രാജ്യാന്തര തലത്തിൽ പ്രശസ്തിയാർജിച്ച ഹൃദ്രോഗശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ. ചന്ദ്രമോഹൻ സപ്തതി നിറവിലാണ്. ഹൃദയ ഭിത്തി മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ഇന്ത്യയിൽ ആദ്യമായി വിജയകരമായി ചെയ്തത് അദ്ദേഹമായിരുന്നു. ഹൃദയം തുറന്നുള്ള ആയിരത്തിൽപ്പരം ശസ്ത്രക്രിയകളും അയ്യായിരത്തോളം ഹൃദയ വാൽവ് ശസ്ത്രക്രിയകളും നടത്തിയിട്ടുണ്ട്. 1999 ജനുവരി ഒൻപതിനു കോട്ടയം അതിരമ്പുഴ സ്വദേശിക്കു ചെയ്യേണ്ടി വന്ന ഹൃദയഭിത്തി മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ലോകത്ത് മൂന്നാമത്തെയും ഇന്ത്യയിൽ രണ്ടാമത്തേതുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠനം നടത്തി പിന്നാലെ ഏറെക്കാലം കോട്ടയം മെഡിക്കൽ കോളജിന്റെ ശ്രദ്ധാകേന്ദ്രമായി. എത്ര ഗുരുതരാവസ്ഥയിൽ എത്തിച്ചേരുന്ന രോഗിക്കും കൂടെയുള്ളവർക്കും ആശ്വാസം പകർന്നുകൊണ്ടുള്ള ഡോക്ടറുടെ സംസാരം ഏറെ ശമനമാകുന്നുവെന്ന് അനുഭവസാക്ഷ്യം നിരത്തുന്നവരാണ് ഡോ. പി ചന്ദ്രമോഹനെ ഒരുവട്ടമെങ്കിലും സന്ദർശിച്ചവർ.
തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരാണ് ജന്മദേശം. മേലാപ്പുറത്തു പത്മനാഭന്റെയും ഭവാനിയമ്മയുടെയും മകൻ. വൈദ്യശാസ്ത്ര രംഗത്തെന്നപോലെ വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ സമർപ്പിച്ചശേഷമാണ് സർക്കാർ സേവനത്തിൽ നിന്നും പടിയിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ബിരുദാനന്തര ബിരുദ പഠന കാലത്തെ ഒരു സംഭവം ഇപ്പോഴും മനസിൽ മായാതെ നിലകൊള്ളുന്നതായി ഡോക്ടർ സ്വകാര്യ സംഭാഷണങ്ങളിൽ പങ്കു വയ്ക്കാറുണ്ട്. അനശ്വരനായ വയലാർ രാമവർമ്മ അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയവെ സ്തംഭിച്ചു പോയ വയലാറിന്റെ ഹൃദയം കൃത്രിമ ശ്വാസം നൽകി ഒരു വേള നിലനിറുത്താൻ കഴിഞ്ഞതാണ് ആ സംഭവം. സംസ്ഥാനത്ത് ആദ്യമായി കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ശ്രദ്ധേയനായ ഡോ. വി. എൻ. മണിയും അന്നു ചന്ദ്രമോഹനൊപ്പം പഠനം