
ഒന്നു മുതൽ നൂറു വരെ എണ്ണാൻ അറിയുന്നവർ ആരെങ്കിലുമുണ്ടോയെന്ന് ടീച്ചർ ചോദിച്ചപ്പോൾ എഴുന്നേറ്റു നിന്ന് തനിക്ക് ആയിരം വരെ എണ്ണാനറിയാമെന്ന് പറഞ്ഞ രണ്ടാംക്ലാസുകാരൻ ശ്രീധരൻ അന്നേ തെളിയിച്ചതാണ് കണക്കിനോടുള്ള തന്റെ പ്രണയം. ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കണക്കിലല്ലേ മാഷേ എന്ന് പറഞ്ഞാൽ അദ്ദേഹം തിരുത്തും. അല്ല, പ്രപഞ്ചത്തിന്റെ സ്പന്ദനം തന്നെ കണക്കാണ്...കണക്കെഴുതിയെഴുതി പള്ളിയറ ശ്രീധരൻ എന്ന കണക്ക് മാഷ് തന്റെ പേരിൽ എഴുതിച്ചേർത്തത് റെക്കാഡ് ആണ്, ഇന്ത്യൻ ഭാഷകളിൽ കണക്ക് വിഷയമാക്കി ഏറ്റവുമധികം പുസ്തകങ്ങളെഴുതി എന്ന റെക്കാഡ്.
കൂട്ടിയും കുറച്ചും തുടങ്ങിയ കണക്ക് ചരിതം
കണ്ണൂർ എടയന്നൂരാണ് പള്ളിയറ ശ്രീധരന്റെ ജന്മസ്ഥലം. അച്ഛന് ചായക്കടയുണ്ടായിരുന്നു. അവിടെ സഹായിക്കാൻ ചെറിയ പ്രായത്തിലേ പോയിത്തുടങ്ങി. കടയിൽ വരുത്തുന്ന പത്രത്തിൽ നിന്ന് അച്ഛൻ വാർത്ത വായിച്ചുകൊടുത്തും വായിക്കാൻ പഠിപ്പിച്ചും കുഞ്ഞുശ്രീധരനെ അക്ഷരങ്ങൾ പരിചയപ്പെടുത്തി. സ്കൂളിൽ പോകുന്നതിനുമുമ്പ്അക്ഷരങ്ങളും അക്കങ്ങളും പഠിച്ചത് അങ്ങനെയാണ്. നാല് വയസുമുതൽ കടയിൽ വരുന്നവരോട് കാശ് വാങ്ങിയും ബാക്കി കൊടുത്തും കണക്ക് എളുപ്പത്തിൽ പഠിച്ചെടുത്തു. പിന്നീട് സ്കൂൾ ജീവിതകാലത്തും കണക്കിനോടുള്ള പ്രണയം കൈവിട്ടില്ല. മറ്റു വിഷയങ്ങളോടും ഇഷ്ടം തന്നെയായിരുന്നു ശ്രീധരന്.  ഒരുതരി ഇഷ്ടക്കൂടുതൽ അന്ന് മലയാളത്തോട് ഉണ്ടായിരുന്നു. മട്ടന്നൂർ പഴശിരാജാ എൻ.എസ്.എസ് കോളേജിലെ കോളേജ് വിദ്യാഭ്യാസകാലത്ത് ചെറുകഥകളെഴുതി സാഹിത്യത്തിൽ പ്രവേശിച്ചു. എടയന്നൂരിലെ ആദ്യ ബിരുദധാരിയായിരുന്നു  ശ്രീധരൻ. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം പഠിച്ച സ്കൂളിൽ തന്നെ അദ്ധ്യാപകനായി. കണക്ക് പഠിപ്പിക്കുന്ന അദ്ധ്യാപകൻ തന്നെ. അക്കാലത്താണ് ഒരു സുവനീറിൽ 'കണക്കിൽ സാധാരണയായി വരുന്ന തെറ്റുകൾ" എന്ന വിഷയത്തിൽ ഒരു ലേഖനമെഴുതുന്നത്. അത് വായിച്ച ഒരു സഹപ്രവർത്തകൻ പറഞ്ഞു, കഥയും കവിതയുമൊന്നുമല്ല, ഇതുപോലുള്ള ലേഖനങ്ങളാണ് വിദ്യാർത്ഥി സമൂഹത്തിന് ആവശ്യം. ആ വാക്കുകൾ തന്ന ഊർജത്തിന് പുറത്ത് കുറച്ച് ലേഖനങ്ങളെഴുതി പുസ്തകമാക്കി. അതാണ്  'പ്രകൃതിയിലെ ഗണിതം". സംസ്ഥാനത്തെ മികച്ച സ്കൂളിനുള്ള അവാർഡ് നിർണയത്തിനായി തിരുവനന്തപുരത്ത് നിന്നും എത്തിയ സംഘത്തിന്റെ കണ്ണിൽ മാഷിന്റെ പുസ്തകം പെട്ടു. ആ സംഘത്തിന്റെ ഡയറക്ടർ ഒരു കണക്ക് മാഷായിരുന്നു. അദ്ദേഹത്തിന് ശ്രീധരന്റെ പുസ്തകം ഇഷ്ടപ്പെട്ടു. കണക്കെഴുത്ത് തുടരണമെന്നും തനിക്കതിനുള്ള കഴിവുണ്ടെന്നും സ്നേഹത്തോടെ ഉപദേശിച്ചു. പിന്നീടാണ് കണക്കെഴുത്ത് സീരിയസായത്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ടെക്സ്റ്റ്ബുക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്തി. 