o-rajagopal-

തിരുവനന്തപുരം : തലസ്ഥാനത്തെ ജവഹർനഗറിലെ ഫ്ളാറ്റിൽ താമസിക്കുന്ന നേമം മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ ബി.ജെ.പി നേതാവ് ഒ.രാജഗോപാലിന് പൊലീസ് സുരക്ഷ നൽകാൻ തുടങ്ങിയത് എം.എൽ.എയായതിനു ശേഷമല്ല. തീവ്രവാദികളുടെ ഹിറ്റ്‌ലിസ്റ്റിൽ പേരുള്ളയാളാണ് പൊതുവെ സൗമ്യനായ ഒ.രാജഗോപാലെന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറ ചിലപ്പോൾ വിശ്വസിക്കില്ല. എന്നാൽ തലനാരിഴയ്ക്ക് ജീവൻ തിരികെ കിട്ടിയ കഥ പ്രമുഖ മാദ്ധ്യമത്തിനോട് വെളിപ്പെടുത്തുകയാണ് അദ്ദേഹം.

1998ൽ തമിഴ്നാടിനെ പിടിച്ചുകുലുക്കിയ കോയമ്പത്തൂർ ബോംബ് സ്ഥോടനത്തെ തുടർന്നാണ് ഒ.രാജഗോപാലിന് സുരക്ഷ അനുവദിച്ചത്. കോയമ്പത്തൂരിലെ വേദിയിൽ ബി.ജെ.പിയുടെ മുതിർന്ന നേതാവായ എൽ.കെ.അദ്വാനിക്കൊപ്പം ഒ.രാജഗോപാലും പങ്കെടുക്കേണ്ടതായിരുന്നു. അന്ന് ബി.ജെ.പിയുടെ വൈസ് പ്രസിഡന്റായിരുന്നു ഒ.രാജഗോപാൽ. നാഗർകോവിലിലെ തിരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞായിരുന്നു അദ്വാനിക്കൊപ്പം രാജഗോപാലിനും കോയമ്പത്തൂരിൽ എത്തേണ്ടിയിരുന്നത്. മൂന്ന് മണിക്കായിരുന്നു ഇവിടെ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ നാഗർകോവിലിലെ പ്രചരണ പരിപാടി നേരത്തെ തീരുമാനിച്ചതിലും ഒന്നരമണിക്കൂർ വൈകിയാണ് തീർന്നത്. അതിനാൽ തിരുവനന്തപുരത്തു നിന്നും പ്രത്യേക വിമാനത്തിൽ കോയമ്പത്തൂരിലെത്തിയപ്പോൾ പത്തു മിനിട്ടു വൈകി.

o-rajagopal-

വൈകിയെത്തിയ പത്തുമിനിട്ടിന് തങ്ങളുടെ ജീവന്റെ വിലയുണ്ടായിരുന്നെന്ന് കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അറിഞ്ഞത്. അദ്വാനി പ്രസംഗിക്കേണ്ടിയിരുന്ന ആർ.കെ.പുരത്തെ സമ്മേളന വേദിയിലും അടുത്തുമായി പതിമൂന്ന് ഉഗ്രശേഷിയുള്ള ബോംബുകളാണ് കൃത്യം മൂന്ന് മണിക്ക് പൊട്ടിയത്. തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് അന്നുമുതൽക്കാണ് ഒ.രാജഗോപാലിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്. അത് ഇന്നും തുടരുകയാണ്.

അതേസമയം കെട്ടിവച്ച കാശുപോലും തിരികെ ലഭിക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണ് താൻ പലപ്പോഴും തിരഞ്ഞെടുപ്പിനിറങ്ങിയതെന്നും ഒ.രാജഗോപാൽ തുറന്നു പറയുന്നു. ഇങ്ങനെ ഒരു പാർട്ടിയുണ്ടെന്ന് ജനത്തെ അറിയിക്കുകയായിരുന്നു മുഖ്യം. ഇന്ന് കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഏക പാർട്ടി ബി.ജെ.പിയാണെന്നും അദ്ദേഹം പറയുന്നു. എബ്രഹാം ലിങ്കൺ പതിനഞ്ച് തവണ തോറ്റതിന് ശേഷമാണ് പതിനാറമത്തെ തവണ തിരഞ്ഞെടുപ്പിൽ വിജയിച്ചത്, അതു പോലെ പതിനഞ്ച് തിരഞ്ഞെടുപ്പുകളിൽ തോറ്റതിനു ശേഷമാണ് നേമം എം.എൽ.എയായി ജയിച്ചുകയറിയതെന്നും, ഇനിയൊരു മത്സരത്തിന് താനില്ലെന്നും അദ്ദേഹം പറയുന്നു.