മലയാളിയുടെ ഭാവനയ്ക്കും ദർശന ചിന്തയ്ക്കും പുതിയൊരു വിഷയം സംഭാവന ചെയ്തിരിക്കുകയാണ് എം.കെ. ഹരികുമാറിന്റെ നവാദ്വൈതം. ഹരികുമാർ സാഹിത്യജീവിതത്തിന്റെ തുടക്കം മുതൽ പുലർത്തിപ്പോന്ന ആത്മീയാഭിമുഖ്യം കൗതുകകരമാണ്. മതേതരവും സാഹിത്യപരവുമായ ഒരു പുതിയ സൗന്ദര്യബോധത്തിലേക്ക് ധീരമായി, ചിലപ്പോൾ പ്രകോപനങ്ങൾ സൃഷ്ടിച്ചുകൊണ്ടും അദ്ദേഹം നടന്നുപോകുന്നത് വായനയെ ഗൗരവമായി കാണുന്നവരിൽ ആകാംക്ഷയും വിസ്മയവുമാണ് ജനിപ്പിച്ചിട്ടുള്ളത്. വാസ്തവത്തിൽ 'ആത്മായനങ്ങളുടെ ഖസാക്ക് " (1984) എന്ന കൃതിയിൽതന്നെ ഹരികുമാറിന്റെ പ്രപഞ്ചനിഗൂഢതയോടുള്ള സമീപനവും അതിൽ നിന്ന് സാഹിത്യകലയെ കാലോചിതമായി നവീകരിക്കാനുള്ള പേശീബലവും വ്യക്തമായിരുന്നു. ഞാൻ അവിടം മുതൽ അദ്ദേഹത്തിന്റെ രചനാപരമായ സംരംഭങ്ങളെ പരമാവധി പിന്തുടരാൻ ശ്രമിച്ചിട്ടുണ്ട്.
ഹരികുമാർ നവാദ്വൈതം എന്നുപ്രയോഗിച്ചത് വേദാന്തത്തെയോ അദ്വൈതത്തെയോ ഒന്ന് പുതുക്കാനോ വീണ്ടും അവതരിപ്പിക്കാനോ അല്ല. മറിച്ച് തന്റേതായ ഒരു ദർശനത്തെ പരിചയപ്പെടുത്താനാണ്. ശ്രീനാരായണഗുരുവിന്റെ അദ്വൈതം പോലും പറഞ്ഞു പഴകിയ ഒരു വേദാന്തത്തിൽനിന്ന് പുറത്തുകടക്കാനുള്ളതാണ്. അതായത് മനുഷ്യന്റെ ചിന്തയുടെ വികാസത്തിനും സമകാലികമായ പ്രശ്നങ്ങളെ ഉൾക്കൊള്ളാനും അദ്വൈതത്തെ ഉപയോഗിക്കേണ്ടതെങ്ങനെയെന്നാണ് ഗുരു പഠിപ്പിച്ചത്. അടിസ്ഥാന ചിന്തയിൽനിന്ന് ഉണ്ടാകുന്ന വികിരണം പ്രധാനമാണ്. മനുഷ്യൻ അവനെ സ്വയം മനസിലാക്കണം. അതിനു ധ്യാനത്തെ ഉൾക്കൊള്ളണം. മൈൻഡ് ദ് ഗ്യാപ് എന്ന കൃതിയിൽ ഒരു വ്യക്തി അവനെ തന്നെ നിരീക്ഷിച്ചുകൊണ്ട്, നഷ്ടപ്പെട്ടുപോകുന്ന ബോധനിമിഷങ്ങളെ പൂരണം ചെയ്യുന്ന തരത്തിൽ മനസിനെ സജീവമാക്കണമെന്ന് ഞാൻ എഴുതിയിരുന്നു.
