marad

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ളാറ്റുകൾ ഈമാസം 20നകം പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രകാരം ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് നഗരസഭ നൽകിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും.സെപ്റ്റംബർ 10ന് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം ഇന്നലെവരെയായിരുന്നു ഫ്ളാറ്റ് ഒഴിയാനുള്ള സമയപരിധി. എന്നാൽ നോട്ടീസ് ഫ്ലാറ്റ് ഉടമകൾക്ക് വിതരണം ചെയ്തത് പുറപ്പെടുവിപ്പിച്ച തീയതിക്ക് ശേഷമായിരുന്നതിനാലാണ് ഞായറാഴ്ചവരെ സമയപരിധിയാക്കിയത്.

സർക്കാരിന്റെ നിർദേശാനുസരണമായിരിക്കും നഗരസഭ തുടർ നടപടികളിലേക്ക് കടക്കുക. നോട്ടീസിനെതിരെ കോടതിയിൽ ഹർജി നൽകാനാണ് ഫ്ലാറ്റുടമകളുടെ ശ്രമം. കൂടാതെ തങ്ങളുടെ പ്രശ്നത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടുന്നത് പ്രതീക്ഷയോടെയാണ് താമസക്കാർ കാണുന്നത്. ഫ്ലാറ്റ് ഉടമകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് കഴിഞ്ഞദിവസം ഗവർണർ വ്യക്തമാക്കിയിരുന്നു.

ഫ്ലാറ്റുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുമ്പോൾ എത്രപേർക്ക് പുനരധിവാസം അടിയന്തരമായി വേണ്ടിവരും എന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ ഭരണകൂടം നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം സമയപരിധി കഴിഞ്ഞാലും തങ്ങൾ ഒഴിഞ്ഞ് പോകില്ലെന്ന നിലപാടിലാണ് ഫ്ലാറ്റുടമകൾ. ഇവർക്ക് പിന്തുണയുമായി സി.പി.എം ഉൾപ്പെടെ നിരവധി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.