിൻ പിടിക്കുന്നതിനായി ഞങ്ങൾ പുറപ്പെട്ടു. ഷാങ്ഹായ് റെയിൽവേ സ്റ്റേഷൻ ഒരു അന്താരാഷ്ട്ര വിമാനത്താവളം പോലെതന്നെ തോന്നും. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് ഭാവിയിൽ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് നിഷേധിക്കുമെന്ന് ഇംഗ്ലീഷിൽ അനൗൺസ് ചെയ്യുന്നത് കേൾക്കാമായിരുന്നു. ബീജിംഗിൽ നിന്ന് ഷാങ്ഹായിലേക്കുള്ള ദൂരം 1350 കി.മീ. അതായത് കൊച്ചിയിൽ നിന്നും മുംബയ് വരെയുള്ള ദൂരം. ബുള്ളറ്റ് ട്രെയിനിൽ കേവലം നാലേകാൽ മണിക്കൂറിൽ 341 കി.മീറ്റർ/മണിക്കൂർ വേഗതയിൽ ആണ് യാത്ര ചെയ്തത്. ഇത്രയും വേഗതയിലാണ് ട്രെയിൻ പോകുന്നതെന്ന് പുറത്തെ കാഴ്ചകൾ കണ്ടാൽ തോന്നില്ല. പണം കൊടുത്താൽ ഭക്ഷണവും ഇതിൽ ലഭ്യമാണ്. വിമാനത്തിലെ പോലെ തന്നെ ഹോസ്റ്റസ്മാരുമുണ്ട്. ട്രെയിനിനുള്ളിലെ വൃത്തിയും വെടിപ്പുമുള്ള ടോയ്ലറ്റുകൾ, സീറ്റുകൾ എല്ലാം ഒരു വലിയ വിമാനത്തിലെ പോലെ തന്നെ. പുറത്തെ കാഴ്ചകൾ അതിമനോഹരമായിരുന്നു. നീണ്ടുനിവർന്ന് കിടക്കുന്ന കൃഷിയിടങ്ങളാണ് നോക്കെത്താദൂരത്തോളം. ഇടയ്ക്കിടെ കൃഷിക്കാർ കൂട്ടത്തോടെ താമസിക്കുന്ന മനോഹരങ്ങളായ ചെറിയ ചെറിയ വീടുകൾ, ജലസ്രോതസുകൾ പ്രത്യേകിച്ച് ആമ്പൽ പൂക്കൾ നിറഞ്ഞ കുളങ്ങൾ.എല്ലാം സുന്ദരം. കൃഷി ചെയ്യാതെ വെറുതെയിട്ടിരിക്കുന്ന സ്ഥലങ്ങളോ, റെയിൽവേ ട്രാക്കിന്റെ പരിസരത്ത് മാലിന്യ കൂമ്പാരങ്ങളോ ഒന്നും കാണാൻ കഴിഞ്ഞില്ല. ട്രെയിൻ ഇടയ്ക്ക് ജിനൻ എന്ന ചെറിയ പട്ടണത്തിന്റെ സ്റ്റേഷനിലും നാഞ്ചിംഗ് എന്ന സ്റ്റേഷനിലും രണ്ട് മിനിറ്റ് വീതം നിറുത്തുകയുണ്ടായി. ഷാങ്ഹായ് റെയിൽവേ സ്റ്റേഷനും ഒരു അന്താരാഷ്ട്ര വിമാനത്താവളത്തെ വെല്ലുന്ന രീതിയിൽ തന്നെ. ഷാങ്ഹായ് പട്ടണം പുതിയതും പഴയതും ഉണ്ട്. പഴയ ഷാങ്ഹായിൽ പുരാതന രീതിയിലുള്ള നിർമ്മാണങ്ങളും ചെറിയ കെട്ടിടങ്ങളുമാണ്. എന്നാൽ പുതിയ ഷാങ്ഹായ് 1998 ൽ ചതുപ്പ് നിലം നികത്തി കെട്ടിപടുത്തി എടുത്തതാണ്. പുതിയ ഷാങ്ഹായിൽ ബഹുനില കെട്ടിടങ്ങളും, ആധുനിക രീതിയിലുള്ള നിർമ്മാണങ്ങളും, ചില്ലുകൊട്ടാരങ്ങളും കൊണ്ട് സമ്പദ്സമൃദ്ധമാകുന്നു. എന്നാൽ വൃത്തിയുടെ കാര്യത്തിൽ പഴയതും പുതിയതുമായ ഷാങ്ഹായ് ഒരേ പോലെ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഏഷ്യയിലെ ഒരു പ്രമുഖ തുറമുഖ പട്ടണമായത് കൊണ്ട് ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ചൈനയുമായി കച്ചവടം നടത്തിയിരുന്നത് ഷാങ്ഹായ് തുറമുഖം വഴിയാണ്. അഞ്ച് ലെവൽ ഉള്ള ഫ്ളൈഓവറുകൾ, തൂക്കുപാലം, നദിക്ക് അടിയിലൂടെയുള്ള ചൈനയിലെ നീളം കൂടിയ ടണൽ എന്നിവ പുതിയതും പഴയതുമായ ഷാങ്ഹായ് നഗരത്തെ കൂട്ടി യോജിപ്പിക്കുന്നു.