ആത്മീയപ്രശ്നങ്ങളിൽ, ഈ കൃതി സഞ്ചരിക്കാത്ത ലോകങ്ങളില്ല. ഇതുവരെ കാണാത്ത പ്രമേയങ്ങളും ചർച്ചകളുമാണുള്ളത്. തന്റെ നവാദ്വൈതദർശനത്തിലൂടെ ഓരോന്നിനെയും വിശുദ്ധീകരിക്കുന്നു. ഇത് വായിക്കുമ്പോൾ ഗുരു നമ്മുടെ ഹൃദയത്തിലേക്ക് വന്ന് പൂക്കൾ വർഷിക്കുന്നു. ഗുരു സൗമ്യതയുടെയും ധ്യാനത്തിന്റെയും ചിന്തയുടെയും കടലായി മാറുന്നു. ഇത്രയും അർത്ഥവത്തായ, സൗന്ദര്യാത്മകമായ ഒരു കൃതി ശ്രീനാരായണഗുരുവിനെപ്പറ്റി എഴുതപ്പെട്ട സാഹിത്യത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല. ഏറ്റവും സർഗാത്മകമായ, ധിഷണാപരമായ, വിപ്ലവകരമായ ചുവടാണിത്. നാളത്തെ ചർച്ചകളുടെ കേന്ദ്രമാണിത് എന്ന് പറയാൻ എന്നെ അനുവദിക്കുക. ശ്രീനാരായണായയിൽ ഹരികുമാർ എഴുതുന്നു: ''ഞാൻ മനസാകുന്ന നദിയിൽ സ്നാനം ചെയ്യുകയാണ്. അവിടെ അഴുക്കെല്ലാം ഒഴുകിപ്പോകുന്നു. (പേജ് 227). അപരനെ ശുദ്ധീകരിക്കുന്ന ഒരു കടവാണ് എന്റെ മനസ് (പേജ് 227). ഇങ്ങനെ പ്രഭാതത്തിന്റെ ഈഴവം എന്നാൽ പ്രഭാതപൂർണമായ ജീവിതം എന്നായി മാറും (117). ജീവിതം ജഡാവസ്ഥയുടെ മുന്നിലുള്ള നാടകമാണ് (334), ദൈവത്തെ നീ നിർമ്മിച്ചുകൊണ്ടിരിക്കണം (312). ആത്മീയതയിലെത്താൻ അറിവിനെ ഉപേക്ഷിക്കണമെന്ന്, ആത്മാവിനെ അഥവാ സ്വത്വത്തെ വർജിക്കണമെന്ന് തന്നെ സാരം (പേജ് 261)
ഏതാനും വർഷങ്ങൾക്കുമുമ്പ് 'എന്റെ മാനിഫെസ്റ്റോ" വായിച്ചപ്പോൾ ഞാനൊരു ലേഖനം എഴുതിയിരുന്നു. ഇപ്പോൾ 'ശ്രീനാരായണായ" വലിയൊരു അനുഭവമാകുകയാണ്. ഗുരുചിന്തകളുടെ വികിരണമാണ് എനിക്ക് കാണാൻ കഴിഞ്ഞത്. അത് വേറെ ഏതൊക്കെയോ പുതിയ ലോകങ്ങളുടെ വാതിലുകളിൽ മുട്ടുന്നു. അപാരമായ മനുഷ്യജീവിത സാധ്യതകളെ കണ്ടെത്തുന്ന മഹാകൃതിയാണിത്. അതാകട്ടെ, മറ്റൊരിടത്തും കാണാനാവാത്ത തരത്തിലുള്ള രൂപഭംഗിയിലും ഭാഷയിലും.
സാഹിത്യകല കേവലയുക്തിയല്ല; അത് പുതിയൊരു മനുഷ്യനെ അന്വേഷിക്കുന്നു; സൗന്ദര്യത്തെയും. ഇതു രണ്ടും ഹരികുമാറിന്റെ നോവലിലുണ്ട്. അതിനൊപ്പമാണ് നവാദ്വൈതവും ശ്രദ്ധ നേടുന്നത്. ഒരു നൂതന ചിന്താസരണി എന്ന നിലയിൽ, നമ്മുടെ ഉള്ളിലെ ജീവിതത്തിന്റെ സാദ്ധ്യതകൾ ഇത് കാണിച്ചുതരും. നിരന്തരമായ മനനത്തിലൂടെയും അദ്ധ്വാനത്തിലൂടെയും പഠനത്തിലൂടെയുമാണ് ഹരികുമാർ ഇത് സ്വായത്തമാക്കിയത്.
(എം.കെ. ഹരികുമാറിന്റെ
ഫോൺ :9995312097)