27 വർഷമാണ് അദ്ധ്യാപകർക്കുള്ള കൈപ്പുസ്തകങ്ങൾ എഴുതുന്ന കമ്മിറ്റിയിൽ പള്ളിയറ പ്രവർത്തിച്ചത്.
ആരും സഞ്ചരിക്കാത്തകണക്കിന്റെ വഴികൾ
കണക്ക് എന്ന ഒറ്റ വിഷയം കേന്ദ്രമാക്കി 140 പുസ്തകങ്ങളാണ് ഇദ്ദേഹം രചിച്ചിരിക്കുന്നത്. കവിത, കഥ, നാടകം, ജീവചരിത്രം, സർവവിജ്ഞാനകോശം, നോവൽ തുടങ്ങി ഒരു ഭാഷയിലെ സാഹിത്യശാഖയിലുണ്ടാകുന്ന എല്ലാ ചേരുവകളും കണക്കെന്ന ഒറ്റ പാത്രത്തിൽ പാകം ചെയ്ത ഏക വ്യക്തിയാണ് പള്ളിയറ ശ്രീധരൻ എന്ന മാഹാപ്രതിഭ. കണക്ക് വായിക്കാനും പഠിക്കാനും ഇഷ്ടമല്ലാത്തവരെക്കൂടി വായിപ്പിക്കുന്ന മാജിക് അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളിലുമുണ്ട്. ലളിതമായ കണക്കിൽ ഏത് വലിയ തിയറിയേയും എളുപ്പത്തിൽ വ്യാഖ്യാനിക്കുന്ന ആവിഷ്കാര രീതിയാണ് അദ്ദേഹത്തിന്റേത്. തന്റെ എഴുത്തിന്റെ രീതിയിലാണ് അദ്ദേഹം കുട്ടികളെ പഠിപ്പിച്ചതും. കഥകളിലൂടെയും കളികളിലൂടെയും കുട്ടികളെ കണക്കിന്റെ കൂട്ടുകാരാക്കി. പഠിപ്പിക്കൽ കളികളിലൂടെയായപ്പോൾ പാഠങ്ങൾ തീരാനും സമയമെടുത്തു. അതൊന്നും മാഷിന്റെ വിഷയമല്ലായിരുന്നു. വെറുതെ പഠിപ്പിച്ചുപോകൽ ആയിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. ഗണിതം ഒരു അക്കാഡമിക് വിഷയം മാത്രമല്ല, നിത്യജീവിതത്തിൽ ഒഴിച്ചുകൂടാത്ത സർവവ്യാപിയാണെന്ന തിരിച്ചറിവ് കുട്ടികളിൽ വേരുറപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
കണക്കെഴുത്തിനായി സർവീസ് ആറ് വർഷം ബാക്കിനിൽക്കുമ്പോൾ ജോലി രാജിവച്ച വിപ്ലവകാരി കൂടിയാണ് മാഷ്. അദ്ധ്യാപക ജോലി നൽകുന്ന സുരക്ഷിതത്വത്തിന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ കണക്ക് പ്രേമം. പിന്നീട് മുഴുവൻ സമയവും എഴുത്തിനായി മാറ്റിവച്ചു. കമ്പ്യൂട്ടർ കേരളത്തിൽ പരിചിതമാകുന്നതിന് മുൻപേ കമ്പ്യൂട്ടറിനെപ്പറ്റി പുസ്തകമെഴുതിയിട്ടുണ്ട് പള്ളിയറ. ആഴമുള്ളതും പരന്നതുമായ വായനാശീലമാണ് പുസ്തകങ്ങളുടെയെല്ലാം പിന്നിലെ ഊർജ്ജം. അന്ന് കണക്കിനെപ്പറ്റിയുള്ള പുസ്തകങ്ങൾ വളരെ കുറവാണ്. മലയാളത്തിൽ രണ്ടോ മൂന്നോ പുസ്തകങ്ങളേയുള്ളൂ. ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ മാസത്തിലൊരു തവണയെങ്കിലും തിരുവനന്തപുരത്ത് വരും. അവിടെയുള്ള ലൈബ്രറിയിൽ നിന്നാണ് പുസ്തകരചനയ്ക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നത്. അന്ന് ഒരു പുസ്തകമെഴുതുക എന്നത് ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. 'ഗണിത ശാസ്ത്രജ്ഞർ" എന്ന പുസ്തകം 200 ഗണിതശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങളുടെ സംഗ്രഹമാണ്. അന്ന് അതിനുവേണ്ട വിവരങ്ങൾ ശേഖരിക്കുക എളുപ്പമല്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. എന്താണ് വേണ്ടതെന്ന് നെറ്റിൽ സെർച്ച് ചെയ്താൽ സെക്കന്റുകൾക്കുള്ളിൽ വിവരങ്ങൾ ലഭിക്കും. പുസ്തകങ്ങളെ ആർക്കും വേണ്ടാതായതിന്റെ പിന്നിലെ കാരണവും ടെക്നോളജിയുടെ വളർച്ച തന്നെയാണ്. ഇന്ന് കണക്ക് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പ്രസാധകർക്ക് മടിയാണ്, ചെലവാകില്ലത്രേ. അവരെ കുറ്റം പറയാനും സാധിക്കില്ലല്ലോ, പള്ളിയറ പറഞ്ഞു.
കുട്ടികളാണ് ഊർജം
ഒരുപാട് കുട്ടികൾ ഇപ്പോഴും പുസ്തകങ്ങളെപ്പറ്റി നല്ല അഭിപ്രായങ്ങളുമായി എത്താറുണ്ട്. അതാണ് ഏറ്റവും വലുത്. അവർക്കുവേണ്ടിയാണ് താൻ പ്രവർത്തിക്കുന്നത്, അപ്പോൾ അവരുടെ അംഗീകാരത്തേക്കാൾ വലുതായി എന്താണുള്ളതെന്നാണ് മാഷിന്റെ ചോദ്യം. കുട്ടികളെ ശാസ്ത്രത്തോടും ഗണിതത്തോടും അടുപ്പിക്കാനുള്ള ശ്രമമാണ് എക്കാലവും പള്ളിയറ ശ്രീധരൻ നടത്തിയിട്ടുള്ളത്. അദ്ധ്യാപനം, ടെക്സ്റ്റ്ബുക്ക് കമ്മിറ്റിയിലെ പ്രവർത്തനം, കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടറായുള്ള നീണ്ട കാലത്തെ സേവനം, 2016 മുതൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, തളിര് മാസികയുടെ പത്രാധിപർ എന്നീ നിലകളിലെ പ്രവർത്തനങ്ങളെല്ലാം അതിന് ഉദാഹരണമാണ്. കണ്ണൂർ സയൻസ് പാർക്കിന്റെ വളർച്ചയുടെ ഓരോ അണുവിലും പള്ളിയറ ശ്രീധരന്റെ പ്രവർത്തനങ്ങളുണ്ട്. നിരവധി ആനുകാലികങ്ങളിൽ ഗണിതപംക്തികൾ അദ്ദേഹം ഇന്നും കൈകാര്യം ചെയ്യുന്നു. സംസ്ഥാന അദ്ധ്യാപക അവാർഡ്, ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാനസർക്കാരിന്റെ പുരസ്കാരം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികകൃതിക്കുള്ള അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ  ലഭിച്ചിട്ടുണ്ട്. കണക്കെഴുത്തിന്റെ 45-ാം വർഷത്തിലും ജീവിതത്തിന്റെ 70ാം വർഷത്തിലും എത്തിനിൽക്കുമ്പോൾ കുട്ടികളും അവർക്കായി തനിക്ക് ചെയ്യാൻ കഴിയുന്നതും തന്നെയാണ് പള്ളിയറ മാഷിന്റെ ഉള്ളിൽ.
