സ്ഥലംമാറ്റം കിട്ടിയ സ്കൂളിലെ കുട്ടികൾ ഏതുതരക്കാരായിരിക്കും. പെട്ടെന്ന് അടുക്കുമോ? ജാഡക്കാരായിരിക്കുമോ. സീത ടീച്ചർക്ക് പല സംശയങ്ങളായിരുന്നു. നേരത്തെ പഠിപ്പിച്ചിരുന്ന സ്കൂളിലെ കുട്ടികൾ സ്നേഹമുള്ളവർ. ഭൂരിഭാഗവും സമ്പന്ന വീടുകളിലെ കുട്ടികൾ. തങ്ങളുടെ മലയാളം ടീച്ചർ സ്ഥലം മാറിപ്പോകുന്നതെന്നറിഞ്ഞപ്പോൾ പലരും പൊട്ടിക്കരഞ്ഞു. അത്താഴം കഴിക്കാത്ത കുട്ടികളുമുണ്ട്. അവരെയെല്ലാം ആശ്വസിപ്പിക്കാൻ സീത പാടുപെട്ടു. ആറുമാസത്തിനകം തിരിച്ചെത്താമെന്ന ഉറപ്പും പറയേണ്ടി വന്നു കുട്ടികളെ സാന്ത്വനിപ്പിക്കാൻ.
പുതിയ സ്കൂളിൽ സൗകര്യങ്ങൾ പരിമിതം. നഗരത്തിനും ഗ്രാമത്തിനുമിടയിലെ ഒരു സാദാവിദ്യാലയം. ആട്ടോറിക്ഷാക്കാർ, കൂലിവേലക്കാർ, ഇടത്തരക്കാർ എന്നിവരുടെ കുട്ടികളാണ് അധികവും. പെൺപള്ളിക്കൂടമായതിനാൽ ഇടവേള സമയത്ത് അവർ സീത ടീച്ചറോട് സ്വകാര്യങ്ങൾ പങ്കുവയ്ക്കും. ഓരോ കുട്ടിയുടെയും ജീവിതം എഴുതപ്പെടാത്ത ഓരോ നോവലാണെന്ന് സീത സഹപ്രവർത്തകരോട് പറയാറുണ്ട്. ടീച്ചറോട് കുട്ടികൾ പെട്ടെന്നടുത്തു. എന്തും പറയാം, എപ്പോഴും പറയാം എന്ന ടീച്ചറുടെ വാക്കുകൾ അവർ മുഖവിലയ്ക്കെടുത്തു. രാത്രി ചില കുട്ടികൾ മൊബൈലിൽ വിളിക്കും. കൂട്ടുകാരികൾ പോലും അറിയാത്ത ചില സ്വകാര്യ ദുഃഖങ്ങൾ പറയും. സീത ടീച്ചർ മാറി വന്നശേഷം പത്ത് എയിലെ കുട്ടികൾ കൂടുതൽ സുന്ദരിമാരായെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞത് സീതടീച്ചർ കാര്യമായെടുത്തില്ല. ചില സഹപ്രവർത്തകർ അപ്പോൾ നെറ്റിചുളിച്ചു.
പരാതിയില്ലാതെ കൃത്യമായി ജോലി ചെയ്യുന്നതുകൊണ്ടു തന്നെ കലാസാഹിത്യവേദികളുടെ ചുമലതയും പ്രധാനാദ്ധ്യാപിക സീതയെ ഏൽപ്പിച്ചു. ആ സമയത്താണ് പ്രളയഭീഷണി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സീതയുടെ നേതൃത്വത്തിൽ കുട്ടികൾ അക്ഷീണം പങ്കെടുത്തു. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളായിട്ടും ദുരിതബാധിതരെ സഹായിക്കാനുള്ള അവരുടെ സന്നദ്ധത സീതടീച്ചറെ അതിശയിപ്പിച്ചു. ഇരുന്നൂറ് ചുരിദാറുകളാണ് കുട്ടികൾ പല കടകളിൽ നിന്നായി ശേഖരിച്ചത്. പുതുപുത്തൻ ചുരിദാറുകൾ തരം തിരിക്കുമ്പോൾ പല കുട്ടികളും തങ്ങളുടെ മുഷിഞ്ഞ യൂണിഫോമുകളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ദുരിതാശ്വാസ കളക്ഷൻ സെന്ററിൽ കുട്ടികളെയും കൂട്ടിപ്പോയാണ് സീതയും മറ്റു ടീച്ചർമാരും കൈമാറിയത്.
ആകർഷകമായ ചുരിദാറുകളിലേക്ക് പല പാവപ്പെട്ട കുട്ടികളും ആശയോടെ നോക്കുന്നുണ്ടായിരുന്നു. അങ്ങനെയുള്ള നാലഞ്ചുകുട്ടികളെ അവർ പ്രത്യേകം ശ്രദ്ധിച്ചു. അടുത്തയാഴ്ച അഞ്ചുകുട്ടികളെ സീത നേരത്തെ വരാൻ നിർദ്ദേശിച്ചു. സ്റ്റാഫ് മുറിയിൽ വച്ച് അവർക്ക് അഞ്ചുകവറുകൾ നൽകി. എന്താണ് ടീച്ചർ, അവർ ആകാംക്ഷയോടെ തിരക്കി. ഇന്നലെ ശമ്പളം കിട്ടി, നിങ്ങൾക്ക് ഒാരോ ചുരിദാർ വാങ്ങി, മറ്റാരോടും പറയേണ്ട. വേണമെങ്കിൽ ദൈവത്തിന്റെ പിറന്നാൾ ദിനത്തിൽ വാങ്ങിത്തന്നതെന്ന് കൂട്ടിക്കോ. എന്തു പറയണമെന്നറിയാതെ കുട്ടികൾ കണ്ണു തുടയ്ക്കുമ്പോൾ ടീച്ചർ കൃത്രിമഗൗരവത്തോടെ പറഞ്ഞു, ഒറ്റയെണ്ണം കരഞ്ഞുപോകരുത്.
(ഫോൺ: 9946108220)