നടത്തുന്നുണ്ടായിരുന്നു. ചികിത്സയ്ക്കു നേതൃത്വം നൽകിയ ഡോ. റോയി ചാലിക്കൊപ്പമായിരുന്നു താനും ഡോ. മണിയും നിർണായകമായ പങ്കു വഹിച്ചതെന്നും ഇതുവഴി ഒരു ദിവസം കൂടി വയലാറിനു ജീവൻ നിലനിർത്താനായെന്നും ഡോ. ചന്ദ്രമോഹൻ ഓർത്തെടുക്കുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ സേവനകാലം ചന്ദ്രമോഹന്റെ കർമ്മ മേഖലയിലെ അവിസ്മരണീയ കാലമായിരുന്നു. ഒപ്പം വൈദ്യശാസ്ത്ര മേഖലയിൽ ശ്രദ്ധേയമായ പല സംഭാവനകളും കാഴ്ച വയ്ക്കുകയും ചെയ്തു. കോട്ടയത്തിന്റെ പൊതു ജീവിതത്തിൽ നിറസാന്നിദ്ധ്യവുമായി. കോട്ടയം മെഡിക്കൽ കോളജിന്റെ നാനാവിധത്തിലുള്ള വികസനത്തിനും ഇന്നു കാണുന്നതും രോഗികൾക്കനുഭവിക്കാനാകുന്നതുമായ പല പദ്ധതികളും നടപ്പിലായതു ചന്ദ്രമോഹൻ മെഡിക്കൽ കോളജിന്റെ ഭരണം നിർവഹിച്ച കാലയളവിലായിരുന്നു. കോട്ടയം ദന്തൽ കോളജ് എന്ന ആശയം മുന്നോട്ടു വച്ചതും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ദന്തൽ കോളജുകളിലൊന്നാക്കി മാറ്റുന്നതിനുള്ള അടിത്തറ പാകിയതും അദ്ദേഹമായിരുന്നു. അക്കാദമിക് രംഗത്ത് കോട്ടയം മെഡിക്കൽ കോളജ് സമുച്ചയത്തിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന മൂന്നാംഘട്ടം രൂപകല്പന ചെയ്തു സർക്കാരിനെ കൊണ്ട് അംഗീകരിപ്പിച്ചു യാഥാർത്ഥ്യമാക്കിയതിന്റെ പിന്നിലെ ചാലക ശക്തിയും മറ്റാരുമായിരുന്നില്ല. മെഡിക്കൽ കോളജ് ആശുപത്രി സമുച്ചയത്തിന്റെ ഭാഗമായ സാൻഡ് വിച്ച് ബ്ലോക്ക്, പൊടിപാറ ബ്ലോക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഹോസ്റ്റൽ, നഴ്സിംഗ് കോളജ് ഹോസ്റ്റലിന്റെ രണ്ടാം ഘട്ടം തുടങ്ങി നിർമ്മാണ പ്രവർത്തനങ്ങളുടെ ഒരു ശൃംഖല തന്നെ ഡോ. ചന്ദ്രമോഹന്റെ കാലഘട്ടത്തിൽ നിർമ്മാണോത്സവം എന്നു നാമകരണം ചെയ്തു കൊണ്ടുള്ള സമയബന്ധിത പരിപാടിയിലൂടെ തുടക്കമിടാൻ കഴിഞ്ഞു. ഇന്നത്തെ അത്യാഹിത വിഭാഗ സമുച്ചയം ഡോ. ചന്ദ്രമോഹന്റെ കാലഘട്ടത്തിൽ പൊതുജനപങ്കാളിത്തത്തിലൂടെ വിപുലമായ സൗകര്യങ്ങളോടു കൂടിയ ട്രോമ കെയർ സെന്ററിനു വേണ്ടി രൂപകല്പന ചെയ്തിട്ടുള്ളതായിരുന്നു.