പരാതിയില്ല ഒന്നിനോടും
അർഹിച്ച  അംഗീകാരം  അദ്ദേഹത്തിന്  കിട്ടിയോ എന്ന് ചോദിച്ചാൽ സംശയമാണ്. സ്വന്തം ജീവിതത്തേക്കാളുപരി കണക്ക് എന്ന വിഷയത്തെ സ്നേഹിച്ച പള്ളിയറ ശ്രീധരൻ എന്ന അദ്ധ്യാപകൻ പലയിടത്തും  തള്ളപ്പെട്ടവൻ  തന്നെയാണ്. കണക്കിൽ ഇത്രയും പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിച്ച അദ്ദേഹത്തിനെ തെല്ല് അദ്ഭുതത്തോടെയും പുച്ഛത്തോടെയും നോക്കിയവർ കുറവില്ല. പല അവാർഡ് കമ്മിറ്റികളും കണക്കിന്റെ പുസ്തകങ്ങളെ നിഷ്കരുണം തള്ളി. മറ്റേതെങ്കിലും വിഷയത്തിലാണ് ഇത്രയും ശാഖയിൽപ്പെട്ട പുസ്തകങ്ങൾ എഴുതിയിരുന്നതെങ്കിൽ സ്ഥിതി ഇതായിരിക്കുമായിരുന്നില്ല. സംസ്ഥാനത്ത് ശാസ്ത്രമേളയ്ക്ക് പുറമേ ഗണിതമേള പ്രത്യേകമായി ആരംഭിക്കാൻ മുൻകൈ എടുത്തത് മാഷാണ്. ആ തീരുമാനം നടപ്പാക്കാൻ അദ്ദേഹം ഏറെ പണിപ്പെട്ടു. ബന്ധപ്പെട്ട അധികൃതരെ പറഞ്ഞ് മനസിലാക്കി, മേളയുടെ നിയമങ്ങളും നിയമാവലികളും എഴുതിയുണ്ടാക്കി, പത്ത് വർഷത്തോളം ഗണിതശാസ്ത്രമേളയുടെ അമരക്കാരനായി പ്രവർത്തിക്കുകയും ചെയ്തു.
ഇനിയും എഴുതണം, കഴിയുന്നത്ര
സംസാരിച്ചുകൊണ്ടിരിക്കവേ ഒരുകെട്ട് പേപ്പർ കൊണ്ടുവന്ന് കാണിച്ചുകൊണ്ട് മാഷ് പറഞ്ഞു, ഞാൻ എഴുതാൻ പോകുന്ന പുതിയ പുസ്തകത്തിനുവേണ്ടിയുള്ള കുറിപ്പുകളാണിതെല്ലാം. എത്ര വാക്കുകളാണ് ചെറിയ കാലയളവിനുള്ളിൽ നമുക്കിടയിൽ നിന്ന് മാഞ്ഞുപോയത്. ഭാഷയിൽ നിന്ന് നമ്മൾ മറന്നുപോയ വാക്കുകളേയും പ്രയോഗങ്ങളേയും കണ്ടുപിടിച്ച് അതൊരു പുസ്തകമാണ് ഇനി ലക്ഷ്യം. അതിനു വേണ്ടിയുള്ള ശ്രമത്തിലാണിപ്പോൾ. പലരോട് ചോദിച്ചും ഓർമകളിൽ തിരഞ്ഞും വിവരശേഖരണം നടത്തികൊണ്ടിരിക്കുന്നു. കണക്ക് സംബന്ധിച്ചുള്ള മറ്റൊരു പുസ്തകം അവസാനഘട്ടത്തിലാണ്. എഴുത്തിന്റെ വർഷങ്ങൾ ഒരുപാട് പിന്നിട്ടിട്ടും പുതിയ വിഷയങ്ങളെ കണ്ടുപിടിച്ച് മാഷ് തന്റെ എഴുത്തുയാത്ര തുടരുന്നു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ചുമതലയേറ്റതിൽ പിന്നെ തിരുവനന്തപുരത്താണ് താമസം. നാട്ടിൽ ഭാര്യ സംഘമിത്രയും മകൻ അഭിലാഷുമുണ്ട്.