ഒറ്റനോട്ടത്തിൽ ഇതെന്താണെന്നു കണ്ടുപിടിക്കാൻ പ്രയാസമായിരിക്കുമെന്നു അറിയാം. സാധാരണഗതിയിൽ ഇത് അത്ര എളുപ്പം നമ്മുടെ ദൃഷ്ടിയിൽപെടുന്നതോ അഥവാ കണ്ടാൽ തന്നെ വേഗം കാമറയിൽ പകർത്താനോ പറ്റാത്ത ഒരു അപൂർവസീനാണ്. ലോഹത്തിൽ തീർത്ത ഏതോ ബാരലിന്റെയോ ടിന്നിന്റെയോ ഭാഗമാണെന്ന് തോന്നാം. പ്രകൃതി അതിവിദഗ്ധമായി ചെയ്തിരിക്കുന്ന ഡിസൈനിംഗ് കൊണ്ട് അങ്ങനെ തോന്നിക്കുന്നതാണ്.മാക്രോ ഷോട്ടുകൾ എടുക്കുന്ന ബുദ്ധിമുട്ടുകൾ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ. പ്രത്യേകിച്ചും ചലിക്കുന്ന സബ്ജക്ടുകളാണെങ്കിൽ. എളുപ്പവഴിയിൽ ക്രിയ ചെയ്യാനാണല്ലോ എല്ലാവർക്കും താത്പര്യം. ശലഭങ്ങളെക്കുറിച്ചു വലിയ ഗ്രന്ഥങ്ങൾ ഇറക്കിയ പലരും ഇത്തരം എളുപ്പമാർഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ശലഭങ്ങളുടെ ഏതുപോസിലെയും ലൈറ്റപ്പ് ചെയ്ത വളരെ നല്ല ചിത്രങ്ങൾ ആ പുസ്തകങ്ങളിൽ കാണാം. ശലഭങ്ങൾ ചെടികളിലോ പൂക്കളിലോ ഇരുന്നാൽ അവക്കുമേൽ ബോഡിസ്പ്രേ പോലുള്ള മറ്റൊരുതരം സ്പ്രേ അടിക്കുന്നു. അപ്പോൾ അവ മരവിച്ചതുപോലെ ഒരു നിർജ്ജീവ അവസ്ഥയിലാകുന്നു.
ഉറക്ക ഗുളികയോ മയക്കുമരുന്നുകളോ പാനീയങ്ങളിൽ ചേർത്ത് മനുഷ്യരെ അബോധാവസ്ഥയിലാക്കുന്നപോലെയുള്ള പണിയാണ് ഇത് മത്തുപിടിച്ചപോലെയിരിക്കുന്ന ശലഭങ്ങളെ ആവശ്യമുള്ള ലൈറ്റുകൊടുത്ത് ഇഷ്ടപ്പെട്ട രീതിയിൽ പകർത്താൻ പിന്നെ ആർക്കാണ് കഴിയാത്തത്? വളരെ ആക്ടീവായി ഒരു പൂവിൽ നിന്ന് മറ്റൊന്നിലേക്ക് മാറിമാറി പറന്നു നടക്കുന്ന ശലഭത്തിന്റെ ഒരു നല്ല ചിത്രമെടുക്കണമെങ്കിൽ ക്ഷമയോടും സംയമനത്തോടും എത്ര സമയമാണ് ചെലവഴിക്കേണ്ടിവരുമെന്നു പറയാനാവില്ല.ഇന്ത്യയിലും പുറംരാജ്യങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ട എന്റെ ചിത്രങ്ങളിൽ ഒന്നാണ് ഇത്. നേരത്തെ പറഞ്ഞ എളുപ്പവഴികളൊന്നുമില്ലാതെ എടുത്ത ഒരു മാക്രോ ഷോട്ട്. ഏവർക്കും സുപരിചിതമായ ഹൗസ് ഫ്ളൈ എന്ന നാടൻ ഈച്ച മുട്ടയിടുന്നതിന്റെ ദൃശ്യമാണ് ഇത്. ഈച്ചയുടെ പിൻഭാഗവും നനവോടെ മുട്ട പുറത്തേക്കു വരുന്നതും വ്യക്തമായി കാണാം. നഗ്നനേത്രങ്ങൾ കൊണ്ട് ഇത്ര സ്പഷ്ടമായി ഈ കാഴ്ച കാണാനാവുമെന്ന് തോന്നുന്നില്ല. ഒരു ഈച്ചയുടെ ആകെ വലിപ്പം, നമുക്ക് അവയെ സമീപിക്കാവുന്ന അകലം, കൃത്യമായി ഇതു പകർത്തിയെടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ഇവകൂടി കൂട്ടത്തിൽ ഓർക്കുക!