ചരിത്രം വിളിച്ചോതുന്ന കാഴ്ചകൾ
പ്രസിദ്ധമായ ജെഡ് ബുദ്ധാക്ഷേത്രത്തിലേക്കായിരുന്നു അടുത്ത സന്ദർശനം. ഈ ക്ഷേത്രത്തിൽ ബുദ്ധന്റെ വിവിധ തരത്തിലുള്ള പ്രതിമകൾ ഉണ്ടെങ്കിലും പ്രധാനമായിട്ടുള്ളത് ജെഡിൽ കൊത്തിയ വലിയ ബുദ്ധപ്രതിമയാണ്. കൊടുങ്കാറ്റിൽ നിന്നും ഷാങ്ഹായിയെ രക്ഷിക്കുന്നതിന് വേണ്ടി 1882 ൽ അന്നത്തെ രാജാവ് നിർമ്മിച്ചതാണ് ഈ ക്ഷേത്രം. 1979 മുതൽ ഏത് മതത്തിലും ജനങ്ങൾക്ക് വിശ്വസിക്കാനും ആരാധിക്കാനുമുള്ള അവകാശം സർക്കാർ നൽകിയിട്ടുണ്ട്. എങ്കിലും 73 ശതമാനം ജനങ്ങളും ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഏറ്റവും വലിയ മതമായ ബുദ്ധമതത്തിൽ വിശ്വസിക്കുന്നത് 18 ശതമാനം ആളുകളാണ്. ബാക്കി ഒൻപത് ശതമാനം ആൾക്കാർ മുസ്ലിം/ ക്രിസ്ത്യൻ വിശ്വാസികളും. ഇതിന് ശേഷം നേരെ പോയത് ഒരു സിൽക്ക് ഫാക്ടറി സന്ദർശനത്തിനാണ്. പട്ടുനൂൽ പുഴുക്കളിൽ നിന്നും സിൽക്ക് വേർതിരിച്ച് എടുക്കുന്ന കാഴ്ച അത്ഭുതമുളവാക്കി. ഉച്ചഭക്ഷണത്തിന് ശേഷം ഷാങ്ഹായ് മ്യൂസിയം കാണാനായി പുറപ്പെട്ടു. ഒന്നര മണിക്കൂറോളം അകത്ത് കയറാൻ വേണ്ടി കാത്ത് നിൽക്കേണ്ടി വന്നു. പുരാതന ചൈനയുടെ സംസ്കാരം വെളിപ്പെടുത്തുന്നതാണ് ഈ മ്യൂസിയം. നാലു നിലകളുള്ള വലിയ കെട്ടിടത്തിൽ പതിനൊന്നു ഗാലറികളിലായി വിവിധ കാലഘട്ടത്തിലുള്ള നാണയങ്ങൾ, ചൈനീസ് പാത്രങ്ങൾ, പെയിന്റിംഗുകൾ, ഫർണിച്ചറുകൾ, ആഭരണങ്ങൾ, പ്രതിമകൾ തുടങ്ങിയവ അടുക്കും ചിട്ടയോടും കൂടി പ്രദർശിപ്പിച്ചിരിക്കുന്നു. പിന്നീട് ഇവിടെ നിന്നും നേരെ പോയത് പീപ്പിൾസ് സ്ക്വയറിലേക്കാണ്. പോകുന്ന വഴി സോംഗ് യുൻ ടവർ മാർക്കറ്റ് വഴി നടന്നാണ് പോയത്. പുരാതന ചൈനീസ് സംസ്കാരം വിളിച്ചോതുന്ന ദീപാലങ്കൃതമായ മനോഹരങ്ങളായ കെട്ടിടങ്ങളാണ് സോംഗ് യുൻ ടവർ മാർക്കറ്റിൽ ഉള്ളത്. ജനനിബിഡമായ മാർക്കറ്റായിട്ടും വൃത്തിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അവർ തയ്യാറല്ല. പിന്നീട് ഷാങ്ഹായ് സെൻട്രൽ പ്ലാസയിൽ അക്രോബാറ്റ് ഷോ കാണാനായി പോയി. ഏകദേശം ഒന്നേകാൽ മണിക്കൂർ നീണ്ടു നിന്ന ഈ പ്രദർശനം കണ്ടപ്പോൾ മനസിലായി, എന്തുകൊണ്ടാണ് ജിംനാസ്റ്റിക്കിൽ ചൈന എപ്പോഴും എല്ലാ മെഡലും കരസ്ഥമാക്കുന്നതെന്ന്.