കുട്ടികളുടെ ആശുപത്രിയിൽ ഒരു കാൻസർ സെന്റർ എന്നത് ഡോ. ചന്ദ്രമോഹന്റെ സ്വപ്നപദ്ധതിയായിരുന്നു. ഇതും ബഹുജന പങ്കാളിത്തത്തോടുകൂടി പൂർത്തിയാക്കാൻ കഴിഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ ആദ്യമായി ഫൈനൽ എം.ബി.ബി.എസിന് നൂറു ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞത് ഡോ. ചന്ദ്രമോഹൻ പ്രിൻസിപ്പലായിരുന്ന കാലയളവിലാണ്. അന്ന് കോട്ടയം മെഡിക്കൽ കോളജിലുണ്ടായിരുന്ന ഡോ. വൈദ്യനാഥൻ, ഡോ. പി. ടി തോമസ്, ഡോ. ആർ ദയാനന്ദ ബാബു, ഡോ. ആർ. വി ജയകുമാർ, ഡോ. ആർ. എൻ ശർമ്മ, ഡോ. രാജൻ, ഡോ. സുഷമ, തുടങ്ങിയ പ്രഗത്ഭമതികളായ അദ്ധ്യാപകരുടെ സമർപ്പിതമായ സഹകരണത്തിലൂടെയാണ് സാധിച്ചതെന്നു ഡോ. ചന്ദ്രമോഹൻ ഓർമ്മിക്കുന്നു. നിർജീവമായിരുന്ന പി.ടി.എയിൽ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി അദ്ധ്യാപകരും രക്ഷകർത്താക്കളും കൈകോർത്ത് ഒരുമയോടെ ഓരോ കുട്ടിയുടെയും ബൗദ്ധികവും വൈകാരികവും കായികവുമായ വളർച്ചക്കു വേണ്ടി അനവരതം പരിശ്രമിച്ചതിന്റെ നല്ല ഫലങ്ങളിലൊന്നായിട്ടാണ് ഈ വിജയത്തെ ഡോക്ടർ കാണുന്നത്. പിൽക്കാലത്ത്, മെഡിക്കൽ കോളേജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി, ഡെപ്യൂട്ടി സൂപ്രണ്ട്, സൂപ്രണ്ട്, വൈസ് പ്രിൻസിപ്പാൾ, പ്രിൻസിപ്പാൾ തുടങ്ങിയ നിലകളിൽ സേവനം അർപ്പിച്ച് മെഡിക്കൽ കോളജിന്റെ പടിയിറങ്ങിയ ചന്ദ്രമോഹൻ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറായിട്ടാണ് വിരമിച്ചത്.
ശ്രീനാരായണ ഗുരുദേവ ഭക്തനായി ശ്രീനാരായണ ദർശനത്തിന്റെ പ്രചാരകനായി വേദികളിൽ നിറയുമ്പോഴും ഇതര ക്ഷേത്രങ്ങളിലും മറ്റു മതചടങ്ങുകളിലും സാംസ്കാരിക, സാമൂഹിക മേഖലകളിലുമൊക്കെ ഡോക്ടർ നാട്ടുകാരുടെ ഇഷ്ടക്കാരനായിത്തീർന്നു. ആതുര ശുശ്രൂഷ രംഗത്തെ സർക്കാർ സേവനം അവസാനിച്ചപ്പോൾ വിദ്യാഭ്യാസ മേഖലയിലേക്കാണ് സംസ്ഥാന സർക്കാർ ചന്ദ്രമോഹന്റെ സേവനം വിനിയോഗിച്ചത്. കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിലാണ് ചെന്നെത്തിയത്. ഏറെ ആദരവുകൾ ഏറ്റുവാങ്ങിയാണ് തന്റെ ദൗത്യം പൂർത്തീകരിച്ച് വൈസ് ചാൻസലർ പദവിയൊഴിഞ്ഞത്. അതുകഴിഞ്ഞ് കർണ്ണാടകയിലെ ഏനപ്പോയ് യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസലർ പദവി. പിന്നീട് ഗോകുലം മെഡിക്കൽ കോളജിൽ മുഖ്യസ്ഥാനം അലങ്കരിച്ചു. കരിയറിൽ ഇത്രയധികം നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ കുടുംബത്തിന്റെ പൂർണമായ പിന്തുണയുള്ളതുകൊണ്ടാണെന്ന് ചന്ദ്രമോഹൻ പറയുന്നു. വ്യവസായ പ്രമുഖനായിരുന്ന വർക്കല എസ്. രാഘവന്റെ മകൾ ലേഖയാണ് സഹധർമ്മിണി. മക്കൾ ഡോ. പത്മരാഗ്, ഡോ. ശബരി, ഡോ. അശ്വതി.
ലേഖകന്റെ ഫോൺ : 9447551499