car

കണ്ണൂർ: ദൂരയാത്രയ്‌ക്കും പരിചയമില്ലാത്ത സ്ഥലങ്ങളിലേക്കുമുള്ള യാത്രയ്‌ക്ക് ഇന്ന് പലരും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പിനെയാണ്. വാഹനം ഓടിക്കുന്നവർ ഒരിക്കലെങ്കിലും ഗൂഗിൾ മാപ്പിന്റെ സഹായം തേടിയിട്ടുണ്ടാകും. രാജ്യത്തെ മുക്കും മൂലയിലെയും റോഡുകൾ വരെ രേഖപ്പെടുത്തി വഴി കാണിക്കുന്ന ഗൂഗിൾ മാപ്പ് ചിലപ്പോഴെങ്കിലും ദുരന്തവുമാകാറുണ്ട്. ഗൂഗിൾ മാപ്പ് നോക്കി യാത്ര പോയി മരണം വരെ സംഭവിച്ച നിരവധി വാർത്തകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അത്തരത്തിൽ ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച ഒരു കാർ നേരെ ചെന്നെത്തിയത് കുളപ്പടവിലാണ്. രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രം.

കാഞ്ഞങ്ങാട് നിന്നും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് വന്ന കുടുംബം സഞ്ചരിച്ച കാറാണ് വഴിതെറ്റി കുളപ്പടവിലെത്തിയത്. കാർ കൽപടവുകൾ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയിലാണ് ചെന്നെത്തിയത്. ആഴമേറിയ ചിറയാണ് ഇവിടം. പയ്യന്നൂർ ഭാഗത്തു നിന്ന് ദേശീയപാത വഴി വന്ന കാർ ചിറവക്ക് ജംഗ്ഷനിൽ നിന്ന് കാൽനട യാത്രക്കാർ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു.

ഈ റോഡ് അൽപം മുന്നോട്ടുപോയാൽ നാല് ഏക്കറിൽ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കൽപടവുകളിലാണ് അവസാനിക്കുന്നത്. പെട്ടെന്നു റോഡ് അവസാനിച്ചതറിയാതെ കാർ പടവുകൾ ചാടിയിറങ്ങി. കാർ പെട്ടെന്നു തന്നെ തിരിച്ചതു മൂലം ചിറയിലേക്കു ചാടിയില്ല. പിന്നീട് നാട്ടുകാർ ചേർന്നാണ് കാർ തിരിച്ചുകയറ്റിയത്.