ചൈന അതിശയിപ്പിക്കും
പിറ്റേദിവസത്തെ കാഴ്ചകൾ അത്ഭുതവും അതിശയവും സമ്മാനിച്ചവയാണ്. ചൈനയ്ക്ക് മാത്രം അവകാശപ്പെടാവുന്ന ലോകത്തിലെ ഏറ്റവും വേഗത കൂടിയ മാഗ്നെറ്റിക് ട്രെയിനിൽ കയറി യാത്ര ചെയ്യാൻ സാധിച്ചു. മണിക്കൂറിൽ 431 കി.മീറ്ററാണ് വേഗത. ഇപ്പോഴത് പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് ഓടിക്കുന്നത്. ബുള്ളറ്റ് ട്രെയിനിന്റെ ഇരട്ടി വേഗതയിൽ അതായത് വിമാനത്തിന് തുല്യവേഗതയിൽ ഓടിക്കാനുള്ള ശ്രമത്തിലാണ് ചൈനാക്കാർ. മാഗ്നെറ്റിക് ട്രെയിൻ എന്ന അതിശയത്തിൽ നിന്നും മറ്റൊരു അത്ഭുതലോകത്തേക്കാണ് ഞങ്ങളെ കൊണ്ട് പോയത്. 474 മീറ്റർ ഉയരമുള്ള സ്കൈവാക് കെട്ടിടത്തിലേക്ക്. ഇതിൽ മൂന്നാമത്തെ നിലയിൽ നിന്നും 94 ാമത്തെ നിലയിലേക്ക് ഒരു മിനിറ്റിലാണ് ലിഫ്റ്റിൽ എത്തിയത്. നൂറാമത്തെ നിലയിലാണ് സ്കൈവാക്ക് ഒരുക്കിയിരിക്കുന്നത്. അവിടെ നിന്ന് തറയിൽ പതിച്ചിരിക്കുന്ന കണ്ണാടി ചില്ല് വഴി താഴേക്കുള്ള കാഴ്ച അതിമനോഹരമാണ്. കൂടാതെ ഷാങ്ഹായ് നഗരം ഇരുവശത്തുമുള്ള ചില്ല് ഭിത്തികളിൽ കൂടി കാണാൻ സാധിക്കുന്നത് അത്ഭുതപ്പെടുത്തി. ഈ കെട്ടിടം പുതിയ ഷാങ്ഹായിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നദിക്ക് അടിയിലൂടെയുള്ള റെൻമിൻ ടണൽവഴിയാണ് ഞങ്ങൾ നദികടന്ന് പഴയ ഷാങ്ഹായിൽ എത്തിയത്. രണ്ട് വൻ പട്ടണങ്ങളിൽ മൂന്ന് ദിവസം വീതം താമസിച്ചിട്ടും പൊലീസിനെയോ പട്ടാളത്തെയോ വിരളമായി മാത്രമാണ് കണ്ടത്. സിസിടിവികൾ ചൈനയുടെ മുക്കിലും മൂലയിലും സ്ഥാപിച്ചിട്ടുണ്ട്. പൊതുനിരത്തിൽ എന്നപോലെ സ്വകാര്യവാഹനങ്ങൾ ഒഴികെ മറ്റ് വാഹനങ്ങളിലും കാമറ ഘടിപ്പിച്ചിട്ടുണ്ട്.
പച്ച പുതച്ച പട്ടണം
വായുമലിനീകരണത്തെ നിയന്ത്രിക്കാനായി പട്ടണങ്ങളിലെല്ലാം വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഒരു വൃക്ഷം എങ്ങനെ വളരണമെന്നും, എത്ര ഉയരം എത്തുമ്പോഴാണ് ശിഖരങ്ങൾ ഉണ്ടാകേണ്ടതെന്നും അവർ തീരുമാനിക്കുന്നു. അതിനായി ഓരോ മരത്തിന്റെയും കുറെ ഭാഗങ്ങൾ കയറുകൊണ്ട് വരിഞ്ഞിട്ട് മരം മുറുക്കി താങ്ങ് കൊടുത്തിരിക്കുന്നു. ബീജിംഗിൽ വിവിധ തരത്തിലുള്ള വൃക്ഷങ്ങൾ കാണാൻ കഴിഞ്ഞുവെങ്കിലും ഷാങ്ഹായിൽ ഭൂരിപക്ഷവും മൾബറി വൃക്ഷങ്ങളാണ്. റോഡരികിൽ തോരണങ്ങളോ, ഫ്ലക്സ് ബോർഡുകളോ, പരസ്യങ്ങളോ ഇല്ല. റോഡിൽ ഒരു വാഹനവും പാർക്ക് ചെയ്യാൻ അനുവാദമില്ല. ഫുട്പാത്തിൽ തട്ടുകടകളോ, പെട്ടി കടകളോ മറ്റുകച്ചവടങ്ങളോ നടത്തുന്നത് കടുത്ത നിയമലംഘനമാണ്.
ഒരിടത്തും ഭിക്ഷാടകരെ കാണാൻ കഴിഞ്ഞില്ല. എല്ലാ മേഖലകളിലും കൂടുതൽ സ്ത്രീകളെയാണ് ജോലിയിൽ വ്യാപൃതരായി കണ്ടത്. ആരെയും പേടിക്കാതെ രാത്രി വൈകിയും സ്ത്രീകൾ ഒറ്റയ്ക്ക് സഞ്ചരിക്കുന്നു. പട്ടണത്തിൽ ധാരാളം പൊതുസ്ഥലങ്ങളുണ്ട്. അവിടെ കുട്ടികൾക്ക് കളിക്കാനും മുതിർന്നവർക്ക് വിശ്രമിക്കാനുമായി പ്രത്യേകം സ്ഥലങ്ങളൊരിക്കിയിട്ടുണ്ട്. അതുപോലെ പരസ്യങ്ങൾക്ക് വേണ്ടി കൂറ്റൻ ഇലക്ട്രോണിക്ക് ബോർഡുകളും സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ചെറിയ കച്ചവടക്കാർ കളിക്കോപ്പുകളും ബലൂണുമായി കഴുത്തിൽ ഫോട്ടോ പതിപ്പിച്ച ഐ.ഡി കാർഡോടുകൂടി വിൽപ്പന നടത്തുന്നത് കണ്ടു. സ്ത്രീകൾ കൂട്ടമായി തുറസായ സ്ഥലങ്ങളിൽ നൃത്ത പരിശീലനങ്ങളിൽ ഏർപ്പെടുന്നതും കാണാൻ കഴിഞ്ഞു.
തുടർച്ചയായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു കാഴ്ച. എല്ലാ റോഡുകളിലും സൈക്കിളിന് പ്രത്യേക പാത ഒരുക്കിയിട്ടുണ്ട്. ആശുപത്രികൾ മുഴുവനും സർക്കാർ മേൽനോട്ടത്തിലാണ്. ഡോക്ടർമാർക്ക് സ്വന്തമായി കൺസൾട്ടേഷൻ ക്ലിനിക്കുകൾ മാത്രം നടത്താൻ സർക്കാർ അനുവാദം നൽകുന്നുണ്ട്. അങ്ങനെയൊരുപാട് കാഴ്ചകളും അത്ഭുതങ്ങളും ഇനിയും ഇവിടെയുണ്ട്. വെറുമൊരു യാത്രാവിവരണത്തിൽ ഒതുങ്ങുന്നതല്ല ചൈന. മടക്കയാത്രയിൽ മനസ് പറഞ്ഞത് ഇവിടെയും കുറിക്കുന്നു, ചൈനയിൽ നിന്നും നാം ഒരുപാട് പഠിക്കാനുണ്ട്. അതെ, ചൈന ഒരുപാട് കാര്യങ്ങൾക്ക് മാതൃകയാണ്. വിദേശ യാത്രകൾക്കൊരുങ്ങുമ്പോൾ ഇനി ചൈന എന്ന രണ്ടക്ഷരവും മനസിൽ നിറയട്ടെ. കാഴ്ചകളും അത്ഭുതങ്ങളുമായി ഈ വലിയ നാട് സഞ്ചാരികളെ സദാ സ്വാഗതം ചെയ്യും.